March 12, 2025 9:24 am

ആരും ഇല്ലാതെ ആകുമ്പോള്‍

ബിനീഷ് പണിക്കര്‍.

ന്തിനാണ് പ്രായമായവരെ ഒറ്റയ്ക്കാക്കുന്നത്? ജീവിതാന്ത്യത്തില്‍ ആരും തുണയില്ലാതെ ഏകാന്തജീവിതം നയിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ നമ്മുടെ സമൂഹത്തിന് ആകുന്നുണ്ടോ? അവരുടെ ഏകാന്തതയും ഒറ്റപ്പെടലും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ നമുക്ക് ആവാതെ പോകുന്നത് എന്തുകൊണ്ടാണ്?

ഏവരും നെഞ്ചേറ്റുന്ന ഗായികയാണ് വാണി ജയറാം. അവരുടെ പാട്ടു കേള്‍ക്കാതെ, അത് നല്‍കുന്ന സ്വച്ഛതകളില്‍ ശിരസ്സുചേര്‍ക്കാതെ ഒരു മലയാളിയുടേയും ദിനങ്ങള്‍ കടന്നുപോകാന്‍ ഇടയില്ല. പക്ഷെ വാണിയമ്മ-അങ്ങനെയാണവരെ അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത്-യുടെ അന്ത്യം എത്രമേല്‍ വേദനിപ്പിക്കുന്ന തരത്തിലായിരുന്നു. രാജ്യം പത്മ പുരസ്‌ക്കാരം നല്‍കി ആദരിച്ച വാണി ജയറാം ചെന്നൈ നഗരത്തിലെ നുങ്കപ്പാക്കത്തുള്ള വസതിയില്‍ മരിച്ചുകിടക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണശേഷം അവര്‍ ഏകയായി താമസിച്ചുവരികയായിരുന്നുവെന്നാണ് മാധ്യമങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. പകല്‍മാത്രം വരാറുള്ള വീട്ടുജോലിക്കാരെ പതിവുപോലെത്തി, വാതിലില്‍ തട്ടിയപ്പോള്‍ തുറന്നില്ല. പോലീസെത്തി ബലം പ്രയോഗിച്ച് അകത്തുകിടന്നപ്പോള്‍ പ്രീയഗായിക മരിച്ച നിലയിലായിരുന്നു. വീണിട്ടാവണം നെറ്റിയില്‍ മുറിവേറ്റിരുന്നു. രാത്രിയിലോ പുലര്‍ച്ചേയോ ഏതോ സമയത്ത് ശാരീരിക അസ്വസ്ഥത മൂലം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണതാവാം.

Symptoms of depression and loneliness in senior citizens: Here's why elders face mental health issues

അവര്‍ മരണവെപ്രാളം പൂണ്ടപ്പോള്‍ ഒരു തുള്ളിവെള്ളം പോലും കൊടുക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല. പണത്തിനും പദവിക്കും ഒരു കുറവുമില്ലാത്ത രാജ്യത്തെ ഒരു സെലിബ്രിറ്റിയ്ക്ക് വന്നുപെട്ട ദുസ്ഥിതി ഇതാണെങ്കില്‍ പുറത്തുവരാത്ത, വാര്‍ത്തകളാവാത്ത നമ്മുടെ എത്ര അമ്മമാരും അച്ഛന്മാരും സഹോദരങ്ങളും സമാനാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകണം, മരിച്ചിട്ടുണ്ടാകണം. വഴിവക്കുകളിലും പൊതു ഇടങ്ങളിലും എത്രയോ പേര്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു, അശരണരായി അലയുന്നു. പരിഷ്‌കൃത സമൂഹം ഇത്തരത്തിലുള്ള ഒറ്റപ്പെടലുകള്‍ക്ക് അവസരം ഒരുക്കരുതാത്തതാകുന്നു. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍, പുറത്തുനില്‍ക്കുന്നവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു.

