സി ബി ഐയ്ക്ക് വിമർശം: മുഖ്യമന്ത്രി കെജ്രിവാളിന് സുപ്രിം കോടതി ജാമ്യം

ന്യൂഡൽഹി: മദ്യനയ രൂപവൽക്കരണത്തിൽ അഴിമതി കാണിച്ചു എന്ന് ആരോപിച്ച് സി ബി ഐ എടുത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതിയിലെ ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് സ്ഥിരം ജാമ്യം അനുവദിച്ചു.

മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ? സ്ഥിര ജാമ്യം അനുവദിക്കണോ? കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ? എന്ന കാര്യങ്ങളാണ് കോടതി പരിശോധിച്ചത്.

ജാമ്യം ലഭിച്ചതോടെകെജ്രിവാളിന് ജയില്‍ മോചനം ലഭിക്കും.അനന്തകാലം തടവിലിടുന്നത് ശരിയല്ല,വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും കോടതി നിരീക്ഷിച്ചു.

ജൂൺ 26 നാണ് കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിലിരിക്കേ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മദ്യനയ കേസിൽ നേരത്തെ അറസ്റ്റിലായ മനീഷ് സിസോദിയക്കും കെ കവിതയ്ക്കും കോടതി ജാമ്യം നൽകിയിട്ടുണ്ട്.
നുണയ്ക്കും ഗൂഢാലോചനക്കും എതിരെ സത്യം വിജയം കണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പ്രതികരിച്ചു.

കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാനാണ് ഈ പരാമര്‍ശം നടത്തിയത്. കൂട്ടിലടച്ച തത്തയാണെന്ന ജനങ്ങളുടെ ധാരണ സിബിഐ തിരുത്തണം. സിബിഐ സീസറിന്റെ ഭാര്യയെപ്പോലെ ആയിരിക്കണമെന്നും സംശയത്തിന് അതീതയാവണം. ഇ.ഡി കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞ കെജ്‌രിവാളിനെ അറസ്റ്റുചെയ്തത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഭുയാന്‍ അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാനും പ്രത്യേകം വിധികളാണ് എഴുതിയത്. കെജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. എന്നാല്‍ അറസ്റ്റിന്റെ സമയത്തെയും, രീതിയെയും ജസ്റ്റിസ് ഭുയാന്‍ വിമര്‍ശിച്ചു. 2023-ലാണ് സിബിഐ കെജ്‌രിവാളിനെ ചോദ്യം ചെയ്തതെന്ന് ജസ്റ്റിസ് ഭുയാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇ.ഡി രജിസ്റ്റര്‍ചെയ്ത കേസില്‍ ജാമ്യം ലഭിക്കുമെന്ന സാഹചര്യം ഉണ്ടായപ്പോഴാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു.

ജയില്‍ മോചിതന്‍ ആകുമെങ്കിലും, കെജ്‌രിവാളിന് മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക ചുമതലകള്‍ വഹിക്കാന്‍ പരിമിതികള്‍ ഉണ്ടാകും. ഇഡി കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ കെജ്രിവാള്‍ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കരുത് എന്നും, ഫയലുകള്‍ ഒപ്പിടരുത് എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങളോട് വിയോജിപ്പ് ഉണ്ട് എങ്കിലും, ഇപ്പോള്‍ മറ്റ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നില്ലെന്ന് ജസ്റ്റിസ് ഭുയാന്‍ തന്റെ വിധിയില്‍ രേഖപ്പെടുത്തി