February 5, 2025 3:26 pm

ഐഎഎസ് തലപ്പത്തെ പോര്: കടുത്ത അതൃപ്തിയിൽ സർക്കാർ

തിരുവനന്തപുരം :സംസ്ഥാനത്ത് ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കിടയിലെ പോര് മൂർച്ഛിക്കുന്നതിനിടയിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെയും അതിലേക്ക് വലിച്ചിഴയ്ക്കുന്നു.

അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച  ഐ എ എസുകാരനായ എൻ പ്രശാന്തിൻ്റെ നീക്കം സർക്കാരിനെ ചൊടിപ്പിക്കുന്നു.

ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് ഇതുസംബന്ധിച്ച കത്ത് പ്രശാന്ത് അയച്ചിട്ടുള്ളത്. കത്തിന് മറുപടി തന്നാലേ ചാർജ് മെമ്മോക്ക് മറുപടി നല്‍കൂവെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.

അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്പെന്‍റ് ചെയ്തത്. തൊട്ടു പിന്നാലെ വകുപ്പ് തല അന്വേഷണത്തിന്‍റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചാർജ് മെമ്മോയും നൽകി.

എന്നാൽ തിരിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയാണ് പ്രശാന്ത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ജയതിലകും ഗോപലകൃഷ്ണനും ആർക്കും പരാതി നല്‍കിയിട്ടില്ല.

പിന്നെ സർക്കാർ സ്വന്തം നിലയിൽ മെമോ നൽകുന്നതിൽ എന്ത് യുക്തിയുണ്ടെന്നാണ് പ്രശാന്തിന്റെ ചോദ്യം. സസ്പെന്‍റ് ചെയ്യുന്നതിന് മുമ്പോ ചാർജ് മെമ്മോ നല്‍കുന്നതിന് മുമ്പോ എന്ത് കൊണ്ട് തന്‍റെ ഭാഗം കേള്‍ക്കാൻ തയ്യാറായില്ല, ചാർജ് മെമ്മോക്കൊപ്പം വെച്ച തന്‍റെ ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ആരാണ് ശേഖരിച്ചത്?

ഏത് സർക്കാർ ഉദ്യോഗസ്ഥന്‍റെ അക്കൗണ്ടിൽ നിന്നാണിത് ശേഖരിച്ചത് ? ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. തനിക്ക് കൈമാറിയ സ്ക്രീന് ഷോട്ടിൽ കാണുന്നത് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങിനെയെങ്കില് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് ചാർജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തം.

ഇതിന് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നാണ് വാദം.സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കിൽ ഇതെങ്ങനെ സര്‍ക്കാരിന്‍റെ ഫയലിൽ കടന്നു കൂടിയെന്ന് അടുത്ത ചോദ്യം? ഐടി നിയമപ്രകാരം സർട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണോ ഡിജിറ്റൽ സ്ക്രീൻ ഷോട്ടുകൾ ശേഖരിച്ചതെന്നും പ്രശാന്ത് ചോദിക്കുന്നു.

കഴിഞ്ഞ 16നാണ് എന്‍ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടതെങ്കിലും ഇത് വരെ മറുപടി നല്‍കിയിട്ടില്ല. ചാർജ്ജ് മെമ്മോക്ക് മറുപടിയായി ചീഫ് സെക്രട്ടറിയോട് തിരിച്ച് ഒരു ഉദ്യോഗസ്ഥൻ വിശദീകരണം തേടുന്നത് അസാധാരണ നടപടിയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News