ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ കേസ് സൂത്രധാരൻ തഹാവൂർ റാണയെ അമേരിക്കയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിച്ച് എൻ ഐ എ അറസ്ററ് ചെയ്തു.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12-ാം നമ്പർ ബാരക്കിലായിരിക്കും റാണയേയും പാർപ്പിക്കുക.റാണയുടെ ചിത്രം എൻഐഎ പുറത്തുവിട്ടു.
പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം വന്നത്. ഓണ്‍ലൈനായിട്ടാണ് റാണയെ കോടതിയില്‍ ഹാജരാക്കുക.ഡൽഹി ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലെ അഭിഭാഷകന്‍ പിയൂഷ് സച്ച്ദേവ ആയിരിക്കും റാണക്കായി ഹാജരാകുക.
മുംബൈയിൽ 2008 നവംബർ 26 ന് ആയിരുന്നു ഭീകര ആക്രമണം. 60 മണിക്കൂറുകളോളം നീണ്ട സംഭവം രാജ്യത്തെ നടുക്കി. ആ ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങളിൽ പ്രധാനിയാണ് തഹാവൂർ റാണ. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ് ഇയാള്‍.
പാകിസ്ഥാൻ വംശജനും കനേഡിയൻ വ്യവസായിയുമായ റാണയ്ക്ക് ലഷ്കർ ഇ തോയ്ബ അടക്കമുള്ള ഭീകര സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളത്.
ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥാനങ്ങൾ കണ്ടെത്താനും വിസ സംഘടിപ്പിച്ച് നൽകിയത് റാണയുടെ സ്ഥാപനമാണ്. റാണ 2009ൽ ഷിക്കാഗോയിൽ അറസ്റ്റിലായി.
ഇന്ത്യയുടെ വാദം അംഗീകരിച്ച് റാണയെ കൈമാറാൻ അമേരിക്ക 2023 ൽ തീരുമാനിച്ചു.ഇതിനെതിരെ അവിടുത്തെ വിവിധ കോടതികളിൽ റാണ നൽകിയ ഹർജികൾ തള്ളി. റാണയെ ഇന്ത്യയ്ക്ക് വിട്ടു നൽകാൻ കഴിഞ്ഞ ജനുവരി 25ന് ആണ് അമേരിക്കയിലെ സുപ്രീം കോടതി അനുമതി നൽകിയത്