വ്യക്തികള്‍ക്കും സമൂഹത്തിനും ഭരണകൂടത്തിനും സര്‍ക്കാരേതര സംവിധാനങ്ങള്‍ക്കും ഒക്കെ. ഒട്ടേറെ കാര്യങ്ങള്‍ ഇതിനായി ചെയ്യാന്‍ ആവേണ്ടതാണ്. പ്രായമായവരുടെ കാര്യത്തില്‍ നിരന്തരം നിരീക്ഷിക്കുന്നതിനും ഇടപെടുന്നതിനും ഉള്ള സംവിധാനങ്ങള്‍ രൂപപ്പെടാതെ പോകുമ്പോള്‍, കാര്യക്ഷമമായി പ്രവര്‍ത്തിക്കാതെ പോകുമ്പോഴാണ് ആരാലും ശ്രദ്ധിക്കപ്പെടാത്ത അന്ത്യങ്ങള്‍ സംഭവിക്കുന്നത്.

പ്രീയ ഗായികയുടെ വിയോഗം എന്നതിനപ്പുറത്തേക്ക് വാണി ജയറാമിന്റെ അന്ത്യം മനസ്സിനെ ആഞ്ഞുകൊത്തുന്നത് അതുകൊണ്ടു കൂടിയാകുന്നു. വേണ്ട സമയത്ത് സഹായം ലഭിക്കാതെ ഒരു അമ്മ കൂടി മരിക്കേണ്ടി വരുന്ന അവസ്ഥ. ഒരുവേള അവരുടെ ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിലും മരണം സംഭവിക്കുമായിരിക്കാം. ആശുപത്രിയില്‍ എത്തിച്ചാല്‍പ്പോലും രക്ഷപ്പെടണമെന്നുമില്ല. പക്ഷെ, അവര്‍ ഏകയായിരുന്നില്ലെങ്കില്‍ ജീവന്‍ രക്ഷിക്കുന്നതിനുള്ള ശ്രമം നടത്തുകയെങ്കിലും ആകാമായിരുന്നു.

അല്ലെങ്കില്‍ മരണസമയത്ത് ആര്‍ക്കെങ്കിലും ഒപ്പമുണ്ടാകാന്‍ സാധിക്കുമായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. അതിന് എന്തു ചെയ്യാന്‍ ആവുമെന്ന കാര്യമാണ് എല്ലാവരും മനസ്സിരുത്തി ആലോചിക്കേണ്ടത്.

ഏകസ്ഥരായി ജീവിക്കുന്ന ഒട്ടേറെപ്പേരെ ഇതെഴുതുന്നയാള്‍ക്കറിയാം. ചിലര്‍ സ്വന്തം നിലയില്‍ അത്തരം ജീവിതം തെരഞ്ഞെടുത്തവരാണ്. പക്ഷെ, ഏറിയ പങ്കും പലതരത്തിലുള്ള സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ പെട്ട് ഏകസ്ഥരാവുന്നതാണ്. ദീര്‍ഘകാലം ഡോക്ടറായിരുന്ന, 90കള്‍ പിന്നിട്ട ഒരാളെ എനിയ്ക്ക് അടുത്തറിയാം. മുത്തശ്ശനും മുതുമുത്തശ്ശനുമായിക്കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ 15 വര്‍ഷത്തോളമായി മരണം ഇന്നെത്തും എന്നു കരുതി കാത്തിരിയ്ക്കുന്നു. ഭാര്യ മരിച്ചു, സമപ്രായക്കാരാരും ജീവിച്ചിരിക്കുന്നില്ല, ജോലി ചെയ്യാന്‍ കഴിയുന്നില്ല.

