മുഖ്യമന്ത്രി അതിഷിയെ ഗവർണർ വീട്ടിൽ നിന്ന് കുടിയിറക്കി

ന്യുഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അതിഷിയെ ഔദ്യോഗിക വസതിയില്‍ നിന്നു പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണര്‍ വി കെ സക്‌സേനയുടെ നടപടി പുതിയ രാഷ്ടീയ വിവാദത്തിന് തുടക്കമിട്ടു.

ലഫ്റ്റനന്റ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ എ എ പിയെ ചൊടിപ്പിച്ചു. വൈകിട്ടോടെയായിരുന്നു ഗവര്‍ണറുടെ ഉത്തരവ്. വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ കയററിറക്കുമതി ജീവനക്കാർ ബലമായി വീട്ടുപകരണങ്ങളും മറ്റും നീക്കം ചെയ്യുകയായിരുന്നു.

തടയാനെത്തിയ സുരക്ഷാ ജീവനക്കാരോട് ഗവര്‍ണറുടെ ഉത്തരവു പ്രകാരമാണ് സാധനങ്ങള്‍ നീക്കുന്നതെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസവരുത്തിയാല്‍ നടപടി നേരിടേണ്ടി വരുമെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ മുഴവന്‍ നീക്കം ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ സംസ്ഥാന ബിജെപിയുടെ നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ ഇപ്രകാരം നടപടി സ്വീകരിച്ചതെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. അതിഷിയുടെ ഔദ്യോഗിക വസതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഓഫീസ് മുറിയിലെ ഉള്‍പ്പെടയുള്ള ഉപകരണങ്ങള്‍ നീക്കം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടും.

ഇതോടെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസിന്‌റെ ആരോപണത്തോട് ലഫ്റ്റനന്‌റ് ഗവര്‍ണറുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വസതി ഒഴിഞ്ഞതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് അതിഷി സിവില്‍ ലൈന്‍ ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ ആറാം നമ്ബര്‍ ബംഗ്ലാവിലേക്ക് താമസം മാറിയത്.’രാജ്യത്തിന്‌റെ ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിയുടെ വസതിയിൽ കുടിയിറക്ക് നടക്കുന്നത്. ബിജെപിയുടെ നിര്‍ദേശപ്രകാരം ലഫ്റ്റനന്‌റ് ഗവര്‍ണര്‍ വസതിയില്‍നിന്ന് മുഖ്യമന്ത്രിയുടെ സാധനങ്ങള്‍ ബലമായി നീക്കംചെയ്യുകയായിരുന്നു’- മുഖ്യമന്ത്രിയുടെ ഓഫിസ് ആരോപിച്ചു.

മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വസതി ഒഴിഞ്ഞപ്പോള്‍ പൊതുമരാമത്ത് വകുപ്പിന് താക്കോല്‍ കൈമാറിയില്ലെന്നും അതിഷിയെ നേരിട്ട് ഏല്‍പ്പിക്കുകയായിരുന്നു എന്നും ഗവർണറോട് അടുപ്പമുള്ളവർ പറയുന്നു. വകുപ്പ് നേരിട്ട് അതിഷിക്ക് വസതി അനുവദിച്ചിട്ടില്ല.

ഔദ്യോഗിക കത്തും നല്‍കിയിട്ടില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അതിഷി വസതിയിലേക്ക് മാറിയത്. അതേസമയം, നടപടിക്രമങ്ങള്‍ പാലിച്ച്‌ അതിഷിക്ക് തന്നെ വസതി അനുവദിക്കുമെന്ന്  ഗവർണറുടെ ഓഫീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.

താക്കോല്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറാത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് കേജ്രിവാളിന്റെ സ്പെഷ്യല്‍ സെക്രട്ടറി അടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് വിജിലൻസ് ഡയറക്ടറേറ്ര് നേരത്തെ ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു.