കുഞ്ചൻ നമ്പ്യാർ സ്മരണകളിൽ  ഒരു ചലച്ചിത്രഗാനം ….

സതീഷ് കുമാർ വിശാഖപട്ടണം

സരാജനായ ശൃംഗാരം കഴിഞ്ഞാൽ നവരസങ്ങളിൽ മനുഷ്യനെ ഏറ്റവും ആനന്ദിപ്പിക്കുന്നത് ഹാസ്യമാണത്രേ …!

മലയാളഭാഷയിൽ ആക്ഷേപഹാസ്യത്തിന്റെ വാതായനങ്ങൾ തുറക്കുന്നത് കുഞ്ചൻ നമ്പ്യാരിലൂടെയാണ്.

പാലക്കാട് ജില്ലയിൽ  ലക്കിടിയിലെ കിള്ളിക്കുറിശ്ശിമംഗലത്ത് ജനിച്ച കുഞ്ചൻ നമ്പ്യാർ പിന്നീട് അമ്പലപ്പുഴ   രാജാവിന്റെ  ആശ്രിതനായിത്തീരുന്നു.

ഈ അവസരത്തിലാണ് അദ്ദേഹം തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി മാറുന്നത്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് തുള്ളൽ പ്രസ്ഥാനത്തെ ജനപ്രിയമാക്കിയ ഘടകം…

“അല്ലയോ പയ്യേ നിനക്കും പക്കത്താണോ ഊണ് …..”

 “കരി കലക്കിയ കുളം

 കളഭം കലക്കിയ വെള്ളം…”

 “കാതിലോല നല്ലതാളി ….”

 “നമ്പി ആരെന്ന് ചോദിച്ചു നമ്പിയാരെന്ന് ചൊല്ലിനാൻ…. തുടങ്ങിയ കുഞ്ചൻ ഫലിതങ്ങളിലൂടേയും “ഓട്ടൻതുള്ളൽ ” എന്ന ക്ഷേത്ര കലാരൂപത്തിലൂടേയുമാണ് മലയാളിയുടെ നർമ്മബോധങ്ങൾ പിച്ചവെച്ചത്. മലയാള ചലച്ചിത്ര ഗാനശാഖയിൽ ഓട്ടൻതുള്ളലിന്റെ ശൈലിയിൽ ഒരു ഗാനം എഴുതപ്പെട്ടിട്ടുണ്ട്.

Postmane Kananilla - Wikipedia

         1972-ൽ പ്രദർശനത്തിനെത്തിയ “പോസ്റ്റുമാനെ കാണാനില്ല ” എന്ന ചിത്രത്തിലാണ് വയലാർ രാമവർമ്മ കുഞ്ചൻ നമ്പ്യാരുടെ അതേ ശൈലിയിൽ  നർമ്മബോധത്തോടേയുള്ള സാമൂഹ്യവിമർശനം പ്രാപ്തമാക്കിയത് കേട്ടാലും …..

