ഡോ ജോസ് ജോസഫ്
ജോനാഥൻ മോസ്റ്റോ സംവിധാനം ചെയ്ത ബ്രേക്ക് ഡൗൺ 90- കളിലെ ഹോളിവുഡ് കൾട്ട് ചിത്രങ്ങളിലൊന്നായിരുന്നു.
1997 ൽ പുറത്തിറങ്ങിയ ഈ ക്രൈം ത്രില്ലർ നായകൻ കുർട്ട് റസ്സലിന്റെ ഗംഭീര പ്രകടനവും പിരിമുറുക്കവും സസ്‌പെൻസും നിറഞ്ഞ തിരക്കഥയും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടി.ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ബ്രേക്ക്ഡൗണിൻ്റെ രണ്ടര മണിക്കൂർ ദൈർഘ്യമുള്ള തമിഴ് പുനരാഖ്യാനമാണ് തലൈ അജിത്ത് നായകനായ വിടാമുയർച്ചി.
ഒറ്റപ്പെടൽ,വിശ്വാസ വഞ്ചന, ആസൂത്രിത ക്രൈം തുടങ്ങിയ വിഷയങ്ങൾ ബ്രേക്ക് ഡൗൺ സമർത്ഥമായി പര്യവേഷണം ചെയ്തിരുന്നു. മഗിഴ് തിരുമേനി സിനിമ തമിഴിൽ റിമേക്ക് ചെയ്യുമ്പോൾ സംവിധായകൻ്റെ ക്രിയാത്മക സംഭാവനകളൊന്നും കാണാനില്ല .
ഹോളിവുഡ് സ്റ്റൈൽ മേക്കിംഗാണെങ്കിലും ആദ്യ പകുതിയിൽ ചെറിയ ഇഴച്ചിൽ അനുഭവപ്പെടും. അജിത് ചിത്രങ്ങളിലെ പതിവ് ശൈലിയിലുള്ള പാട്ടുകളും മാസ്സ് ആക്ഷൻ സീനുകളും നീണ്ട ഡയലോഗുകളും വിടാമുയർച്ചിയിൽ ഇല്ല “Perseverance triumphs” എന്നാണ് വിടാമുയർച്ചിയുടെ ടാഗ് ലൈൻ.
എന്നാൽ നായകൻ്റെ പോരാട്ടം വിശ്വസനീയമായി അവതരിപ്പിക്കാൻ സംവിധായകൻ വല്ലാതെ പാടുപെടുന്നുണ്ട്. ക്ലാസ്സിക് ത്രില്ലർ ചിത്രമായ ബ്രേക്ക് ഡൗണിൻ്റെ അഭിമാനിക്കാവുന്ന തമിഴ് പതിപ്പല്ല വിടാമുയർച്ചി.
അസർബെയ്ജാൻ തലസ്ഥാനമായ ബാകുവിലാണ് ചിത്രത്തിൻ്റെ തുടക്കം. അസർബെയ്ജാനിൽ ഉയർന്ന ഉദ്യോസ്ഥനായ അർജുനും (അജിത് ) ഭാര്യ കായലും ( തൃഷ ) ഒരു റോഡ് ട്രിപ്പിനിറങ്ങുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. വിവാഹ ജീവിതം 12 വർഷം പിന്നിടുമ്പോൾ .തങ്ങൾക്കിടയിലെ സ്നേഹം നഷ്ടപ്പെട്ടു പോയെന്ന് ഇരുവരും തിരിച്ചറിയുന്നു.
തമ്മിൽ വേർപിരിയണമെന്ന തീരുമാനത്തിലേക്ക് കായൽ എത്തുന്നു. വിവാഹ മോചന നടപടികൾ പൂർത്തിയാകും വരെ അച്ഛൻ്റെയും അമ്മയുടെയും ഒപ്പം ജന്മദേശമായ ജോർജിയൻ തലസ്ഥാനം ടിബിലിസിയിൽ പോയി താമസിക്കണമെന്നാണ് അവളുടെ ആഗ്രഹം. ബാകുവിൽ നിന്നും ഒമ്പത് മണിക്കൂർ റോഡ് ഡ്രൈവ് ചെയ്ത് കായലിനെ വീട്ടിലെത്തിക്കാമെന്ന് അർജുൻ ഏൽക്കുന്നു.
ബ്രേക്ക്ഡൗണിലെ നായകനായ ജെഫ് ടെയ്‌ലറും (കുർട്ട് റസ്സൽ) ഭാര്യ ആമിയും (കാത്‌ലീൻ ക്വിൻലാൻ) സന്തുഷ്ടരായ ദമ്പതികളായിരുന്നു.എന്നാൽ വിടാമുയർച്ചിയിലെ നായകനും നായികയും ദാമ്പത്യം മടുത്ത് വേർപിരിയലിൻ്റെ വക്കിലാണ്.ഇതിന് സംവിധായകൻ മഗിഴ് തിരുമേനി നൽകിയ അധിക മാനമാണ് ബ്രേക്ക്ഡൗണിൽ നിന്നും വിടാമുയർച്ചിക്കുള്ള ക്രിയാത്മകമായ ചെറിയ മാറ്റം
.ബാകുവിൽ നിന്നും ടിബിലിസിയിലേക്കുള്ള യാത്ര വിജനമായ വഴികളിലൂടെയാണ്. മൊബൈൽ ഫോൺ പോലും പ്രവർത്തിക്കില്ല. യാത്രക്കിടയിൽ ഒരു ഗ്യാങുമായി ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാകുന്നു. അത് ഒതുക്കി മുന്നോട്ടു പോകുമ്പോൾ അവരുടെ കാർ കേടായി.
