ക്ഷത്രിയൻ.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചില്ലറ സീറ്റ് നൽകാറുണ്ട് എന്നതൊക്കെ ശരി. എന്നുവച്ച് കേരളത്തിലെ കാരണഭൂതനോടുള്ള സമീപനം തമിഴ്‌നാട്ടിലെ തലൈവരോട് കാണിക്കാൻ സിപിഎമ്മിനെ കിട്ടില്ല.
കേരളത്തിലെ ആശാപ്രവർത്തകർ ഒന്നും ആശിക്കരുതെന്ന് കട്ടായം പറയുമ്പോഴും തമിഴ്‌നാട്ടിലെ ആശമാരുടെ ആശകൾ നിറവേറ്റാൻ വിപ്ലവപ്പാർട്ടി സമരം ചെയ്യുന്നത് അത് കൊണ്ടാണ്.
ആനുകൂല്യം കൂട്ടിക്കിട്ടാൻ കേരളത്തിലെ ആശാ പ്രവർത്തകർ സമരം തുടങ്ങിയിട്ട് ഒന്നര മാസം കഴിഞ്ഞു. ആശാമാർക്കെതിരെ കലിതുള്ളിയവരിൽ ഒന്നാമൻ സി.ഐ.ടി.യു .നേതാവ് എളമരം കരീം. ആരോഗ്യമന്ത്രി തൊട്ട് ചുകപ്പണിഞ്ഞവർ ആരും ആശമാരോട് കനിവിൻ്റെ ലക്ഷണം പോലും കാണിച്ചിട്ടില്ല.
ഭരിക്കാൻ മാത്രമല്ല, സമരം ചെയ്യാനുള്ള അവകാശവും തങ്ങളുടേത് മാത്രമാണെന്ന് വിശ്വസിക്കുന്നിടത്ത് സമരം ചെയ്യാൻ തങ്ങളല്ലാത്ത ആരും വരേണ്ടതില്ലെന്ന നിലപാടിൽ മാറ്റം വരുത്താൻ വിപ്ലവപ്പാർട്ടിയെ കിട്ടില്ല. കാരണഭൂതൻ്റെ ഭരണത്തിൽ സമരത്തിനിറങ്ങുന്നവരെ വർഗവഞ്ചകരായി മാത്രമേ പാർട്ടിക്ക് കാണാനാകൂ.
തമിഴ്‌നാട്ടിൽ മുന്നണിയുടെ ഭാഗമാണെങ്കിലും ഭരണത്തിൻ്റെ നാലയലത്തൊന്നും വിപ്ലവപ്പാർട്ടി ഇല്ല. തലൈവർ നൽകുന്ന കൊഞ്ചം സീറ്റിൽ തഞ്ചത്തിൽ ജയിച്ചുകയറുന്ന ബന്ധം മാത്രം.
അത്കൊണ്ട് തന്നെ തമിഴ്‌നാട്ടിലെ ആശാമാർക്ക് ആനുകൂല്യം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താൻ സിഐടിയുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. ഊട്ടിയിൽ തുടങ്ങിയ സമരം തമിഴ്‌നാട്ടിലാകെ പടർത്തുമെന്നാണ് അവിടുത്തെ സിഐടിയുവിൻറെ മുന്നറിയിപ്പ്.
സമരത്തിനെതിരെ തലൈവർ കണ്ണുരുട്ടിയാൽ പിടിച്ചുനിൽക്കാൻ ന്യായവും സമരക്കാരുടെ കൈവശം ഇല്ലാതില്ല. പാർട്ടിയുടെ പോഷക ഘടകമല്ല സി.ഐ.ടി.യു എന്നങ്ങ് വച്ചുകാച്ചും.
7000 രൂപ ലഭിക്കുന്ന കേരളത്തിലെ ആശാമാർ 21000 ആവശ്യപ്പെട്ടാണ് സമരത്തിനുള്ളത്. അവരോട് ചർച്ചക്കൊരുങ്ങിയ വീണാമന്ത്രി ചോദിച്ചത് കിട്ടുന്നതിൻ്റെ മൂന്നിരട്ടിയൊക്കെ ചോദിക്കാമോ ചേച്ചിമാരേ എന്നാണ്. തമിഴ്‌നാട്ടിൽ 5750 ലഭിക്കുന്നിടത്ത് 26000 ആണ് സമരക്കാരുടെ ആവശ്യം. തോത് നോക്കിയാൽ മൂന്നിരട്ടിയിലും എത്രയോ അധികം.
ഇന്തമാതിരിയൊക്കെ പേശാമോയെന്ന് തമിഴ്‌നാട്ടിലെ ആരോഗ്യമന്ത്രി ചോദിച്ചോ എന്നറിയില്ല. ഏതായാലും വൈരുദ്ധാത്മക ഭൗതികവാദത്തിന് തെളിവുണ്ടാക്കാൻ പാർട്ടിക്ക് ഇങ്ങനെയൊക്കെ ഇരട്ടത്താപ്പ് കാണിച്ചേ മതിയാകൂ..
അല്ലെങ്കിലും എല്ലാകാര്യത്തിലും വ്യത്യസ്ത നിലപാട് എന്നതാണ് വിപ്ലവപ്പാർട്ടിയുടെ സൗന്ദര്യം തന്നെ. കുറ്റം തെളിഞ്ഞാലും പ്രതി പാർട്ടിക്കാരനാണെങ്കിൽ രക്ഷിക്കാനുള്ള വഴി കണ്ടെത്തുമെന്നതാണ് കേരള സ്റ്റൈൽ. തമിഴ്‌നാട്ടിൽ അങ്ങനെയല്ല.
കണ്ണൂർ ജില്ലയിൽ ബിജെപിക്കാരനെ കൊന്ന കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചപ്പോൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വിളിച്ചുപറഞ്ഞതാണ് പാർട്ടി. ജഡ്ജിമാർ ‘പ്രകാശം പരത്തുന്നവർ’ ആണെന്ന് പരസ്യമായിപ്പറഞ്ഞ എം. വി. ജയരാജന് ഏത് കോടതി വിധിയും അങ്ങനെയല്ലേ കാണാനാകൂ. എന്ത് കുറ്റമായാലും അന്വേഷിക്കാനും ശിക്ഷവിധിക്കാനുമൊക്കെ പാർട്ടിക്ക് സ്വന്തമായ സംവിധാനമാണ്.
തമിഴ്‌നാട്ടിൽ അങ്ങനെയല്ല. സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചയുടനെ അന്വേഷണം പോലുമില്ലാതെ വരദരാജൻ എന്ന ഉന്നതനേതാവിനെ പദവികളിൽനിന്ന് നീക്കിയിട്ടുണ്ട്. പരാതിയെക്കാൾ ഉപരി പാർട്ടി നടപടി കടുപ്പമായപ്പോൾ പോരൂർ തടാകത്തിൽ ചാടി ജീവനൊടുക്കുകയായിരുന്നു തമിഴരുടെ പ്രിയങ്കരനായ വരദരാജൻ. കേരളത്തിൽ സമാനകേസുകളിൽ അന്വേഷണം നടത്തിൽ തീവ്രത തിട്ടപ്പെടുത്തുക എന്നതാണ് പതിവ്.
പാർട്ടിയായാൽ അങ്ങനെയും ഇങ്ങനെയുമൊക്കെ പറഞ്ഞെന്നിരിക്കും. ഓരോ സംസ്ഥാനത്തെയും പാർട്ടിയെ ഒരേ അളവുകോൽ കൊണ്ട് അളക്കാൻ ആരും മുതിരുകയും വേണ്ട.
Post Views: 164