സമയം പോക്കാന്‍ മറ്റുവഴികളൊന്നുമില്ല. അദ്ദേഹത്തോട് സംസാരിക്കാന്‍ സ്വന്തം മക്കള്‍ക്കോ ചെറുമക്കള്‍ക്കോ പോലും ആകാറുമില്ല. പൊതുവായ താല്പര്യമുള്ള വിഷയങ്ങളില്ല. ഓരോ പ്രഭാതവും മരണം തന്നെ വന്നു കൊണ്ടുപോയില്ലെന്ന ഖേദത്തോടെ ഉറക്കമുണരുന്ന ഇത്തരം എത്രയോ പേര്‍. വീട്ടിനകത്തേക്കാള്‍ പുറം ലോകമായിരിക്കും പ്രായമായവര്‍ക്ക് പലപ്പോഴും കൂടുതല്‍ ഇഷ്ടപ്പെടുക. അവിടേയ്ക്ക് പോകാന്‍ അവശതകള്‍ തടസ്സം. പോകാനായാല്‍ തന്നെ അടുപ്പക്കാരൊക്കെ ലോകം വിട്ടുകഴിഞ്ഞു. വീട്ടിലുള്ളവരുടെ ഇടപെടലുകള്‍ പലപ്പോഴും ചടങ്ങുപോലെയാകും. അതുകൊണ്ടുതന്നെ അരോചകവും. പ്രായമായവരുടെ കാര്യത്തില്‍ മാത്രമല്ല, ചെറുപ്പക്കാരുടെ കാര്യത്തിലും ഇത് സംഭവിക്കുന്നുവെന്ന എത്രയോ അനുഭവങ്ങള്‍.

Loneliness in Older Adults and Its Impact on Mental Health | HelpAge India

വൃദ്ധ/വൃദ്ധന്‍ എന്ന വാക്കിനര്‍ത്ഥം വര്‍ദ്ധിച്ചവള്‍/ന്‍ എന്നുകൂടിയാകുന്നു. അറിവും അനുഭവവും വര്‍ദ്ധിച്ചവരെന്നാണത് സൂചിപ്പിക്കുന്നത്. പക്ഷെ ആ വാക്കിന് അത്തരത്തില്‍ ഒരു അര്‍ത്ഥമുണ്ടോ എന്നുപോലും ഏറെപ്പേര്‍ക്കും അറിവുണ്ടെന്ന് തോന്നുന്നില്ല. വൃദ്ധി ഇല്ലാത്തവരെന്നോ, എല്ലാം ക്ഷയിച്ച് സമൂഹത്തിന് ഒരു തരത്തിലുള്ള സംഭാവനകളും ചെയ്യാന്‍ കഴിയാത്തവരെന്നോ ഉള്ള അര്‍ത്ഥത്തിലാണ് വൃദ്ധസമൂഹത്തെ കണക്കാക്കിപ്പോരുന്നത്. വാര്‍ദ്ധക്യത്തെ പലപ്പോഴും കളങ്കമായോ അപമാന അടയാളമായോ( stigma ) ഒക്കെ മനസ്സിലാക്കപ്പെടുന്നുവെന്നതാണ് കഷ്ടം.

ഭാഷയിലും അര്‍ത്ഥരൂപീകരണത്തിലുമാണ് ഇത്തരം അവഗണനകള്‍ ഊട്ടിയുറപ്പിക്കപ്പെടുക എന്നതൊരു സാംസ്‌ക്കാരിക പാഠമാകുന്നു. പ്രായമേറിയവരെ പലപ്പോഴും വീടുകളില്‍ തന്നെ അപ്രധാനങ്ങളായ ഇടങ്ങളിലേക്കോ വിദൂരങ്ങളിലേക്കോ ഒക്കെ ഒതുക്കപ്പെടുകയോ അകറ്റപ്പെടുകയോ ചെയ്യുന്നുണ്ട്.

സാമൂഹികവും പൊതുവുമായ കാര്യങ്ങളില്‍ അവരുടെ അഭിപ്രായം തേടാന്‍ ആരും സൗമനസ്യം കാണിക്കാറുമില്ല. പ്രായമാകുക എന്നത് ജനനത്തോടെ തന്നെ ആരംഭിക്കുന്നതും ജീവിതത്തില്‍ ഉടനീളം തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സംഗതിയാണെന്ന കാര്യം നമ്മള്‍ മറന്നുപോകുന്നു. ( Aging is a series of processes that begin with life and continue throughout the life cycle.)

