കൊച്ചി :ബി ജെ പിയുടെ തിരുവനന്തപുരത്തെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ്റെ ആരോപണം കത്തുന്നു.
ആരോപണം ആവർത്തിച്ച പ്രതിപക്ഷനേതാവ് സതീശന്‍, ജയരാജൻ കേസ് കൊടുത്താല്‍ തെളിവ് പുറത്തുവിടാമെന്ന് പറഞ്ഞു.
ജയരാജൻ്റെ കുടുബത്തിൻ്റെ വകയായിരുന്ന കണ്ണൂരിലെ വൈദേഹി റിസോർട്ടിലെ ഈഡി അന്വേഷണം ഒഴിവാക്കാൻ രാജീവ് ചന്ദ്രശേഖറുമായി അദ്ദേഹം ചങ്ങാത്തം കൂടി. നേരത്തേ ഇവര്‍ തമ്മില്‍ അന്തര്‍ധാരയായിരുന്നു. ഇപ്പോള്‍ പരസ്യ കൂട്ടുകെട്ടാണ്. ഇ.പി വഴിവിട്ട് സ്വത്തു നേടി എന്ന് ആക്ഷേപം ഇല്ല. ബിസിനസ് പങ്കാളിത്തം ഉണ്ടെന്നാണ് പറഞ്ഞെതെന്ന് സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം നടക്കുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ ഇഡി അന്വേഷണം തുടരുന്നു. ലാവ്‍ലിൻ കേസ് സുപ്രീംകോടതിയിൽ ഇരിക്കുന്നു. മുഖ്യമന്ത്രിക്ക് ഭയപ്പാടിലാണ്.
തിരുവനന്തപുരത്ത് ഉൾപ്പെടെയുള്ള ബിജെപി സ്ഥാനാർഥികൾ നല്ല സ്ഥാനാർഥികളാണെന്നും ബിജെപി നിരവധി സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്തു വരുമെന്നുമാണ് ജയരാജൻ പറഞ്ഞത്. ബിജെപി എവിടെയൊക്കെ രണ്ടാം സ്ഥാനത്തു വരുമോ അവിടെയൊക്കെ മൂന്നാം സ്ഥാനത്തേക്ക് ഇടതുപക്ഷം പോകുമെന്നു എൽഡിഎഫ് കൺവീനർ തന്നെ വിശദീകരിക്കുന്നു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയായ നിരാമയ റിട്രീറ്റ്സും ജയരാജന്റെ കുടുംബാംഗങ്ങൾക്കു പങ്കാളിത്തമുള്ള കണ്ണൂർ വൈദേകം ആയുർവേദ റിസോർട്ടും തമ്മിൽ മാനേജ്മെന്റ് കരാറുണ്ട്. ബിസിനസ് പാർട്ണർഷിപ്. അതു രണ്ടുപേരും നിഷേധിച്ചിട്ടില്ല. തമ്മിൽ കണ്ടിട്ടില്ല എന്നാണു പറയുന്നത്. അവർ തമ്മിൽ കണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. കേസ് കൊടുത്താൽ മുഴുവൻ തെളിവുകളും പുറത്തുവിടും. ജയരാജന്റെ കുടുംബാംഗങ്ങൾ നിരാമയ റിട്രീറ്റ്സിന്റെ അധികാരികളുമായി ഒരുമിച്ചു നിൽക്കുന്ന ചിത്രം ഉൾപ്പെടെ കയ്യിലുണ്ട്.
അതേസമയം , മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയെ പേടിയാണ് എന്ന് സതീശൻ ആരോപിച്ചൂ. അ
തുകൊണ്ടാണ് ജയരാജനെക്കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ബിജെപി സ്ഥാനാർഥികളോട് എന്താണ് അദ്ദേഹത്തിന് ഇത്ര സ്നേഹം. പിണറായിയുടെ ഉപകരണമാണ് ജയരാജൻ എന്ന് സതീശൻ പരിഹസിച്ചു.
എൻ ഡി എ സ്ഥാനാർഥികളെ പുകഴ്ത്തിയ ഇ പിയെ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ വരെ അഭിനന്ദിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.ധൈര്യമുണ്ടെങ്കില്‍ മാസപ്പടി കേസിൽ പിണറായി വിജയൻ മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
എന്നാൽ ഈ ആരോപണം ജയരാജൻ നിഷേധിച്ചു. രാജീവിനെ കണ്ടിട്ടുപോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയരാജനെ കണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു.