ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി; കേരളത്തിന് ഒന്നുമില്ല:

ന്യൂഡൽഹി: എൻ ഡി എ സർക്കാരിൻ്റെ സഖ്യ കക്ഷികളായ ആന്ധ്രാ പ്രദേശിലെ തെലുങ്കു ദേശം പാർടിയേയും ബിഹാറിലെ ജെ ഡു യു വിനെയും പ്രീതിപ്പെടുത്തുന്ന കേന്ദ്ര ബജററിൽ കേരളത്തിനായി ഒന്നുമില്ല.

ആന്ധ്രാപ്രദേശിനും ബീഹാറിനും വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട് കേരളം വർഷങ്ങളായി മുന്നോട്ടുവയ്‌ക്കുന്ന എയിംസ് പോലുള്ള പദ്ധതികളെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജററിൽ പരാർശമേയില്ല.

കേരളത്തിന് 2014ൽ വാഗ്ദാനം ചെയ്ത എയിംസ് പിന്നീട് കേന്ദ്ര സർക്കാർ മറന്നു. ഇതിനു ശേഷം അഞ്ച് എയിംസുകൾ വന്നൂ. കാസർകോട്, കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ എയിംസിനായി പിടി വലിയുണ്ടായതോടെ സമവായത്തിന് നിർദ്ദേശിച്ച് കേന്ദ്രസർക്കാർ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് എയിംസ് അനുവദിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം 2022ഏപ്രിലിൽ ധനമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.

സുരേഷ് ഗോപിയും ജോർജ് കുര്യനും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായിട്ടും കേരളത്തെ തീരെ പരിഗണിക്കാത്തതാണ് മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ബജററ്.അഞ്ചുവർഷത്തെ ഭരണം ഉറപ്പാക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിമാരായ നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും പ്രീണിപ്പിക്കുന്ന ബജററിൽ കേരളം എന്ന് പരാമർശിക്കുന്നു പോലുമില്ലെന്ന് പ്രതിപക്ഷ എം പി മാർ പരിഹസിക്കുന്നു.

വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി 5,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യവും ബജററിൽ പരിഗണിച്ചില്ല. പാക്കേജ് അനുവദിച്ചാൽ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾ സംസ്ഥാന ബഡ്ജറ്റിലുൾപ്പെടുത്തി നടപ്പാക്കാനാവുമായിരുന്നു. പ്രത്യേക പാക്കേജ് പോയിട്ട് വിഴിഞ്ഞത്തിന് അനുകൂലമായ ഒരു പ്രഖ്യാപനം പോലും ഉണ്ടായില്ല.കാർഷിക മേഖലയ്ക്ക് വാരിക്കോരി നൽകിയപ്പോഴും റബറിനോ തെങ്ങിനോ പേരെടുത്തുപറഞ്ഞുളള ഒരു പ്രഖ്യാപനവും ബഡ്‌ജറ്റിലില്ല.

അതേസമയം, ആന്ധ്രാപ്രദേശിന് കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് 15,000 കോടി രൂപയുടെ സഹായം ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി. മൂന്നാം തവണ എൻഡിഎ അധികാരത്തിലേറാൻ പ്രധാന പങ്കുവഹിച്ച സഖ്യകക്ഷിയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി)യോടുള്ള കടപ്പാടു വീട്ടുകയായിരുന്നു നിർമല സീതാരാമൻ.

കേന്ദ്ര സർക്കാരിൽ സ്‌പീക്കർ സ്ഥാനം, കൂടുതൽ മന്ത്രി സ്ഥാനങ്ങൾ എന്നിവയൊക്കെ ചോദിച്ചെങ്കിലും ടിഡിപിക്ക് നിരാശയായിരുന്നു ഫലം. എന്നാൽ, സർക്കാർ രൂപീകരിച്ച ശേഷമുള്ള ആദ്യ ബഡ്‌ജറ്റിൽ വലിയ പരിഗണനയാണ് നൽകിയിരിക്കുന്നത്. പ്രത്യേക പാക്കേജാണ് ആന്ധ്രാപ്രദേശിന് ലഭിച്ചത്. തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 15,000 കോടി രൂപ ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘങ്ങൾ കേന്ദ്ര സർക്കാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ആ ആവശ്യം അതേപടിതന്നെ ബഡ്‌ജറ്റിൽ പ്രതിഫലിച്ചു.

ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നുവെന്നും ബഹുമുഖ വികസന ഏജൻസികൾ വഴിയുള്ള പിന്തുണ സുഗമമാക്കുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

എൻഡിഎയിൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള പാർട്ടിയാണ് (16 സീറ്റ് ) ടിഡിപി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു നേരത്തെ ടിഡിപി മുന്നണി വിട്ടത്. ഇത്തവണ മുന്നണിയിലേക്ക് ശക്തമായ നിലയില്‍ തന്നെ തിരിച്ച് വന്ന ചന്ദ്രബാബു നായിഡു തങ്ങളുടെ ആവശ്യം വീണ്ടും ശക്തമാക്കുകയായിരുന്നു. തനിച്ച് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ നായിഡുവിന്റെ ആവശ്യങ്ങൾക്ക് ബിജെപി വഴങ്ങിക്കൊടുക്കുകയായിരുന്നു.

ബിഹാറിലെ ജെഡിയുവിന്റെ വളരെ കാലങ്ങളായുള്ള ആവശ്യമായ പ്രത്യേക സംസ്ഥാന പദവി നൽകിയില്ലെങ്കിലും പ്രത്യേക പാക്കേജ് ബഡ്‌ജറ്റിലുണ്ട് . പാ‌‌റ്റ്‌ന- പൂർണിയ, ബസ്‌കർ- ഭഗൽപൂർ, ബോദ്ഗയ-രാജ്‌ഗിർ, വൈശാലി-ദർബാൻഗ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് ഹൈവേയും സംസ്ഥാനത്തിന് ലഭിച്ച ‘ലോട്ടറി’യാണ്. 2600 കോടി രൂപയാണ് ഈ എക്‌സ്പ്രസ് ഹൈവേക്കായി ബഡ്‌ജറ്റിൽ നീക്കിവച്ചിരിക്കുന്നത്.

മാത്രമല്ല ഗംഗാനദിക്ക് കുറുകെ രണ്ടുവരി മേൽപ്പാലവും പ്രഖ്യാപിച്ചിട്ടുണ്ട്. 2400 മെഗാവാട്ടിന്റെ പവർ പ്ളാന്റാണ് മറ്റൊരു പ്രഖ്യാപനം. ഭഗൽപൂറിലെ പിർപൈന്തിയിലാണ് പ്ളാന്റ് വരിക. ഗയ, രാജ്‌ഗിർ എന്നിവയെ ബന്ധപ്പെടുത്തി ക്ഷേത്ര ഇടനാഴിയും പണിയും. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ബിഹാറിലെ ടൂറിസത്തിന് ഏറെ മുതൽക്കൂട്ടാകും. പ്രളയ നിവാരണത്തിന് 11500 കോടിയാണ് ബഡ്‌ജറ്റിൽ ബിഹാറിനായി നിർമ്മലാ സീതാരാമൻ മാറ്റിവച്ചത്.

സർക്കാരിന് ടിഡിപിയുടെയും ജെഡിയുവിന്റെയും പിന്തുണയുള്ളതിനാൽ ഇരു പാർട്ടികളെയും പിണക്കുന്നത് ഉചിതമല്ലെന്ന ബിജെപിയുടെ തീരുമാനം തന്നെയാണ് അവർക്ക് ഗുണകരമായതും.