വഴിയിൽ വെച്ചു പരിചയപ്പെട്ട ട്രക്ക് ഡ്രൈവർ രക്ഷിതും (അർജുൻ) ഭാര്യ ദീപികയും ( റെജീന കസാൻഡ്ര) അവരെ സഹായിക്കാൻ തയ്യാറാകുന്നു. ലോജിസ്റ്റിക്സ് ബിസിനസ് നടത്തുകയാണ് രക്ഷിതും ദീപികയും. കായലിനെ അല്പം ദൂരെയുള്ള റെസ്റ്റോറൻ്റിൽ ഇരുത്താം, കാർ നന്നാക്കി അർജുൻ പിന്നാലെ എത്തിയാൽ മതി എന്ന ധാരണയിൽ അവർ ട്രക്കുമായി പുറപ്പെടുന്നു.
എന്നാൽ പിന്നീട് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നു. കായലിനെ കാണാതാകുന്നു. സഹായികൾ തന്നെ വില്ലന്മാരായി മാറുമ്പോൾ വലിയ പോരാട്ടമാണ് അർജുന് നടത്തേണ്ടി വരുന്നത്. അതിശക്തരായ ഒരു ക്രിമിനൽ ഗ്യാങിൽ നിന്ന് നിന്ന് ഭാര്യയെ രക്ഷിക്കാൻ ഒറ്റയ്ക്ക് പോരാടുന്ന ഒരു സാധാരണക്കാരൻ്റെ സർവൈവൽ ത്രില്ലറായിരുന്നു ബ്രേക്ക്ഡൗൺ.വിടാമുയർച്ചിയുടെ ആദ്യ പകുതി ബ്രേക്ക്ഡൗണിന് സമാനമായാണ് തുടരുന്നത്.
എന്നാൽ രണ്ടാം പകുതിയിൽ അജിത്തിൻ്റെ ആരാധകരെ തൃപ്തിപ്പെടുത്താൻ ഹോളിവുഡ് സ്റ്റൈലിൽ നിന്നും മാറി ചില ഒത്തുതീർപ്പുകൾക്ക് തയ്യാറായിട്ടുണ്ട് സംവിധായകൻ. ചിത്രത്തിൻ്റെ അവസാന ഒരു മണിക്കൂർ നിസ്സഹായതയുടെ കെട്ടു പൊട്ടിക്കുന്ന നായകൻ തമിഴ് സിനിമാ സ്റ്റൈലിൽ തന്നെയാണ് പോരാടുന്നത്.ചിത്രത്തിൻ്റെ ഹൈലൈറ്റായി പുകഴ്ത്തപ്പെടുന്ന ഹമ്മർ മറിച്ചിടൽ രംഗങ്ങളും കാർ ചേസിംഗുമെല്ലാം അജിത് ആരാധകരെ സന്തോഷിപ്പിക്കും.
2011 ലെ മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്ത് , അർജുൻ .തൃഷ എന്നിവർ ഒന്നിച്ചെത്തുന്ന ചിത്രമാണ് വിടാമുയർച്ചി. സ്ഥിരം മാസ്സ് ഹീറോ വേഷങ്ങൾ തകർത്താടുന്ന അജിത്തിൻ്റെ സാധാരണക്കാരനായ നായകനിലേക്കുള്ള രൂപം മാറ്റം പ്രസംശനീയമാണ്. അജിത്തിന് വലിയ വെല്ലുവിളികൾ ഉയർത്തുന്ന കഥാപാത്രമല്ല അർജുൻ.തൃഷയും അജിത്തും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഫ്ലാഷ് ബാക്കിൽ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.
എന്നാൽ രക്ഷിത്തിൻ്റെയും ദീപികയുടെയും പൂർവ്വ ചരിത്രം കഥയിൽ മുഴച്ചു നിൽക്കുന്നു.
നെഗറ്റീവ് വേഷങ്ങളിൽ അർജുനും റെജീന കസാൻഡ്രയും തിളങ്ങി. മറ്റൊരു വില്ലനായെത്തുന്ന ആരവും മികച്ചു നിന്നു.
അനിരുദ്ധ് രവിചന്ദറിൻ്റെ സംഗീതം മികച്ചതാണ്.ഓം പ്രകാശ് ഐഎസ്‌സി യുടെ ഛായാഗ്രഹണം ഒരു റോഡ് ത്രില്ലർ മൂവിയ്ക്കു ചേർന്നതാണ്.എൻബി ശ്രീകാന്താണ് എഡിറ്റർ. മിലൻ കലാസംവിധാനവും സുപ്രീം സുന്ദർ ആക്ഷൻ രംഗങ്ങളും ഒരുക്കിയിരിക്കുന്നു.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)