ന്യൂയോര്‍ക്ക്: പ്ലാസ്ററിക് കുപ്പികളിൽ ലഭിക്കുന്ന ശുദ്ധജലത്തിൽ മാരകമായ രോഗം ഒളിച്ചിരിക്കുന്നുവെന്നും , ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായും പഠനറിപ്പോര്‍ട്ട്. മനുഷ്യന്റെ കോശങ്ങള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ് നാനോപ്ലാസ്റ്റിക്
പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആശങ്കകള്‍ വിലകുറച്ച് കാണുന്നതിന്റെ ആപത്തും നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുപ്പിവെള്ളത്തിലെ നാനോപ്ലാസ്റ്റിക് സാന്നിധ്യം സംബന്ധിച്ചാണ് ഗവേഷണം നടത്തിയത്. മനുഷ്യന്റെ മുടിയുടെ ഏഴില്‍ ഒരു ഭാഗം വരുന്ന നാനോ പ്ലാസ്റ്റിക് ആണ് കണ്ടെത്തിയത്. മുന്‍പത്തെ കണ്ടെത്തലുകളെ അപേക്ഷിച്ച് കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് അംശം നൂറ് ശതമാനം വരെ വര്‍ധിച്ചിരിക്കാമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍പത്തെ പഠനറിപ്പോര്‍ട്ടുകളില്‍ 5000 മൈക്രോമീറ്റര്‍ വരെ പ്ലാസ്റ്റിക് അംശം കുപ്പിവെള്ളത്തില്‍ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തല്‍.
മനുഷ്യന്റെ കോശങ്ങളില്‍ തുളച്ചുകയറാന്‍ വരെ ഇവയ്ക്ക് സാധിച്ചേക്കാം. രക്തത്തില്‍ കലര്‍ന്നാല്‍ അവയവങ്ങളെ വരെ തകരാറിലാക്കാം. പൊക്കിള്‍കൊടി വഴി ഗര്‍ഭസ്ഥശിശുവില്‍ വരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഗൗരവത്തോടെ വിഷയത്തെ കാണണമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് അംശം സംബന്ധിച്ചുള്ള സംശയം ശാസ്ത്രജ്ഞര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നാനോപ്ലാസ്റ്റിക് കണ്ടെത്താന്‍ ആവശ്യമായ സാങ്കേതികവിദ്യയുടെ അപര്യാപ്തതയാണ് ഇപ്പോഴും സംശയമായി നില്‍ക്കാന്‍ കാരണം. ഇതിന് പരിഹാരമെന്നോണം പുതിയ മൈക്രോസ്‌കോപ്പി സാങ്കേതികവിദ്യ കണ്ടെത്തിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.