കൂട്ടമായി താമസിക്കുന്ന സാഹചര്യം ഗ്രാമങ്ങളില്‍ നിന്നും പോലും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്ന കാലത്ത് പ്രായമായവര്‍ക്ക് സമൂഹത്തില്‍ തന്നെ ഒരിടം സാദ്ധ്യമാകുക പ്രയാസകരമാകുന്നു.വൃദ്ധ സമൂഹത്തെ ഒഴിച്ചുനിര്‍ത്തുന്നതുപോലെ തന്നെ സ്വയം ഒഴിഞ്ഞുനില്‍ക്കാന്‍ സമൂഹം അവരുടെ മേലെ സമ്മര്‍ദ്ദം ചെലുത്തുകകൂടി ചെയ്യുന്നതായി സൂക്ഷമമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. വൃദ്ധസദനങ്ങള്‍ വ്യാപകമായി തുറക്കപ്പെടുന്നുണ്ടെങ്കിലും അവ സമൂഹത്തിലെ ഇടച്ചേരിക്കോ മേലേച്ചേരിക്കോ മാത്രം എത്തിപ്പെടാന്‍ കഴിയുന്ന ഇടങ്ങളാകുന്നു. സാധാരണക്കാര്‍ക്ക് പ്രാപ്യമാണെന്നു തോന്നുന്നില്ല.

ഏകാന്തം, യാതനാഭരിതം

ഏകാന്തജീവിതം പലതുകൊണ്ടും യാതനാനിര്‍ഭരമാണ്.ശരിരത്തിനും മനസ്സിനും സംഭവിക്കുന്ന ബലക്ഷയങ്ങള്‍, നിരന്തരം വന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന രോഗപീഢകള്‍…തുടങ്ങി എത്രയേറെയോ അവശതകളും വിവശതകളും അവരെ വേട്ടയാടുന്നുണ്ടാകണം. ജീവിത സായന്തനത്തില്‍ അവശതകള്‍ വരുന്നത് പല തരത്തിലാണ്.

ഗൗരവമുള്ള രോഗബാധകള്‍, നീണ്ട കാലത്തെ ചികിത്സകളും ജീവിതത്തില്‍ ഓരോരുത്തരും പുലര്‍ത്തിപ്പോരുന്ന ശീലങ്ങളും ഒക്കെ മനസ്സിനും ശരീരത്തിനും നല്‍കുന്ന അധികഭാരങ്ങള്‍. വിട്ടുമാറാത്ത വേദനകള്‍, സാമ്പത്തിക ദുരിതങ്ങള്‍, ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നും നേരിടേണ്ടിവരുന്ന അവഗണനകളും ആഘാതങ്ങളും. ഇത്തരത്തില്‍ നൂറുകണക്കിന് പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരുകയും ഒന്നിനും പരിഹാരമുണ്ടാകില്ലെന്ന തോന്നലും മരണം വരുന്നില്ലല്ലോയെന്ന ആകുലതയും ഒക്കെ അവരെ മാറിമാറി വിഷമിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

കടുത്ത വിഷാദ രോഗത്തിന്റെ പിടിയിലായിരിക്കും അത്തരക്കാരില്‍ ഏറെപ്പേരും. പ്രായമേറുന്നതനുസരിച്ച വിഷാദ രോഗ സൂചകങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കും. അത് മാനസികാരോഗ്യാവസ്ഥയെ മാത്രമല്ല, ശാരീരകമായ അതിജീവന തല്പരതയുടെ വിപരീത നിലയെക്കൂടി സൂചിപ്പിക്കുന്നതായി മാറുന്നു.

Policy Shortfalls Leave India's Elderly to Fend for Themselves [HTML version] - The Hindu Centre

വര്‍ദ്ധിച്ചുവരുന്ന വിഷാദം ജീവിതത്തിന്റെ ദൈര്‍ഘ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ്. കടുത്ത വിഷാദം ഹൃദയത്തിനും രക്തധമനികള്‍ക്കും രോഗബാധകള്‍ക്കു കാരണമാകാമെന്നും മരണം വരെ ക്ഷണിച്ചു കൊണ്ടു വരുന്നതാണെന്നുമൊക്കെയുള്ള പഠനങ്ങള്‍ കാലങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തില്‍ മനോജന്യ ശാരീരിക അവശതകള്‍ കൂടി ആകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായിത്തീരും.

