February 6, 2025 3:27 am

മലയാളി സ്‌ത്രീകളും മാനസികാരോഗ്യവും

കേരളീയ സ്‌ത്രീകളുടെ മാനസികനില ഒട്ടും ഭദ്രമല്ലെന്ന് പ്രസിദ്ധ മനോരോഗ വിദഗ്ധൻ ഡോ. സി. ജെ.ജോൺ വിലയിരുത്തുന്നു.

കേരളത്തിൽ അവർ വലിയ മെച്ചമായ നിലയിലാണ് അവർ എന്ന് നമ്മൾക്ക് പുറമേയ്‌ക്ക് കാണാം. ഇത്രയേറെ വിദ്യാസമ്പരായ സ്‌ത്രീകൾ ഉള്ള സംസ്ഥാനം വേറെ കാണാൻ ഇടയില്ല. എന്നാൽ വീടുകളിൽ, സമൂഹത്തിൽ അവൾക്ക് തുല്യത ഉണ്ടൊ എന്ന് സംശയിക്കണം. കുടുംബ കോടതികളിൽ വരുന്ന കേസുകൾ തുല്യത എന്നത് ഒരു മിഥ്യയാണെന്ന് തെളിയിക്കുന്നു.

ആർത്തവം, പ്രസവം എന്നിവ സ്‌ത്രീകൾക്ക് ദുരിതകാലമാണ്. മാനസികമായി അവർ ഏററവും ബുദ്ധിമുട്ടുന്ന സന്ദർഭമാണിത്. നവജാത ശിശുക്കളോട് പോലും അവരിൽ ചിലർ ക്രൂരമായി പെരുമാറാറുണ്ട്. ഇതിനു കാരണം മാനസികമായ ചില പ്രശ്നങ്ങൾ ആണ്. ഹോർമോണുകളുടെ ചില മാറിമറിയലുകളാണ് ഇതിന് വഴിയൊരുക്കുന്നത്.

ഒരു സ്‌ത്രീക്ക് തന്റെ ജീവിതചക്രത്തിൽ വിഷാദം, ഉൽകണ്ഠ എന്നീ ഘട്ടങ്ങളിലൂടെ പല തവണ കടന്നു പോകേണ്ടി വരുന്നു. വീട്ടുകാര്യങ്ങൾക്ക് ഒപ്പം ജോലി ചെയ്യുന്ന സ്‌ത്രീ കൂടിയാണെങ്കിൽ അവളുടെ ദുരിതം പറയാനുമില്ല. ഇതിനെല്ലാം പുറമെയാണ് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങൾ.