ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലാശ്വാസമില്ല. ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി.
ഡൽഹി സർക്കാരിൻ്റെ 2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് കേസ്.
അറസ്റ്റ് ചോദ്യംചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിൽ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ ബെഞ്ചിന്റേതാണ് നടപടി.
ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുമുള്ള ഹര്‍ജിയിൽ കോടതി ഇ.ഡിയുടെ വിശദീകരണം തേടി നോട്ടീസ് നല്‍കി. നോട്ടീസിന് മറുപടി നല്‍കാന്‍ ഏപ്രില്‍ രണ്ടുവരെ സമയം അനുവദിച്ചു. ഏപ്രില്‍ മൂന്നിന് കോടതി വീണ്ടും കേസ് പരിഗണിക്കും.
അറസ്റ്റും റിമാന്‍ഡും ചോദ്യംചെയ്താണ് കെജ്‌രിവാള്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി പരിഗണിക്കുന്നതിന് മുന്നോടിയായി കേജ്രിവാളിനെതിരെ തെളിവുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഹാജരാക്കാൻ ഹൈക്കോടതി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു. .
“നിങ്ങൾ അദ്ദേഹത്തോട് ഒരു വിശദാംശവും വെളിപ്പെടുത്തുന്നില്ലെങ്കിൽ, എന്ത് അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്നും നിങ്ങളുടെ കയ്യിൽ എന്തെങ്കിലും തെളിവുകൾ അദ്ദേഹത്തിനെതിരെ ഉണ്ടെങ്കിൽ അത് കോടതിക്ക് അറിയേണ്ടതുണ്ട്.” കോടതി അന്വേഷണ ഏജൻസിയോട് പറഞ്ഞു.
കേജ്രിവാളിനെതിരെ മതിയായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് അന്വേഷണ ഏജൻസി പറഞ്ഞതിന് പിന്നാലെയാണ് സംഭവവികാസം.വാദം തുടങ്ങിയപ്പോൾ ജഡ്ജിമാർ അവരുടെ ചേംബറിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനോട് ഫയലുകൾ ആവശ്യപ്പെട്ടു.