ബന്ധങ്ങള്‍-അകത്തുനിന്നും പുറത്തുനിന്നും- ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന അവസ്ഥയെയാണ് ഏകാന്തത എന്നു പലപ്പോഴും നിര്‍വചിച്ചു കാണുന്നത്( Loneliness is a subjective, negative feeling related to the person’s own experience of deficient socials relations. ) വാര്‍ദ്ധക്യത്തില്‍ വളരെ ഗുരുതരമായ രോഗാവസ്ഥകള്‍ കൊണ്ടുവരുന്നതാകുന്നു ഏകാന്തത എന്ന ഭാരം. വിഷാദരോഗത്തെ ക്ഷണിച്ചുകൊണ്ടുവരുന്ന മൂന്നു പ്രധാന കാരണങ്ങളില്‍ പ്രഥമഗണനീയമാണെന്നു തോന്നുന്നു വര്‍ദ്ധിതമാകുന്ന ഏകാന്തത.

ഒറ്റപ്പെടലിനെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ വ്യക്തിയുടെ അകത്തുനിന്നും പുറത്തുനിന്നും രൂപപ്പെടുന്നുവെന്നു കാണാം. സാമൂഹ്യ ബന്ധങ്ങളിലെ അസാന്നിദ്ധ്യമാണ് സാമൂഹികമായ ഏകാന്തതതയ്ക്കു വഴിവെയ്ക്കുന്നതെങ്കില്‍ വ്യക്തിത്വത്തിലും മനോഘടനയിലും ഉള്ള വ്യതിചലനങ്ങളോ സവിശേഷ ചലനങ്ങളോ ആണ് ആന്തരികമായ ഏകാന്തതയിലേക്ക് നയിച്ചുകൊണ്ടുപോകുന്നത്.

ഒറ്റയ്ക്കുള്ള ജീവിതം, അടുത്ത കുടുംബ ബന്ധങ്ങളുടെ അഭാവം, തങ്ങളെ രൂപപ്പെടുത്തിയ സാംസ്‌ക്കാരിക പരിസരങ്ങളുമായുള്ള കുറഞ്ഞുവരുന്ന ചാര്‍ച്ചകള്‍, പ്രാദേശിക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനുള്ള കഴിവില്ലായ്ക തുടങ്ങിയവയൊക്കെ ഏകാന്തതയെ സൃഷ്ടിക്കുന്നു.( Many people experience loneliness either as a result of living alone, a lack of close family ties, reduced connections with their culture of origin or an inability to actively participate in the local community activities.) ഇവയ്‌ക്കൊപ്പം ശാരീരികമായ വിഷമാവസ്ഥകളും കൂടിച്ചേരുമ്പോഴാകട്ടെ, മനോവീര്യക്ഷയവും കടുത്ത വിഷാദവും ആകും ഫലം.

വലിയ തോതിലുള്ള ഉത്കണ്ഠയും ദു:ഖാവസ്ഥയും ഉന്മേഷരാഹിത്യവും ഒക്കെ വ്യര്‍ത്ഥതാവിചാരങ്ങളിലേക്ക് എത്തിയ്ക്കും. വെറുതെ ഒരു ജീവിതം എന്ന വിലാപമായിരിക്കും പലര്‍ക്കുമുണ്ടാകുക. യൗവ്വനത്തിലും മറ്റുമുണ്ടായിരുന്ന പോരാട്ടവീര്യമൊക്കെ കൈമോശം വന്ന അവസ്ഥയിലായിരിക്കും ഇവര്‍. സാമൂഹിക ബന്ധങ്ങള്‍, മതവിശ്വാസം, ആരോഗ്യനിലയെ സംബന്ധിച്ച വ്യാകുലതകള്‍, സ്വന്തം നിലയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സാമ്പത്തികവും അല്ലാത്തേതുമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന ഉത്കണ്്ഠകള്‍… ഇത്തരത്തില്‍ ഒന്നൊന്നായി അവരെ അലട്ടിക്കൊണ്ടുതന്നെയിരിക്കും.

പ്രായമേറുമ്പോള്‍ ലോകത്തില്‍ നിന്നും മുറിച്ചുമാറ്റപ്പെട്ട അവസ്ഥയില്‍ ജീവിക്കേണ്ടിവരുന്ന നിലയാകും ഇതൊക്കെ ചേര്‍ന്നു രൂപപ്പെടുത്തുക. ഈ അവസ്ഥാവിശേഷത്തെ അസ്ഥിത്വപരമായ ഏകാന്ത ( existential loneliness ) എന്ന് പല ഗവേഷകരും വിശേഷിപ്പിച്ചുകാണാറുണ്ട്. താന്‍ ഈ ലോകത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. തനിയ്ക്കും സമൂഹത്തിനും ഇടയില്‍ ഒരിയ്ക്കലും മറികടക്കാന്‍ കഴിയാത്ത കന്‍മതില്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്ന തോന്നല്‍.

ദുസ്സഹമായ കാരഗൃഹത്തില്‍ ആത്മാവ് ബന്ധിതമായ അവസ്ഥ. ഭൂതകാലാനുഭവങ്ങളും അക്കാലത്ത് ചെയ്തുപോയ കാര്യങ്ങളുടേയും ഓര്‍മ്മകളിലായിരിക്കും ഇവരില്‍ ഏറിയ പങ്കും. പലപ്പോഴും ഇതവരെ പശ്ചാത്താപ വിവശമായ അവസ്ഥകളിലേക്ക് എത്തിയ്ക്കും. പലരുടേയും ഓര്‍മ്മകള്‍ തന്നെ ദുര്‍ബലമായിരിക്കാം.

വാര്‍ദ്ധക്യകാര്യ വിദഗ്ദ്ധനായ പ്രഫ. മാല്‍ക്കം ജോണ്‍സണ്‍ ( Prof.Malcolm Johnson ) പ്രായമേറുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന കടുത്ത മാനസിക പ്രയാസങ്ങളെ വിശദീകരിക്കുന്നതിനായി ജീവചരിത്രപരമായ വേദന( biographical pain ) എന്ന പദാവലി ഉപയോഗിച്ചു കാണുന്നു. മുന്‍കാലത്ത് ചെയ്തുപോയ തെറ്റായ പ്രവൃത്തികളേയും വാഗ്ദാനങ്ങളേയും കുറിച്ചൊക്കെയുള്ള തികഞ്ഞ ഖേദം നിറയുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ നിരന്തരം പ്രഹരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്.

അദ്ദേഹം എഴുതുന്നു: ” ദീര്‍ഘകാലം ജീവിക്കുക എന്നത് ഇപ്പോള്‍ക്കൂടി വലിയ കാര്യമായി കണക്കാക്കപ്പെടുന്നു. എന്നാല്‍, തങ്ങള്‍ക്ക് അപരിഹാര്യങ്ങളും തിരികെ പിടിക്കാന്‍ കഴിയാത്തതുമായ ചെയ്തുപോയ ദ്രോഹങ്ങളേയും കുറവുകളേയും തട്ടിപ്പുകളേയും വൈകാരികമായ വേദനകളേയും ഓര്‍ത്തോര്‍ത്തിരിക്കാന്‍ ഏറെ സമയം കൂടി ഉള്ളപ്പോള്‍, സാവധാനത്തിലും വേദനജനകമായും മരണത്തിലേക്ക് കടക്കുക, വിഷമകരമാണ്, അതും പരിമിതമായ വീണ്ടെടുക്കല്‍ സാദ്ധ്യതകളുള്ളപ്പോള്‍. ”*