“പണ്ടൊരു നാളീ

പട്ടണ നടുവിൽ

പാതിരനേരം സൂര്യനുദിച്ചു

പാതിരാ നേരം സൂര്യനുദിച്ചു

പട്ടാപ്പകലെ മഹാന്മാരായി

ചുറ്റി നടന്നവർ കണ്ണുമിഴിച്ചു

ചുറ്റി നടന്നവർ കണ്ണു മിഴിച്ചു

സന്മാർഗ്ഗത്തിൻ  കുലപതിമാരാം  തമ്പ്രാക്കന്മാർ ഞെട്ടിവിറച്ചു

തമ്പ്രാക്കന്മാർ ഞെട്ടി വിറച്ചു

അവരെ തെരുവിലെ

വേശ്യപ്പുരകൾക്കരികിൽ കണ്ടു ജനങ്ങൾ ചിരിച്ചു

അരികിൽ കണ്ടു ജനങ്ങൾ ചിരിച്ചു

കടലിൽ നിന്നു വലിച്ചു കയറ്റിയ

 കള്ളപ്പൊന്നിൻ ചാക്കുകളോടെ

 കള്ള പൊന്നിൻ ചാക്കുകളോടെ

കവലയിലെത്തിയ

കൊലകൊമ്പന്മാർ കാറിലിരുന്നു വിയർത്തുകുളിച്ചു

കാറിലിരുന്നു വിയർത്തുകളിച്ചു

രാഷ്ട്രീയക്കാർ കവികൾ സാഹിത്യാചാര്യന്മാർ നേതാക്കന്മാർ

ആചാര്യന്മാർ നേതാക്കന്മാർ

മദ്യനിരോധന സംഘടനക്കാർ വിപ്ലവകാരികൾ എന്നിവരൊക്കെ

 വിപ്ലവകാരികൾ എന്നിവരൊക്കെ

പട്ടക്കടയുടെ മുറ്റത്തേക്കു

കമഴ്ത്തിയൊഴിച്ചൊരു

ലഹരിപ്പുഴയിൽ

കമിഴ്ത്തിയൊഴിച്ചൊരു

 ലഹരിപ്പുഴയിൽ

കാവിയുടുത്തൊരു

ഗീതായജ്ഞക്കാരൻ

പട്ടരു മുങ്ങിമരിച്ചൂ ….

 ആ ആ ആ

 ( പണ്ടൊരു നാളീ പട്ടണ നടുവിൽ … )

യേശുദാസ്‌ പാടിയ ഈ ഗാനം ഓട്ടൻ തുള്ളലിന്റെ ശൈലിയിൽ അവസാന വരികൾ ഏറ്റുപാടിയത് സി. ഓ. ആന്റോയും മാധുരിയുമായിരുന്നു.

 ഈ ചിത്രത്തിലെ  മറ്റൊരു ഗാനത്തെ കൂടെ പരാമർശിക്കാതിരിക്കാൻ വയ്യ. വയലാർ എഴുതിയ തത്ത്വചിന്താപരമായ ഒരു ഗാനമാണത് …..

ഈശ്വരൻ ഹിന്ദുവല്ലാ

 ഇസ്ലാമല്ലാ ക്രിസ്ത്യാനിയല്ലാ

  ഇന്ദ്രനും ചന്ദ്രനുമല്ലാ….”

 എന്ന ഗാനത്തിന് ഇന്നും വളരെ പ്രസക്തിയുണ്ടെന്ന് പ്രത്യേകിച്ച് ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ … ?

കൂടാതെ

“അന്നദാന കൈതപ്പഴം

അല്ലിയോല കൈതപ്പഴം … (മാധുരി )

“കാലം കൺകേളിപുഷ്പങ്ങൾ വിടർത്തും …. (യേശുദാസ് ,  സുശീല )

“ഹിപ്പികളുടെ നഗരം

ലഹരിക്കുപ്പികളുടെ നഗരം …..

( യേശുദാസ് )

എന്നിവയായിരുന്നു ചിത്രത്തിലെ

മറ്റു ഗാനങ്ങൾ .

ദേവരാജൻ മാസ്റ്റർ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്…

1972 ഡിസംബർ 22 ന് പുറത്തിറങ്ങിയ “പോസ്റ്റുമാനെ കാണാനില്ല “എന്ന ചിത്രം ഇന്ന് 51 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു …..

മലയാള സിനിമയിലെ ഏറ്റവും ദൈർഘ്യമേറിയതും  വന്യവുമായ ബലാത്സംഗം  ചിത്രീകരിക്കപ്പെട്ടത് “പോസ്റ്റുമോനെ കാണാനില്ല “എന്ന ഈ ചിത്രത്തിലാണ്.

സിനിമയിൽ വില്ലനെ അവതരിപ്പിച്ച നടൻ എൻ ഗോവിന്ദൻകുട്ടി  നായികയായി അഭിനയിച്ച  അക്കാലത്തെ മാദകറാണിയായിരുന്ന വിജയശ്രീയെ ബലാത്സംഗം ചെയ്യുന്ന രംഗത്തിന്റെ  കൂറ്റൻ

വാൾ പോസ്റ്ററുകൾ അന്ന് കേരളത്തിൽ  സൃഷ്ടിച്ച കോളിളക്കം ചില പഴയ തലമുറക്കാരെങ്കിലും  ഓർക്കുന്നുണ്ടായിരിക്കും …

Postmane Kanmanilla 1972| Malayalam Full Movie |Prem Nazir| Vijayasree |Adoor Bhasi |Central Talkies - YouTube

——————————————————

( സതീഷ് കുമാർ :9030758774)

——————————————————