ഡോ.ജോസ് ജോസഫ്
ഒരുമിച്ചു കളിച്ചു വളര്‍ന്ന രണ്ട് ബാല്യകാല സുഹൃത്തുക്കള്‍. വളര്‍ന്നപ്പോള്‍ രണ്ടു പേരും ചേര്‍ന്ന് ഒരു അധോലോക സാമാജ്യം തന്നെ കെട്ടിപ്പടുത്തു. അവരില്‍ പ്രണയവും സൗഹൃദവും നഷ്ടപ്പെട്ട നായകന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ നാടുവിടുന്നു. പിന്നീട് ഒരു ഇടവേളയ്ക്കു ശേഷം പക വീട്ടാനായി അയാള്‍ നാട്ടിലേക്ക് മടങ്ങി വന്നു.
കണ്ടു പഴകിയ ഈ അടിത്തറയിലാണ് അഭിലാഷ് ജോഷി കിങ് ഓഫ് കൊത്ത എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയം, സൗഹൃദം, പക, പ്രതികാരം, മയക്കുമരുന്ന്, സ്വന്തം കഴിവു കേട് മറയ്ക്കാന്‍ പ്രതിയോഗികളെ തമ്മിലടിപ്പിക്കുന്ന പോലീസ് ബുദ്ധി തുടങ്ങി ഗ്യാങ്സ്റ്റര്‍ സിനിമകളില്‍ കണ്ടു ശീലിച്ച പതിവു ചേരുവകളെല്ലാം കിങ് ഓഫ് കൊത്തയിലുമുണ്ട്.തമിഴില്‍ വിജയ് സിനിമകളിലെ പതിവ് മേമ്പൊടിയായ നായകന്റെ സഹോദരി സ്‌നേഹം പ്രത്യേകം ചേര്‍ത്തിട്ടുമുണ്ട്.
നായകനും വില്ലനും തമ്മിലുള്ള പ്രത്യേക സൗഹൃദം, അമ്മയുമായുള്ള നായകന്റെയും വില്ലന്റെയും പ്രത്യേക ബന്ധം എന്നിവയാണ് പുതുമക്കായി തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രന്‍ അധികമായി എഴുതിച്ചേര്‍ത്തിരിക്കുന്നത്. ജോഷി സംവിധാനം ചെയ്ത മറിയം പൊറിഞ്ചു ജോസ് എന്ന ചിത്രത്തിനു ശേഷം അദ്ദേഹത്തിന്റെ മകന്‍ അഭിലാഷ് ജോഷിക്കു വേണ്ടി അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ എഴുതിയ ചിത്രമാണ് കിങ് ഓഫ് കൊത്ത.
1987 ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡെല്‍ഹി മമ്മൂട്ടിയെ മെഗാസ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ ചിത്രമായിരുന്നു. സുരേഷ് ഗോപിയായിരുന്നു ആ ചിത്രത്തില്‍ ‘ മമ്മൂട്ടിയുടെ വലംകൈ.ന്യൂ ഡെല്‍ഹി പിന്നീട് തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.പാന്‍ ഇന്ത്യ ക്യാന്‍വാസ്സില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി കിങ് ഓഫ് കൊത്ത സംവിധാനം ചെയ്രിക്കുന്നത്. നായകന്റെ സന്തത സഹചാരിയായി കൊത്തയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുമുണ്ട്. എന്നാല്‍ ഒരു ‘സോഫ്റ്റ് ലാന്‍ഡിംഗ് ‘ അല്ല ചിത്രത്തിന്റേത്.ന്യൂ ഡെല്‍ഹിയെപ്പോലെ കിങ് ഓഫ് കൊത്ത തിരശ്ശീലയെ ‘തീ പിടിപ്പിക്കുന്നില്ല. മറിയം പൊറിഞ്ചു ജോസിന്റെ തിരക്കഥയുടെ ശക്തി കിങ് ഓഫ് കൊത്തയുടെ തിരക്കഥക്കില്ല.
കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് ചിത്രത്തിന്റെ ദൌര്‍ബ്ബല്യം.അധികം സസ്‌പെന്‍സ് ഒന്നും ചിത്രത്തില്‍ ഒളിപ്പിച്ചു വെച്ചിട്ടില്ല. മൂന്നു മണിക്കൂറോളം ചിത്രം വലിച്ചു നീട്ടിയിട്ടുമുണ്ട്. വേഫറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.
ബ്രിട്ടീഷ് ഭരണകാലത്ത് കൊടും കുറ്റവാളികളെ കൊന്നു തള്ളിയിരുന്ന തരിശു ഭൂമിയായിരുന്നു കൊത്ത. പിന്നീട് അവിടെ തമിഴന്മാരും മലയാളികളും കുടിയേറി. ചിത്രം തുടങ്ങുന്നത് 1996-ലാണ്. കൊത്തയിലേക്ക് സ്ഥലം മാറി വന്ന സി ഐ ഷാഹുലിനെ (പ്രസന്ന ) വരവേറ്റത് കൊടും ക്രിമിനലുകളാണ്.നഗരം കണ്ണന്‍ ഭായ്( ഷഫീര്‍ കല്ലറയ്ക്കല്‍) എന്ന മാഫിയ തലവന്റെ കീഴിലാണ്. ലഹരിക്കച്ചവടവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്ന കെ ടീമിന്റെ സമാന്തര ഭരണമാണ് നഗരത്തില്‍. ശബ്ദമുയര്‍ത്താന്‍ പോലീസിനു പോലും ധൈര്യമില്ല.ലഹരിക്കടിമപ്പെട്ട് ആ നഗരത്തിലെ യുവ തലമുറ നശിച്ചു.
സ്റ്റേഷനിലെ എസ് ഐ ടോണിയില്‍( ഗോകുല്‍ സുരേഷ്) നിന്നാണ് നഗരത്തെ കാല്‍ക്കീഴിലാക്കി ഭരിച്ചിരുന്ന കൊത്ത രാജു (ദുല്‍ഖര്‍ സല്‍മാന്‍ ) എന്ന രാജാവിന്റെ കഥ സി ഐ ഷാഹുല്‍ അറിയുന്നത്.പത്തു വര്‍ഷം മുമ്പ് 1986 ല്‍ ലോക ഫുട്‌ബോള്‍ മത്സരം നടക്കുമ്പോള്‍ രാജു നാടുവിട്ടു. രാക്ഷന്റെയും അസുരന്റെയും സ്വഭാവ ഗുണങ്ങള്‍ ചേര്‍ന്ന രാജു ഗുണ്ടയായിരുന്ന അച്ഛന്‍ കൊത്ത രവിയുടെ (ഷമ്മി തിലകന്‍) പാത പിന്തുടര്‍ന്ന് ഗുണ്ടയായതാണ്.അച്ഛനോടും അമ്മയോടും (ശാന്തി കൃഷ്ണ) വൈകാരികമായ അകല്‍ച്ചയിലാണ് രാജു.
അനിയത്തിയോട് (അനിഖ സുരേന്ദ്രന്‍) വലിയ സ്‌നേഹവും. കണ്ണനും രാജുവും ടോണിയുമെല്ലാം അടുത്ത സുഹൃത്തുക്കളായിരുന്നു. കൊത്തയിലെ വിന്നേഴ്‌സ് ക്ലബ്ബ് എന്ന ഫുട്‌ബോള്‍ ക്ലബ്ബിലെ കളിക്കാരായിരുന്നു അവര്‍. ചിത്രം തുടങ്ങി അര മണിക്കൂറാകുമ്പോഴാണ് കൊത്ത രാജുവിന്റെ വരവ്.രാജുവിന്റെ അവതരണ രംഗം പ്രേക്ഷകരെ ആകര്‍ഷിക്കുന്നില്ല.
കൊടും ക്രിമിനലാണെങ്കിലും പാവങ്ങളോട് കരുണയുള്ളവനായിരുന്നു രാജു.കൊത്തയില്‍ ബുക്ക്സ്റ്റാള്‍ നടത്തിയിരുന്ന താരയായിരുന്നു (ഐശ്വര്യ ലക്ഷ്മി) കാമുകി. ലഹരിക്കച്ചവടത്തോടുള്ള താരയുടെ എതിര്‍പ്പു കാരണം ഗ്യാങില്‍ ലഹരി ബിസിനസ് അനുവദിക്കുന്നില്ല രാജു.കൊത്തയില്‍ കഞ്ചാവു കച്ചവടം നടത്താനുള്ള ഗാന്ധിഗ്രാം രജ്ഞിത്തിന്റെ (ചെമ്പന്‍ വിനോദ് ജോസ് ) ശ്രമത്തിന് ഏക തടസ്സം രാജുവായിരുന്നു. പ്രണയനഷ്ടവും കഞ്ചാവ് കച്ചവടത്തോടുള്ള എതിര്‍പ്പും കാരണം രാജുവിന് നാടുവിടേണ്ടി വരുന്നു.രാജുവിന്റെ അഭാവത്തില്‍ കൊത്തയിലെ അധോലോകം കണ്ണന്റെ നിയന്ത്രണത്തിലായി.