ഇത്തരത്തില്‍ അതി സങ്കീര്‍ണ്ണമായ അവസ്ഥയിലാണ് സാമൂഹികവും മാനസികവുമായ സംരക്ഷണ കവചം പ്രായമായവര്‍ക്ക് നല്‍കേണ്ടതിന്റെ പ്രസക്തി. സംരക്ഷണ കവചത്തിലാണ് തങ്ങളെന്ന ചിന്ത ഒന്നുമാത്രം അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഒറ്റയ്ക്കല്ലെന്ന തോന്നല്‍ നല്‍കുന്ന കവചമാണത്. താങ്ങായി ഏറെപ്പേര്‍ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം. താങ്ങാകാന്‍ എന്തെങ്കിലും ആരെങ്കിലും ഒപ്പമുണ്ടാകണമെന്ന തോന്നല്‍ പ്രായമേറുന്നതോടെ കൂടുതല്‍ ദൃഢീകരിച്ച് പ്രത്യക്ഷപ്പെടും. അക്കാര്യം മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ചുറ്റുമുള്ളവര്‍ക്ക് കഴിയണം. തന്നെയുമല്ല, പ്രായമേറിയവരുടെ അറിവും അനുഭവപരിചയവും സമൂഹം പ്രയോജനപ്പെടുത്തണം.

അവരെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട്, ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാന്‍ ഒപ്പമുള്ളവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും സാധിക്കണം. വാര്‍ദ്ധക്യകാല ജീവിതം ചെലവിടാന്‍ പറ്റിയ ഗ്രാമങ്ങള്‍ ഉണ്ടാക്കണം. പല പാശ്ചാത്യ രാജ്യങ്ങളിലും അത്തരം ഇടങ്ങളുണ്ട്. ഒറ്റപ്പെട്ട് ജീവിക്കുന്നവരെ നിരീക്ഷിക്കുന്നതിനും അവരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആവശ്യങ്ങള്‍ സമയാസമയങ്ങളില്‍ സാദ്ധ്യമാക്കുന്നതിനും ആരോഗ്യസേവനമടക്കമുള്ളവ എത്തിച്ചുകൊടുക്കുന്നതിനും വ്യവസ്ഥാപിതമായ സംവിധാനങ്ങള്‍ ഉണ്ടാകണം.

തദ്ദേശ സ്ഥാപനങ്ങള്‍ മുതല്‍ മുകള്‍ തട്ടുവരെയുള്ള നമ്മുടെ ഭരണ സംവിധാനങ്ങളില്‍ അക്കാര്യം മുന്‍നിര്‍ത്തിയുള്ള ക്രമീകരണങ്ങള്‍ നടത്തണം. നമ്മുടെ കുടുംബ സംവിധാനങ്ങള്‍ക്കകത്തും പ്രായമായവരുടെ സ്വാസ്ഥിക്കായി കാതലായ മാറ്റങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.

വാണി ജയറാമിനെപ്പോലെ സമൂഹത്തിലെ ആദരം അവസാന കാലം വരെ അനുഭവിച്ച ഒരാള്‍ക്ക് തിരസ്‌കൃതാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവില്ല. അവരുടെ സാഹചര്യം വ്യത്യസ്തമാണ്. സമൂഹത്തിലെ ഏറിയ പങ്കിന്റേയും അവസ്ഥ ഇതല്ല.

പക്ഷെ, വാണി ജയറാം മരണത്തിലേക്ക് കടന്ന അവസ്ഥ നമ്മെ ഇരുത്തിചിന്തിപ്പിക്കേണ്ടതാകുന്നു. ജീവിത സായന്തനത്തില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരെക്കുറിച്ച് വളരെ ഗൗരവത്തോടെ ചിന്തിക്കാനും അവരുടെ ജീവിതത്തില്‍ ഇടപെടാനും ഇത്തരം സംഭവങ്ങള്‍ നമ്മളോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ആരും ഒറ്റപ്പെട്ടുപോകാന്‍ അവസരം കൊടുക്കരുത്.

 

Mental Health Matters: Essential Tips for Seniors | Milton

————————————————

കടപ്പാട്:

1. Loneliness, depression and sociability in old age-Archana Singh and Nishi Misra, Industrial Psychiatry Journal, Jan-Jun; 18(1): 51–55, 2009
2. Loneliness, loss and regret: what getting old really feels like – new study- Sam Carr, Chao Fang, The Conversation, September 8, 2021

*’Living to be old is still considered to be a great benefit. But dying slowly and painfully, with too much time to reflect and with little or no prospect of redressing harms, deficits, deceits, and emotional pain, has few redeeming features.’
——————–

( മുതിർന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ )

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News