തിരുവനന്തപുരം: പൊലീസിലെ രഹസ്യ വിവരങ്ങൾ സി പി എം സ്വന്തന്ത്ര എം എൽ എയായ പി. വി.അൻവർ ചോർത്തിയ സംഭവത്തിൽ രണ്ട് എസ് പി മാരൂം ഒരു ഡി വൈ എസ് പിയും ഇൻ്റ്‌ലിജൻസ് വിഭാഗം നിരീക്ഷണത്തിലാണിപ്പോൾ.
വിവര ചോർച്ചയിൽ പോലീസ് വകുപ്പിലെ ചിലർക്കും പങ്കുണ്ടെന്ന് നേരത്തെ സംസ്ഥാന പോലീസ് മേധാവി ഷെയ്‌ക്ക് ദർവേശ് സാഹേബിന് റിപ്പോർട്ട് ലഭിച്ചിരുന്നു.അൻവറിന് ഉപദേശം നല്‍കുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിലുണ്ട്.
എന്നാല്‍ അൻവറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. ഫോണ്‍ ചോർത്തിയെന്ന കാര്യം അൻവർ തന്നെയാണ് വാർത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.
അതിനു പിന്നാലെ പൊലീസ് ആസ്ഥാനത്തെ രഹസ്യരേഖ പുറത്തുവിടുകയും ചെയ്തു. സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിക്കല്‍ കേസ് ആർ.എസ്.എസ് അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥർ അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ടുകൊണ്ട് അൻവർ ഉന്നയിച്ച ആരോപണം.
ആരോപണം നേരിടുന്ന എ.ഡി.ജി.പി. എ.ആർ. അജിത് കുമാറിനുമേല്‍ പിടിമുറുക്കുകയാണ് പോലീസ് മേധാവി. ആരോപണമുയർന്ന സമയംമുതല്‍ അജിത്കുമാറിനോട് നീരസം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം, പോലീസ് ഉദ്യോഗസ്ഥർ വീണ്ടും അദ്ദേഹത്തെത്തന്നെ ആശ്രയിക്കുന്നതിനെതിരേ നിലപാട് കർക്കശമാക്കി. തന്നെ നേരിട്ട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട കേസ് അന്വേഷണവിവരം ഉദ്യോഗസ്ഥർ അജിത്കുമാറിനെ അറിയിച്ചതിന് രണ്ട് ഉദ്യോഗസ്ഥരില്‍നിന്ന് ഷെയ്‌ക്ക് ദർവേശ് സാഹേബ് വിശദീകരണം തേടി.
കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസിന്റെ അന്വേഷണ പുരോഗതി അജിത്കുമാറിനെ അറിയിച്ചതിനു മലപ്പുറം മുൻ എസ്.പി.എസ്. ശശിധരൻ, കോഴിക്കോട് കമ്മിഷണർ ടി. നാരായണൻ എന്നിവരോടാണ് വിശദീകരണം ചേദിച്ചത്.
അൻവറിന്റെ ആരോപണങ്ങളിലെ അന്വേഷണവിവരവും തനിക്ക് നേരിട്ട് നല്‍കിയാല്‍ മതിയെന്ന് ഐ.ജി. സ്പർജൻകുമാറിനോട് പോലീസ് മേധാവി നിർദേശിച്ചിരുന്നു. ഈ കേസില്‍ തന്റെ മൊഴിയെടുക്കുമ്ബോള്‍ മറ്റ് ഉദ്യോഗസ്ഥർ വേണ്ടെന്ന എ.ഡി.ജി.പി.യുടെ ആവശ്യം പോലീസ് മേധാവി അംഗീകരിച്ചതുമില്ല.
നേരത്തേ പോലീസ് മേധാവിയെ മറികടന്ന് പല തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ക്രമസമാധാന വിഭാഗം മേധാവി അജിത് കുമാർ കൈക്കൊണ്ടിരുന്നു. അതിനെതിരേ പോലീസ് മേധാവിയുടെ ഭാഗത്തുനിന്ന് എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. നിലവിലുള്ള ഇന്റലിജന്റ്‌സ് സംവിധാനത്തിനു പുറമേ ക്രമസമാധാന വിഭാഗം മേധാവിക്ക് നേരിട്ട് റിപ്പോർട്ടു ചെയ്യാൻ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചതും വിവാദമായിരുന്നു.
മാമി കേസില്‍ അജിത്കുമാറിന്റെപേരില്‍ ആരോപണം ഉയർന്നതിനാലാണ് അന്വേഷണവിവരം ഐ.ജി., ഡി.ഐ.ജി. എന്നിവർവഴി തനിക്ക് നേരിട്ടു നല്‍കാൻ പോലീസ് മേധാവി നിർദേശിച്ചിരുന്നത്. എന്നാല്‍, ഉദ്യോഗസ്ഥർ ഒന്നിലേറെത്തവണ എ.ഡി.ജി.പി.ക്ക് റിപ്പോർട്ട് അയച്ചു. ഇതോടെയാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്.
മാമി തിരോധാനവുമായി ബന്ധപ്പെട്ട് അജിത്കുമാറിന് പങ്കുണ്ടെന്ന തരത്തില്‍ അൻവറാണ് ആദ്യം ആരോപണം ഉന്നയിച്ചത്. കേസന്വേഷണത്തില്‍ അജിത്കുമാർ ഇടപെട്ടതായി മാമിയുടെ കുടുംബവും പരാതിപ്പെട്ടു. ഇതേത്തുടർന്ന് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കുകയായിരുന്നു.