മുള്ളിനെ മുള്ളു കൊണ്ടെടുക്കുക എന്ന പോലീസ് ബുദ്ധി 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജുവിനെ കൊത്തയില്‍ തിരികെ എത്തിക്കുന്നു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ മെട്രിക്കുലേഷന്‍ എടുത്ത് നാടുവിട്ട അയാള്‍ അതില്‍ പിഎച്ച്ഡി എടുത്ത കൊടും ക്രിമിനല്‍ മദിരാശി രാജുവായിട്ടാണ് മടങ്ങിയെത്തിയത്. ‘തിരിച്ചു വന്ന യജമാനനെ കണ്ട നായയെ പോലെയാണ് കൊത്ത. ആദ്യം കുരയ്ക്കും.പിന്നെ വാലാട്ടും.പിന്നെ കാല്‍ക്കല്‍ വീണു കിടക്കും’ എന്ന രാജുവിന്റെ പ്രതീക്ഷ തെറ്റിയില്ല.എല്ലാ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളിലെയും പോലെ വില്ലന്റെ അന്തിമമായ പതനമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.
പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ കണക്കിലെടുത്താവണം അങ്ങേയറ്റത്തെ അക്രമ രംഗങ്ങളാണ് ചിത്രത്തില്‍ ഉടനീളം.കൊത്ത രാജുവായി ദുല്‍ഖര്‍ സല്‍മാന് നല്ല സ്‌ക്രീന്‍ പ്രസന്‍സുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ ദുല്‍ഖര്‍ മികവു കാട്ടി. പാ രജ്ഞിത്തിന്റെ സര്‍പാട്ടൈ പരമ്പരൈയില്‍ ഡാന്‍സിംഗ് റോസ് എന്ന കഥാപാത്രമായി തിളങ്ങിയ ഷഫീര്‍ കല്ലറയ്ക്കലിന്റെ കണ്ണന്‍ ഭായ് ദുല്‍ഖറിനൊപ്പമോ ഒരു പടി മുകളിലോ തിളങ്ങി.
ഗോകുല്‍ സുരേഷിന്റെ നിസ്സഹായനായ ടോണി ഉശിരില്ലാത്ത വെറും തേഞ്ഞ കഥാപാത്രമായി പോയി. നായിക ഐശ്വര്യ ലക്ഷ്മിയുടെ താരയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മറിയം പൊറിഞ്ചു ജോസിലെ മറിയത്തെ പോലെ ഒരു വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ദുരൂഹമായ ഭൂതകാലമുള്ള മജ്ഞുവിനെ നൈല ഉഷ ഭംഗിയായി അവതരിപ്പിച്ചു.
പ്രസന്ന, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, സജിത മഠത്തില്‍, ശ്രീകാന്ത് മുരളി, ചെമ്പന്‍ വിനോദ് ജോസ്, സെന്തില്‍ കൃഷ്ണ, അനിഖ സുരേന്ദ്രന്‍, സൗബിന്‍ ഷഹീര്‍ ,സുധി കോപ്പ തുടങ്ങിയവരും കഥാപാത്രങ്ങളെ ഭംഗിയാക്കി. നല്ല ദൈര്‍ഘ്യമുള്ള ചിത്രത്തെ പിടിച്ചു നിര്‍ത്തുന്നത് സാങ്കേതിക വിഭാഗവും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ്. നിമിഷ് രവിയുടെ ഛായാഗ്രഹണവും ജെയ്ക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും മികച്ചതാണ്.
(കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര
ഹോര്‍ട്ടിക്കള്‍ച്ചറല്‍ കോളേജിലെ വിജ്ഞാന വ്യാപന വിഭാഗം തലവനും,
പ്രൊഫസറുമായിരുന്നു ഡോ.ജോസ് ജോസഫ്)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക