April 23, 2025 4:20 am

ബാറുകളില്‍ കള്ള്; റസ്റ്റോറന്റുകളിൽ ബിയര്‍ വിളമ്പും

തിരുവനന്തപുരം: റസ്റ്റോറന്റുകളിൽ ബിയര്‍, ബാറുകളില്‍ ചെത്തിയ കള്ള് എന്നിവ വില്‍ക്കാനുള്ള നിർദേശം പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തിയേക്കും.

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ടൂറിസം സീസണ്‍ കണക്കാക്കിയായിരിക്കും ഇതിനുള്ള
ലൈസന്‍സ് അനുവദിക്കുക. ഒരു ലക്ഷം രൂപ വരെ ഫീസ് ഇനത്തില്‍ ഈടാക്കിയേക്കും.

ടൂറിസം വകുപ്പ് നല്‍കുന്ന ടൂ സ്റ്റാര്‍ ക്ലാസിഫിക്കേഷനു മുകളിലുള്ള റസ്റ്ററന്റുകളില്‍ ബിയറും വൈനും വിളമ്പാം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ബാറുകളിലും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളിലുമാകും കള്ള് ചെത്തി വില്‍ക്കാനുള്ള ലൈസന്‍സ്.സ്വന്തം വളപ്പിലെ കള്ള് ചെത്തി അതിഥികള്‍ക്കു നല്‍കാം.

ഒന്നാം തീയതിയില്‍ മദ്യശാലകള്‍ അടച്ചിടുന്നത് പിന്‍വലിച്ചാല്‍ അതിലൂടെ 12 ദിവസം അധികമായി പ്രവൃത്തി ദിവസങ്ങള്‍ ലഭ്യമാകും. വരുമാനത്തിലും വലിയ വര്‍ദ്ധനവ് സാദ്ധ്യമാകും. ബിവറേജ് വില്‍പ്പനശാലകള്‍ ലേലംചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്.

നികുതിവരുമാനം കൂട്ടാന്‍ നിശ്ചിതയെണ്ണം ചില്ലറ മദ്യവില്‍പ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാദ്ധ്യതയും പരിശോധിക്കും. മൈക്രോ വൈനറികള്‍ പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു.

മസാലചേര്‍ത്ത വൈനുകള്‍ ഉള്‍പ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാദ്ധ്യതകളും പരിശോധിക്കും.വരുമാനവര്‍ദ്ധനയ്ക്കുള്ള ശുപാര്‍ശകളില്‍ വീഞ്ഞു നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ പിന്തുണ നല്‍കണമെന്നാണ് നിര്‍ദേശം.

ഹോര്‍ട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കും. കയറ്റുമതിക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, അന്തര്‍ദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനപരിശോധിക്കാനും നിര്‍ദേശമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ വിഷയം സര്‍ക്കാര്‍ വിശദമായി ചര്‍ച്ച ചെയ്യും.ഇടത് മുന്നണി യോഗത്തിലും ചര്‍ച്ചയാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News