ന്യൂഡല്‍ഹി: ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപവൽക്കരിക്കാൻ ചരടുവലിക്കുന്ന ബി ജെ പിക്ക് മുന്നിൽ വിലപേശലുമായി ഘടക കക്ഷികൾ. മൂന്നാം എൻ ഡി എ സർക്കാർ നയിക്കാൻ ഒരുങ്ങുന്ന നരേന്ദ്ര മോദിക്ക് കാര്യങ്ങൾ എളുപ്പമാവില്ല.
ലോക്‌സഭാ സ്പിക്കർ സ്ഥാനത്തിനു പുറമെ ധനകാര്യം, കൃഷി, ജല്‍ശക്തി, ഐ.ടി എന്നീ വകുപ്പുകളില്‍ ക്യാബിനററ് മന്ത്രിസ്ഥാനം ആണ് ടി ഡി പി തലവൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെടുന്നതെന്നാണ് പറയുന്നത്.ഇതിനു പുറമെ അഞ്ചോ ആറോ സഹമന്ത്രി സ്ഥാനങ്ങളും അവർ ചോദിക്കും. ആന്ധ്ര പ്രദേശിനു പ്രത്യേക പദവി വേണം എന്നാവശ്യവും നായിഡു ഉന്നയിച്ചേക്കും.
ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാകട്ടെ ഇനിയും മനസ്സ് തുറന്നിട്ടില്ല. ബിഹാറിനു പ്രത്യേക പദവി വേണമെന്നആവശ്യം അദ്ദേഹം ഉന്നയിക്കുമെന്ന കാര്യം തീർച്ചയാണ്. എന്നാൽ ഇന്ത്യ സഖ്യം അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി വാഗ്ദാനം ചെയ്തതോടെ അദ്ദേഹത്തിൻ്റെ വിലപേശൽ ശേഷി കൂടിയിരിക്കയാണ്.
ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറുമായി ഇന്ത്യാസഖ്യത്തിന്റെ മുതിർന്ന നേതാവ് ശരദ് പവാർ ചർച്ചകൾ നടത്തി എന്നത് രാഷ്ടീയ വൃത്തങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്.
മഹാരാഷ്ടയിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ ശിവസേനയും എല്‍.ജെ.പി. അധ്യക്ഷന്‍ ചിരാഗ് പസ്വാനും ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും കർണാടകയിലെ കുമാരസ്വാമിയുടെ ജെ.ഡി.എസും മന്ത്രിസ്ഥാനത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.
മുമ്പ് സഖ്യകക്ഷികളായിരുന്ന ജെ.ഡി.യു.വിനേയും ടി.ഡി.പി.യേയും ഒപ്പംചേർത്ത് സർക്കാരുണ്ടാക്കാനുള്ള സാധ്യതകൾ കോൺഗ്രസ് തള്ളുന്നില്ല. മുന്നണികൾ മാറാൻ മടി കാണിക്കാത്ത നിതീഷിന്റെ ചരിത്രം ബി.ജെ.പിക്കും നന്നായി ബോധ്യമുണ്ട്.