February 6, 2025 3:19 am

ശബരിമലയിൽ കള്ളക്കളി? ദീപ്തി മേരി വർഗീസ്

ശബരിമല ക്ഷേത്രത്തിലെ ആചാര ലംഘന വിഷയം ഈ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചാവിഷയമായപ്പോൾ ജനങ്ങളെപ്പററിക്കാൻ ഇരട്ട നിലപാട് കൈക്കൊള്ളുകയാ‍ണ് പിണറായി വിജയൻ സർക്കാരെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്.

ഒരു വശത്ത് ദേവസ്വം മന്ത്രി മാപ്പപേക്ഷിക്കുന്നു. മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അദ്ദേഹത്തെ തള്ളിപ്പറയുന്നു. അപ്പോൾ എന്താണ് സർക്കാരിന്റെ നിലപാട് എന്ന ചോദ്യം അവശേഷിക്കുന്നു.

സ്‌ത്രീ – പുരുഷ അസമത്വം ശബരിമലയിൽ ഇല്ലെന്നായിരുന്നു പിണറായി സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നത്. അതായിരുന്നു ശബരിമലയിൽ ഉണ്ടായ കുഴപ്പങ്ങൾക്കെല്ലാം മൂല കാരണം.

ഹിന്ദുമത വിശ്വാസികളോട് ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു അത്. ഹിന്ദു വിശ്വാസികളായ സ്‌ത്രീകളൊന്നും ശബരിമലയിൽ പോകണമെന്ന് ആവശ്യപ്പെട്ടില്ല.രഹ്ന ഫാത്തിമയെപ്പോലെയുള്ള ചില ആക്ടിവിസ്‌ററുകളെയാണ് സുപ്രിംകോടതി വിധിയുടെ പേരിൽ അവിടെ പോലീസ് കാവലിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചത്. അതിന്റെ പേരിൽ എത്രയോ ഭക്തന്മാർക്ക് പോലീസ് മർദ്ദനം അനുഭവിക്കേണ്ടി വന്നു. എന്നിട്ട് അത് നവോത്ഥാനമാണെന്ന് പ്രചരിപ്പിച്ചു. നവോത്ഥാന മതിലും കെട്ടി. ഇപ്പോൾ നിലപാടിൽ മായം ചേർത്തു പ്രചരിപ്പിക്കുന്നു.

യഥാർഥത്തിൽ നവോത്ഥാനവും കമ്യൂണിസ്‌ററുകാരുമായി ഒരു ബന്ധമില്ല. കോൺഗ്രസ്സ് ആയിരുന്നു അതിന് നേതൃത്വം കൊടുത്തതെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാവുമെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു.