April 22, 2025 4:57 pm

മഹാരാഷ്ടയിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം ?

മുംബൈ: ശിവസേന (ഏക്നാഥ് ഷിൻഡെ പക്ഷം) സ്ഥാനാർഥിയായിരുന്ന രവീന്ദ്ര വയ്ക്കറുടെ ബന്ധു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) അൺലോക്ക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗമായ അദ്ദേഹത്തിൻ്റെ മരുമകൻ മങ്കേഷ് പണ്ടിൽക്കറാണ് ഈ ഫോൺ ഉപയോഗിച്ചിരുന്നത്.ഇവിഎം അൺലോക്ക് ചെയ്യാനുള്ള ഒടിപി ലഭിക്കാനായി ഉപയോഗിച്ചിരുന്ന ഫോണാണ് ഇത്.

ഇതിനെ തുടർന്ന് മങ്കേഷിനും തിരഞ്ഞെടുപ്പ് കമ്മിഷൻ പോൾ പോർട്ടലായ എൻകോറിന്റെ ഓപ്പറേറ്റർ ദിനേഷ് ഗൗരവിനും പോലീസ് നോട്ടീസ് അയച്ചു.ഫോൺ പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടിയിലേക്ക് അയച്ചു. ഫോണിലെ വിവരങ്ങളും വിരലടയാളങ്ങളും പരിശോധിക്കും.

മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽനിന്ന് 48 വോട്ടിനാണ് രവീന്ദ്ര വയ്ക്കർ വിജയിച്ചത്. ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ജൂൺ 4ന് വോട്ടെണ്ണുമ്പോഴാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽവച്ച് മങ്കേഷ് മൊബൈൽ ഫോൺ ഉപയോഗിച്ചതായി മറ്റു സ്ഥാനാർഥികൾ പരാതി ഉന്നയിച്ചത്. 6.30 വരെ വോട്ടെണ്ണുമ്പോൾ ചെറിയ വോട്ടിന് ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാർഥി അമോൽ ക്രിതികർ ആയിരുന്നു മുന്നിൽ. തുടർന്ന് രണ്ടു തവണ വോട്ടെണ്ണിയതോടെ 48 വോട്ടിന് വയ്കറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

റീകൗണ്ടിങ്ങിന്റെ സമയത്താണ് മങ്കേഷ് ഫോണിൽ നിരന്തരം സംസാരിച്ചെന്ന ആരോപണമുയർന്നിട്ടുള്ളത്. 19ാം ഘട്ട വോട്ടെണ്ണലിനുശേഷം എണ്ണിയ വോട്ടുകളുടെ വിവരം നൽകുന്നത് അവസാനിപ്പിച്ചെന്നും തുടർന്ന് 26 റൗണ്ടിനുശേഷം വയ്ക്കറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നെന്നും ക്രിതികർ ആരോപിച്ചു.ഈ ഫോൺ ദിനേഷ് ഗൗരവിന്റെ പക്കലാണ് ഉണ്ടാകേണ്ടിയിരുന്നത്.

വോട്ടിങ് മെഷീൻ ‘ബ്ലാക്ക് ബോക്സ്’ പോലെ ദുരൂഹമായി തുടരുകയാണെന്നും അത് പരിശോധിക്കാൻ ആർക്കും അനുവാദമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇവിഎമ്മുകളിൽ കൃത്രിമത്തിന് സാധ്യതയുണ്ടെന്ന ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കിന്റെ പരാമർശവും പങ്കുവെച്ചുകൊണ്ടായിരുന്നു എക്സിൽ രാഹുലിന്റെ പ്രതികരണം.

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു ഇലോൺ മസ്ക് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച അഭിപ്രായം.നിർമ്മിത ബുദ്ധി ഉപയോഗിച്ചോ അല്ലാതെയോ ഇ.വി.എം. യന്ത്രങ്ങൾ ഹാക്ക് ചെയ്യാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഒഴിവാക്കണം എന്നായിരുന്നു മസ്കിന്റെ ട്വീറ്റ്.

എന്നാല്‍, ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ സുരക്ഷിതമാണ് എന്ന് ബി ജെ പി നേതാവും മുൻ മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയറുകൾ ഉണ്ടാക്കാൻ സാധിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്.

ഇതിൽ ബ്ലുടൂത്തോ വൈഫൈയോ അല്ലെങ്കിൽ മറ്റേതെങ്കിലും കണക്ടിവിറ്റിയോ ഉപയോഗിക്കുന്നില്ല. വേണമെങ്കിൽ ഇന്ത്യയിലേതു പോലുള്ള ഇ.വി.എമ്മുകൾ നിർമ്മിക്കാൻ മസ്കിന് പരിശീലനം നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News