ന്യൂഡൽഹി : തങ്ങളുടെ ഔഷധ ഉത്പന്നങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് വ്യാജപരസ്യം നൽകിയ കേസിൽ വീണ്ടും സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് പതഞ്‌ജലി സ്ഥാപകരായ യോഗാചാര്യൻ ബാബാ രാംദേവും എം ഡി ആചാര്യ ബാലകൃഷ്ണയും . ഇരുവരോടും ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമാപ്പ് പറയണമെന്ന് കോടതി നിർദേശിച്ചു,
നിങ്ങൾ അത്ര നിഷ്കളങ്കരല്ലെന്നും ക്ഷമ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.കോടതിയലക്ഷ്യക്കേസിൽ ജയിലടക്കാൻ കോടതികൾക്ക് ആകുമെന്നും ജഡ്ജിമാർ മുന്നറിയിപ്പ് നൽകി.
കൂടുതൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 23 ന് കോടതി കേസ് വീണ്ടും പരിഗണിക്കും. അന്ന് ഇരുവരും വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതിയലക്ഷ്യ കേസിൽ ഇരുവരും നേരിട്ട് ഹാജാരായി കുറ്റസമ്മതം നടത്തുകയായിരുന്നു. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയിൽ പറഞ്ഞു. കഴിഞ്ഞ വാദത്തിൽ നിർദ്ദേശങ്ങൾ അവഗണിച്ചതിന് സുപ്രീംകോടതി ഇരുവരെയും ശാസിക്കുകയും അനന്തരഫലങ്ങൾ നേരിടാന്‍ തയ്യാറാക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. രാംദേവും ബാലകൃഷ്‌ണയും പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്നാണ് വ്യക്തമാക്കിയിരുന്നു.
ഹർജി പരിഗണിക്കവേ ഇരുവരോടും ഇന്ന് നേരിട്ടാണ് ജഡ്ജിമാർ ചോദ്യങ്ങൾ ഉന്നയിച്ചത്. കോടതി നിർദ്ദേശം ഉണ്ടായിട്ടും നിയമനടപടി ലംഘിച്ചതിനെക്കുറിച്ച് ആരാഞ്ഞ കോടതിയോട് ഗവേഷണം നടത്തിയാണ് മരുന്നുകൾ പുറത്തിറക്കുന്നതെന്നായിരുന്നു രാംദേവിന്റെ മറുപടി.
കഴിഞ്ഞ വാദത്തിൽ രാംദേവും ബാലകൃഷ്‌ണയും സമർപ്പിച്ച ക്ഷമാപണം കോടതി തള്ളിയിരുന്നു. തങ്ങൾ അന്ധരല്ലെന്നും ഈ കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു കോടതി ക്ഷമാപണം നിരസിച്ചത്. വിഷയത്തിൽ കേന്ദ്രത്തിൻ്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വ്യാജ പരസ്യം നൽകിയ കേസിൽ ഇരുവർക്കുമെതിരേ കോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. പതഞ്ജലി കോടതിയലക്ഷ്യം നടത്തിയിട്ടും അതിനെ നിയന്ത്രിക്കുന്നതിൽ നടപടിയെടുക്കാതിരുന്നതിനെ ചൊല്ലി കേന്ദ്രസർക്കാരിനും കോടതിയുടെ വിമർശനമുണ്ടായിരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്ന മരുന്നുകളുടെ ഇലക്ട്രോണിക്, പ്രിൻ്റ് പരസ്യങ്ങൾ ഉടൻ നിർത്താൻ ഫെബ്രുവരി 27ന് സുപ്രീംകോടതി സ്ഥാപനത്തോട് നിർദേശിച്ചിരുന്നു.
കോടതിയുടെ ഉത്തരവ്, പതഞ്ജലിയുടെ മീഡിയ വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടാതിരുന്നതാണ് പരസ്യങ്ങൾ വീണ്ടും പ്രസിദ്ധപ്പെടുത്താൻ കാരണമായതെന്ന് എം ഡി ആചാര്യ ബാലകൃഷ്ണ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്നാൽ മീഡിയ വിഭാഗത്തെ കാര്യങ്ങൾ അറിയിക്കേണ്ട ചുമതല സ്ഥാപനത്തിനാണെന്നായിരുന്നു കോടതിയുടെ മറുപടി.
പതഞ്ജലിയുടെ ലിപിഡോം’ ഒരാഴ്ച കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമെന്നും ഹൃദ്രോഗം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയിൽ നിന്ന് മോചനം ലഭിക്കുമെന്നുമുള്ള അവകാശവാദങ്ങൾക്കെതിരെ മലയാളിയായ ഡോ ബാബു കെ വിയാണ് പതഞ്ജലിക്കെതിരെ നിയമയുദ്ധം ആരംഭിച്ചത്.
പതഞ്ജലി ആയുർവേദ ലിമിറ്റഡിന് കീഴിലുള്ള ദിവ്യ ഫാർമസിക്കെതിരെ ബാബു ആദ്യമായി പരാതി നൽകുന്നത് 2022 ഫെബ്രുവരി 24നാണ്. തുടർന്ന്, സമാനമായ കേസിൽ പതഞ്ജലിക്കെതിരെ അഞ്ചിലധികം പരാതികളും 150ലധികം വിവരാവകാശ അഭ്യർത്ഥനകളും ബാബു ഫയൽ ചെയ്തിരുന്നു.