തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കും. നിലവിലുളള പ്രസിഡന്റ് കെ അനന്തഗോപന്റെ പ്രവര്‍ത്തന കാലാവധി തീരുന്ന സാഹചര്യത്തിലാണ് നിയമനം.നവംബര്‍ 14നാണ് അനന്തഗോപന്റെ കാലാവധി അവസാനിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഡിസിസി പുനഃസംഘടനയെ ചൊല്ലി പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ പ്രശാന്തിനെ കോണ്‍ഗ്രസ്പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം സിപിഎമ്മില്‍ ചേര്‍ന്നത്. എ വിജയരാഘവന്‍ സിപിഎം ആക്ടിങ് സെക്രട്ടറിയായിരിക്കെയായിരുന്നു എകെജി സെന്ററില്‍ നേരിട്ടെത്തി പിഎസ് പ്രശാന്ത് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുന്‍പ് കെപിസിസി സെക്രട്ടറിയായിരുന്ന പിഎസ് പ്രശാന്ത്.കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പ്രശാന്ത്‌നിലവിലെ ഭക്ഷ്യമന്ത്രി ജിആര്‍ അനിലിനോട്മത്സരിച്ച് പരാജയപ്പെടുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പാലോട് രവിയെ ഡിസിസി അധ്യക്ഷനാക്കിയതിനെ തുടര്‍ന്നാണ് പ്രശാന്ത് പാര്‍ട്ടിയില്‍ കലാപത്തിരി കൊളുത്തിയത്. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളിന് പ്രമോഷന്‍ കൊടുത്തത് ശരിയായില്ല. സാധാരണ പ്രവര്‍ത്തകന് സഹിക്കാനാകാത്ത അനുഭവങ്ങളാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായതുകൊണ്ടാണ് പ്രശാന്ത് കോണ്‍ഗ്രസ് പാര്‍ട്ടി വിടുകയായിരുന്നു.