പി.രാജന്‍
ജീവനക്കാര്‍ മുതലാളിയെ ക്കുറിച്ച് അഭിപ്രായം പറയുന്നത് അച്ചടക്ക ലംഘനമാവില്ലെന്ന് മദ്രാസ്സ് ഹൈക്കോടതി വിധിച്ചതായ വാര്‍ത്ത മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ രസം തോന്നി. മാനേജിങ്ങ് ഡയറക്ടറുടെ താല്‍പ്പര്യത്തിനു വിരുദ്ധമായി പ്പെരുമാറിയെന്നു കുറ്റപ്പെടുത്തി അച്ചടക്ക നടപടിയെടുത്ത് ജോലിയില്‍ നിന്നു എന്നെപിരിച്ചു വിട്ട മാനേജ്‌മെന്റിനു ആത്മ പരിശോധന നടത്താന്‍ ഈ വിധി കാരണമായെങ്കില്‍ നല്ലതാണ്.
കമ്പനിയുടെ ദുര്‍ഭരണത്തെ വിമര്‍ശിച്ചു കൊണ്ട് ഓഹരിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ആയിരുന്ന വീരേന്ദ്രകുമാറിനു അയച്ച കത്താണ് എനിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കാരണമായത്. കത്തില്‍ ഞാന്‍ പറഞ്ഞതെല്ലാം സത്യമായതുകൊണ്ട് അത് പിന്‍വലിച്ച് ഒത്തു തീര്‍പ്പുണ്ടാക്കുന്നതിനു പത്രപ്രവര്‍ത്തകനായ ഞാന്‍ സന്നദ്ധനായില്ല.
പത്രാധിപ സമിതി പിന്തുടരുന്ന നിലപാടുകളുടെ കാര്യത്തിലും സാമ്പത്തിക കാര്യത്തിലുമുള്ള കമ്പനി ഭരണത്തെ ഞാന്‍ വിമര്‍ശിച്ചിരുന്നു. പത്ത് ശതമാനം ഓഹരി പിന്തുണയുണ്ടെങ്കില്‍ ദുര്‍ഭരണത്തിനു എതിരായി ഹൈക്കോടതിയില്‍ നേരിട്ട് കേസ് കൊടുക്കാന്‍ അന്ന് കമ്പനി നിയമത്തില്‍ വ്യവസ്ഥയുണ്ട് – അല്ലാത്ത പക്ഷം ഹൈക്കോടതി അധികാരപ്പെടുത്തണം.
വളരെയേറെ ഓഹരിക്കാരുള്ള കമ്പനിയില്‍ പത്ത് ശതമാനത്തിന്റെ പിന്തുണ തേടണമെങ്കില്‍ മാനേജ്‌മെന്റിന്റെ ദുര്‍ഭരണത്തെപ്പറ്റി ഓഹരിക്കാര്‍ക്ക് അച്ചടിച്ച കത്ത് അയക്കേണ്ടിവരും. അത് അച്ചടക്ക ലംഘനമായാല്‍ ഓഹരിക്കാരന്റെ അവകാശവും ജീവനക്കാരന്റെ അവകാശവും തമ്മില്‍ പൊരുത്തക്കേടുണ്ടാകും. ഞാന്‍ ഇക്കാര്യമെല്ലാം ഉന്നയിച്ച് വ്യവഹാരം നടത്തിയതിന്റെ പ്രസക്തിയവസാനിച്ചിട്ടില്ല. കമ്പനിയുടെ പ്രതിഛായ തകര്‍ക്കരുതെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.
തൊഴിലാളി തന്റെ ജീവിത സമ്പാദ്യം മുഴുവന്‍ കമ്പനിക്ക് കൊടുത്ത പാരമ്പര്യമുള്ള കമ്പനിയാണ് മാതൃഭൂമി. ആ കമ്പനിയുടെ പ്രതിഛായ നശിപ്പിക്കാതിരിക്കാന്‍ മാനേജ്‌മെന്റും ശ്രദ്ധിക്കേണ്ടെ?
(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,
മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക