വ്യാജ രേഖ ഉപയോഗിച്ച് 21 ലക്ഷം ഫോണുകൾ

ന്യൂഡൽഹി : വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് മൊബൈൽ ടെലഫോൺ സിം കാർഡുകളിൽ കുറഞ്ഞത് 21 ലക്ഷമെങ്കിലും എടുത്തിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തി.

114 കോടി മൊബൈൽ ഫോൺ കണക്ഷനുകളാണ് ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡിജിറ്റൽ ഇൻ്റലിജൻസ് യൂണിറ്റ് (എഐ ആൻഡ് ഡിഐയു) പരിശോധിച്ചത്.

കുറഞ്ഞത് 21 ലക്ഷം സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാൻ അസാധുവായതോ നിലവിലില്ലാത്തതോ വ്യാജമോ ആയ രേഖകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇവയാണ് വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നതെന്നും പറയുന്നു.

മൊബൈൽ കണക്ഷനുകൾ അറിയാനും, അപേക്ഷിക്കാത്തതോ ഉപയോഗിക്കാത്തതോ ആയ സിമ്മുകൾ ഉണ്ടെങ്കിൽ അവ വിച്ഛേദിക്കുന്നതിന് അവസരമൊരുക്കാനുമുള്ള ‘സഞ്ചാർ സാഥി’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധനകൾ.

ഭാരതി എയർടെൽ, എംടിഎൻഎൽ, ബിഎസ്എൻഎൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ എന്നീ ടെലികോം സ്ഥാപനങ്ങൾക്ക് ടെലികമ്മ്യൂണിക്കേഷൻ വിഭാഗം ഇതുസംബന്ധിച്ച് നിർദേശം നൽകി. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നൽകുക, രേഖകൾ അടിയന്തിരമായി പുനഃപരിശോധിക്കുകയും വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷൻ വിച്ഛേദിക്കുക എന്നീ നടപടികൾ സ്വീകരിക്കണമെന്ന അറിയിപ്പും കൈമാറി.

അനുവദനീയ തോതിന് മുകളിൽ സിം കാർഡുകൾ എടുത്തിട്ടുള്ള 1.92 കോടി കേസുകളും കണ്ടെത്തിയിരുന്നു. വ്യാജരേഖയോ മനസിലാകാത്ത ഭാഷയിൽ പേരുവിവരങ്ങളോ നൽകിയ ശേഷമാണ് പലരും ഒരേ പേരിൽ നിരവധി സിമ്മുകൾ എടുത്തിരിക്കുന്നത്.

വ്യാജ സിം കാർഡുകൾ പ്രവർത്തനരഹിതമാക്കാനുള്ള സമയപരിധി സേവനദാതാക്കൾക്ക് നൽകിയിട്ടുണ്ട്.,

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News