ന്യൂഡല്‍ഹി : മാസപ്പടി കേസ് അന്വേഷണങ്ങൾ തടസ്സപ്പെടുത്താൻ കരിമണൽ കമ്പനിയായ ആലുവ സി എം ആർ എൽ ഡൽഹി ഹൈക്കോടതിയിലെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്‌സുമായി ബന്ധപ്പെട്ട ‘മാസപ്പടി’ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററും ( ഇ ഡി) സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസും (എസ് ഐ എഫ് ഐ ഒ) നടത്തുന്ന അന്വേഷണങ്ങൾ റദ്ദാക്കണം എന്നാണാവശ്യം.
നിയമവിരുദ്ധവും കളങ്കിതവും ആയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം എന്ന് സി. എൻ. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിൽ ഉള്ള കമ്പനി കോടതിയിൽ ബോധിപ്പിച്ചു. ആദായ നികുതി വകുപ്പ് തങ്ങളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ, മൊഴികൾ എന്നിവ വ്യക്തികൾക്കോ, അന്വേഷണ ഏജൻസികൾക്കോ കൈമാറുന്നത് തടയണം എന്നും ഹർജിയിൽ അപേക്ഷിച്ചിട്ടുണ്ട്.
ഇതിനിടെ, മാസപ്പടി കേസില്‍ ഇഡി നൽകിയ സമന്‍സിനെതിരെ ശശിധരൻ കർത്ത വീണ്ടും കേരള ഹൈക്കോടതിയിലെത്തി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. സിഎംആർഎൽ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നാണ് സിഎംആർഎൽ ജീവനക്കാര്‍ ആരോപിക്കുന്നത്. ഇഡി തങ്ങളെ നിയമവിരുദ്ധ കസ്റ്റഡിയിൽ വെച്ചു എന്നാണ് സിഎംആർഎൽ ഉദ്യോഗസ്ഥർ പറയുന്നത്.
വനിത ജീവനക്കാരിയെ 24 മണിക്കൂർ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചു. ഇ മെയിൽ ഐ ഡി, പാസ് വേർഡ് എന്നിവ നൽകാനും രഹസ്യ സ്വഭാവമുള്ള രേഖകൾ നൽകാനും ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇ ഡി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് ശശിധരൻ കർത്തയെ ഇഡി വിളിപ്പിച്ചത്.
മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശിധരൻ കർത്തയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വന്നില്ല.
ഇന്ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടി വിട്ട് നിൽക്കുകയായിരുന്നു ശശിധരൻ കർത്ത. അദ്ദേഹത്തിൻ്റെ നിസ്സഹകരണം ഇ ഡി കോടതിയെ അറിയിക്കും.