ആർ. ഗോപാലകൃഷ്ണൻ
🔸
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീതകരനാണ്; ജന്മംകൊണ്ട് ബംഗാളിയായ ‘സലിൽ ദാ’, പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം ബോംബേ സിനിമാ ലോകത്ത് അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി. ഇന്ത്യയിലെ അനുഗൃഹീത സംഗീത സംവിധായകരിൽ പ്രമുഖനായിരുന്നു സലിൽ ചൗധരി…
29-ാം ചരമവാർഷിക ദിനം ഇന്ന്: സ്മരണാഞ്ജലികൾ! 🌹
🌀
മലയാളത്തിന് ആദ്യമായി ഏറ്റവും മികച്ചചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമയിലെ, ‘ചെമ്മീനി’ലെ, സംഗീത സംവിധാനം നിർവഹിച്ചത് സലിൽ ചൗധരിയാണല്ലോ. അതിൽ തന്നെ ഈ അനശ്വര ഗാനം: ‘മാനസമൈനേ വരൂ…’ മന്നാ ഡേ പാടിയ പാട്ടിലെ സ്വരവിഷാദം, നഷ്ടപ്രണയത്തിൻ്റെ ഈ പ്രണയാര്‍ദ്രമായ മനസ്സുകളിലെല്ലാം നിലക്കാത്ത അലകൾ സൃഷ്ടിക്കപ്പെട്ടുക്കപ്പെട്ടു; അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും കടല്‍ക്കാറ്റുപോലെ ഇരമ്പുന്നുണ്ട്….
മന്നാ ഡേയും സലിൽ ചൗധരിയും ചേർന്ന് 25 ചിത്രങ്ങളിൽ സംയുക്തമായി പ്രവർത്തിച്ചിട്ടുണ്ട്… ‘ചെമ്മീനിനു ‘ പുറമെ ‘ആനന്ദ്’, ‘പരേഖ്’, ‘മധുമതി’, ‘മുസഫീർ’, ‘ദോ ബിഗാ സമീൻ’, ‘കൻഹ ബോലേ നാ’ തുടങ്ങിയവയാണ് അവരുടെ സംയുക്ത ഹിറ്റ് പാട്ടുകളുള്ള ചിത്രങ്ങൾ…
🌍
ബംഗാളിൽ ’24 പെർഗന’യിൽ സൊനാർപൂർ ഗ്രാമത്തിലായിരുന്നു 1922 നവംബർ 19-ന് ആയിരുന്നു സലിൽ ചൌധരിയുടെ ജനനം. അസമിലെ തോട്ടം മേഖലയിൽ ഡോക്ടറായിരുന്ന അച്ഛന്റെ കൂടെ അസമിലായിരുന്നു സലീലിന്റെ കുട്ടിക്കാലം…. അദേഹത്തിന്റെ പിതാവും നല്ലൊരു സംഗീതഞ്ജനായിരുന്നു. പടിഞ്ഞാറൻ സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം ഗ്രാമഫോൺ റെക്കാഡുകളും മറ്റും അദ്ദേഹത്തിന്റെ പിതാവിൻ്റെ ശേഖരത്തിൽ ഉണ്ടായിരുന്നു. സലിൽ ചൌധരിക്ക് തൻ്റെ പിതാവിനു പടിഞ്ഞാറൻ ക്ലാസ്സിക്കൽ സംഗീതവുമായുള്ള ആ അടുത്ത ബന്ധം വളരെ പ്രയോജനകരമായി; വളരെ നല്ല സംഗീത പഠനത്തിനു അദ്ദേഹത്തെ സഹായിച്ചു.
1940-കളിലെ ബംഗാളിലെ രാഷ്ട്രീയാവസ്ഥയിൽ, 1944 ൽ ബിരുദപഠനത്തിനായി കൽക്കട്ടയിലെത്തിയ സലിൽ ‘ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിൽ’ (‘ഇപ്റ്റ’യിൽ) ഒരു അംഗമായി; ഈ അവസരത്തിൽ ധാരാളം വിപ്ലവ ഗാനങ്ങൾ തയാറാക്കി ജനഹൃദയങ്ങളിൽ നല്ല ഒരു സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഗ്രാമങ്ങളിലൂടെ ഈ ഗാനങ്ങളുമായി ഐ. പി. ടി. എ. (‘ഇപ്റ്റ’) സഞ്ചരിച്ചു. ബംഗാൾ ജനതയുടെ ഹൃദയത്തിൽ പുതിയ ഒരു സമരാവേശം സൃഷ്ടിച്ചവ ആയിരുന്നു ഈ ഗാനങ്ങൾ.
സലിൽ ചൗധരി, സബിത ചൗധരി
🌍
പിന്നീട് നിരവധി ബംഗാളി സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. ബംഗാളിൽ അദ്ദേഹം സംഗീതജ്ഞൻ മാത്രമായിരുന്നില്ല കവിയും നാടകകൃത്തും, കഥാകൃത്തു മൊക്കെയായിരുന്നു.
