നായര്‍ സര്‍വ്വീസ് സൊസൈറ്റിയും സാമൂഹ്യനീതിയും

പി.രാജന്‍

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഭരണഘടനക്ക് ഒരു സവിശേഷതയുണ്ട്. അധഃസ്ഥിതരുടെ ഉന്നമനവും ഭരണഘടനയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ആ സവിശേഷത. അധഃസ്ഥിതര്‍ എന്ന പദത്തിന് പകരം ‘സാധുജനം’ എന്നാണ് ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്നത്.

അയ്യന്‍കാളി സ്ഥാപിച്ച സാധുജനപരിപാലനയോഗത്തില്‍ നിന്നാണ് ‘സാധുജനം’ എന്ന പദം സ്വീകരിച്ചതെന്ന് കരുതാന്‍ കാരണമുണ്ട്. ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ടി.കെ.മാധവന്റെ സ്വാധീനത്താല്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും ഉപയോഗിച്ച ‘ഹരിജന്‍’ എന്ന പദമല്ല എന്‍.എസ്.എസ്. പ്രയോഗിച്ചതെന്നതും ശ്രദ്ധേയമാണ്.

‘സാധുജന’ങ്ങളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാന്‍ അനുവദിച്ചല്ലങ്കില്‍ സവര്‍ണ്ണര്‍ എന്നറിയപ്പെടുന്നവരുടെ പാടങ്ങളില്‍ കൃഷിപ്പണിക്കോ കൊയ്ത്തിനോ തയ്യാറാവാതെ പണിമുടക്കുമെന്ന് കര്‍ഷകത്തൊഴിലാളികളടങ്ങുന്ന അധഃസ്ഥിതരുടെ നേതാവായ അയ്യന്‍കാളി ഭീഷണിപ്പെടുത്തിയിരുന്നു. അദ്ദേഹം ഈ ”പണിമുടക്ക് നോട്ടീസ്” നല്‍കുന്നത് 1917-ല്‍ റഷ്യയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവത്തിനും പത്ത് വര്‍ഷം മുമ്പ് 1907-ലാണെന്നോര്‍ക്കണം. ആ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇതിന് മറ്റൊരു മാനമുണ്ട്.

ഖുറാന്‍ പരസ്യമായി കത്തിച്ചു കൊണ്ട് സ്വീഡനിലും മറ്റും അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണാര്‍ത്ഥം നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് നാമിപ്പോള്‍.

ഗണപതി പുരാണത്തെക്കുറിച്ചുള്ള സ്പീക്കര്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ്. കഴിഞ്ഞ ദിവസം വിശ്വാസ സംരക്ഷണ ദിനമാചരിച്ചു. എന്‍.എസ്.എസിന്റെ ആ തീരുമാനത്തെ ഞാന്‍ പിന്തുണക്കുന്നില്ല. ഏത് മതത്തേയും ഏത് വിശ്വാസത്തേയും ഏത് ആചാരത്തേയും വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്.

യഥാര്‍ത്ഥത്തില്‍ ‘സാധുജന സേവനം’ ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ എന്‍.എസ്.എസ്. തീരുമാനിച്ച ദിവസം സാമൂഹ്യ നീതി ദിനമായി ആചരിക്കണമെന്നാണ് എന്റെ പക്ഷം. ഒരു സമുദായത്തിനെതിരേയും മുദ്രാവാക്യം മുഴക്കരുതെന്നാണ് എന്‍.എസ്.എസ്.അതിന്റെ അണികളോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ദേശീയ താല്‍പ്പര്യ ചിന്താഗതി സ്വീകരിക്കേണ്ട സമയമാണിത്. ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രസ്ഥാനത്തിനും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിനുമൊക്കെ എത്രയോ മുമ്പ് ‘സാമൂഹിക നീതി’ എന്ന ആശയത്തെക്കുറിച്ച് അംഗങ്ങളെ ബോധവാന്മാരാക്കുന്നതിന് എന്‍.എസ്.എസ്. നല്‍കിയ സംഭാവനകള്‍ക്ക് ആഗോളതലത്തില്‍ തന്നെ ചരിത്രപരമായ പ്രാധാന്യമുണ്ട്.


(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,
മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
           സന്ദര്‍ശിക്കുക