കൊച്ചി : സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു.
കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെയുള്ള വിവാദ പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാഴ്ചത്തേക്കാണ് നടപടി വിലക്ക്.കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്‌ഫോടനം നടന്നതിനെ തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങളായിരുന്നു കേസിന് ആധാരം.
ഐ പി സി 153 , കലാപാഹ്വാനം. 153 എ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുക, 120 (ഒ) ക്രമസമാധാനം തകര്‍ക്കുക എന്നീ വകുപ്പുകളാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ചുമത്തിയത്.
മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി.
വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെത്മലാനിയുടെ വാദം. ഹര്‍ജി ഡിസംബര്‍ 14ന് ഹൈക്കോടതി വീണ്ടുംപരിഗണിക്കും.
കൊച്ചി സൈബര്‍ സെല്‍ എസ് ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യ കേസ്. പിന്നീട് കെ പി സി സി മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനിന്റെ പരാതിയിലും കേസെടുത്തു. രണ്ടു കേസുകളും കൊച്ചി സെന്‍ട്രല്‍ പോലീസാണ് രജിസ്റ്റര്‍ ചെയ്തത്. കുറ്റാരോപിതര്‍ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിക്കുകയും, കളമശ്ശേരി സ്ഫോടനത്തെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ ഹമാസ് സംഘര്‍ഷവുമായി ബന്ധിപ്പിക്കുന്നതിലൂടെ കലാപാഹ്വാനം നടത്തുകയും ചെയ്തെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
ഒക്ടോബര് 31നാണ് രാജീവ് ചന്ദ്രശേഖറിനും ബിജെപി നേതാവ് അനില്‍ ആന്റണിക്കുമെതിരായ ആദ്യത്തെ കേസെടുക്കുന്നത്. ഹമാസ് മുന്‍ തലവന്‍ വീഡിയോ കോണ്ഫറന്‍സിങ് വഴി കേരളത്തിലെ യുവാക്കളുമായി ആശയവിനിമയം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ഒരു ഒരു ഭീകരവാദ പ്രവര്‍ത്തനം നടന്നിരിക്കുന്നു എന്ന രീതിയിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.