1949-ൽ ‘പരിബർത്തൻ’ എന്ന സത്യൻ ബോസ് ചിത്രത്തിന് സംഗീതം നൽകിയായിരുന്നു സലീൽ ദായുടെ സിനിമയിലെ തുടക്കം. അദ്ദേഹത്തിന്റെ ചെറുകഥയായ റിക്ഷാവാലയാണ് ‘ദോബീഗ സമീൻ’ എന്ന പേരിൽ ബിമൽറോയ് ഹിന്ദിയിൽ സംവിധാനം ചെയ്ത് പുറത്തിറക്കിയത്….
സലിൽ സംഗീതം നലികിയെന്ന ഖ്യാതി നേടിയ ആദ്യ ചിത്രം ‘ദോ ബീഗ സമീൻ’ആണ്. ‘ദോ ബിഗ സമീൻ’ എന്ന ഹിന്ദി ചിത്രത്തിനു സംഗീതസംവിധാനം നിർവഹിച്ചതോടെ സിനിമാലോകത്തിന്റെ വാതിൽ അദ്ദേഹത്തിനായി തുറന്നു. സുന്ദരവും ലളിതവും ആയിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ.
1949 മുതൽ1995 വരെ 42 ബംഗാളി ചിത്രങ്ങൾ, 75 ഹിന്ദി ചിത്രങ്ങൾ, 27 മലയാളചിത്രങ്ങൾ, 5 തമിഴ് ചിത്രങ്ങൾ, 3 കന്നട ചിത്രങ്ങൾ, 6 ഇതര ഭാഷാ ചിത്രങ്ങൾ, എന്നിവയ്ക്കു വേണ്ടി സലിൽ സംഗീതസംവിധാനം നിർവഹിച്ചു.
🌍
‘വാസ്തുഹാര’, ‘വെള്ളം’ എന്നീ മലയാളചിത്രങ്ങൾക്കു വേണ്ടി പശ്ചാത്തലസംഗീതം നിർവഹിച്ചതും സലിൽദായാണ്.
ചെമ്മീൻ, ഏഴു രാത്രികൾ, അഭയം, രാസലീല, സ്വപ്നം, രാഗം, നെല്ല്, നീലപ്പൊന്മാൻ, തോമാശ്ലീഹ, സമയമായില്ല പോലും, പ്രതീക്ഷ, അപരാധി, തുലാവർഷം, ഏതോ ഒരു സ്വപ്നം, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, ചുവന്ന ചിറകുകൾ, ദേവദാസി, പുതിയ വെളിച്ചം, എയർ ഹോസ്റ്റസ്സ്, അന്തിവെയിലിലെ പൊന്ന്, തമ്പുരാൻ (1991-റിലീസ് ആകാത്തത്), തുമ്പോളി കടപ്പുറം എന്നിവയായിരുന്നു അദ്ദേഹം സംഗീതം നല്കിയ മലയാള ചലച്ചിത്രങ്ങൾ.
“മാനസമൈനേ വരൂ …” (ചെമ്മീന്‍-1966 ); “കാടാറുമാസം …” (ഏഴു രാത്രികള്‍-1968 ); “മഴവിൽക്കൊടി…” (സ്വപ്നം-1973 ) “യമുനേ നീ ഒഴുകു യാമിനി യദുവംശ മോഹിനി…”, “സ്വപ്നാടനം …” (തുലാവർഷം-1976); “മലര്‍ക്കൊടി പോലേ…” (വിഷുക്കണി-1977); “ശ്രീപദം വിടർന്ന…”, “ഒരു മുഖം മാത്രം…”, “പൂമാനം പൂത്തുലഞ്ഞേ…” (ഏതോ ഒരു സ്വപ്നം-1978); “സന്ധ്യേ കണ്ണീരിതെന്തേ …” (മദനോത്സവം-1978 ) “ഓര്‍മ്മകളേ…” (പ്രതീക്ഷ-1979); “കാതിൽ തേന്മഴയായ്…” (തുമ്പോളിക്കടപ്പുറം-1995) ഇങ്ങനെ എത്ര എത്ര ഹിറ്റായ പാട്ടുകൾ സലിൽ ദായുടെതായി ഉണ്ട്…
🌍
സലീൽ ചൗധരിയുടെ രണ്ടാമത്തെ ഭാര്യയാണ് സബിത ചൗധരി. ബംഗാളി, ഹിന്ദി, മലയാള ചലച്ചിത്ര പിന്നണി ഗായികയാണ് സബിത. ഭർത്താവിന്റെ ഈണത്തിൽ അവർ പാടിയ എട്ട് മലയാള ചലച്ചിത്ര ഗാനങ്ങളും നിത്യഹരിതങ്ങളാണ്. 1995 സെപ്റ്റംബർ 5-ന്, 72-ാം വയസ്സിൽ, അന്തരിച്ചു..
🔸
സലില്‍ ചൗധരി -സബിത ദമ്പതികളുടെ മക്കളാണ് അന്തര, സഞ്ചാരി, സഞ്‌ജോയ് ചൗധരി, ബോബി ചൗധരി എന്നിവർ. (രണ്ടു ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമാണ്.).
‘എന്നു സ്വന്തം ജാനകിക്കുട്ടി’ എന്ന മലയാള ചിത്രത്തിലൂടെ പശ്ചാത്തല സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചയാളാണ് സഞ്‌ജോയ് ചൗധരി. ‘ഇങ്ങിനെയൊരു നിലാപക്ഷി’, ‘രാസലീല’ എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. മകൾ അന്തരയും സംഗീതലോകത്തുണ്ട്…….
==============================
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി