രാഘവന് പുതിയ സൂക്കേടോ ..?

ക്ഷത്രിയന്‍

സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി ബഹളത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കോണ്‍ഗ്രസ്സിലെ എം പി: എം കെ രാഘവന്‍ മുന്നോട്ട് വന്നിരിക്കുന്നു. ആഹാ എന്താ കഥ. മൂന്നു തവണ എംപിയായ സ്ഥിതിക്ക് ഇനി നാലാം വട്ടം ലഭിക്കില്ലെന്ന് കണ്ടതു കൊണ്ടോ അതോ സിപിഎമ്മിനെ രക്ഷിക്കാന്‍ താനും ബാദ്ധ്യസ്ഥനാണെന്ന് കരുതിയതു കൊണ്ടോ ആവാം നിനച്ചിരിക്കാത്ത നേരത്ത് ഒരു ജനാധിപത്യ പ്രേമം അദ്ദേഹത്തിന് വന്നത്.

കോണ്‍ഗ്രസ്സില്‍ ‘യൂസ് ആന്റ് ത്രോ ‘ആണത്രേ. ഉപയോഗിച്ചശേഷം വലിച്ച് എറിയുക. അതിന് ഒരു ഉദാഹരണം പറയണമായിരുന്നു. രാഘവനെ വലിച്ചെറിഞ്ഞോ. ആ വേദിയിലിരുന്ന വി.എം.സുധീരനെ എറിഞ്ഞോ. ആരേയെങ്കിലും ജനം തോല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് കോണ്‍ഗ്രസ് നേതൃത്വം എന്ത് പിഴച്ചു. വി.ടി. ബാലറാം തോറ്റത് തൃത്താലയില്‍
എം ബി രാജേഷിനോട്. എന്നിട്ട് വലിച്ചെറിഞ്ഞോ. പകരം കെപിസിസി വൈസ് പ്രസിഡണ്ടാക്കിയില്ലേ.

കോഴിക്കോട്ട് പി.ശങ്കരന്‍ സ്മരണാ ചടങ്ങിലായിരുന്നു രാഘവന്റെ പ്രഖ്യാപനം. എഐസിസി പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ശശിതരൂരിന്റെ ഏജന്റായിരുന്നു. ആര്‍ക്കൊപ്പവും നില്‍ക്കാം. തരൂരിന്റെ ഗുണം പിണറായിയെ പുകഴ്ത്തുന്ന നേതാവ് എന്ന നിലക്കാണല്ലേ.

വികസന നായകനാണ് തരൂരിന്റെ നിരീക്ഷണത്തില്‍ വിജയന്‍. അപ്പോള്‍ പിന്നെ ഏജന്റിനും അത്തരത്തില്‍ പെരുമാറണമല്ലോ. ഇപി ജയരാജന്‍, എം വി ഗോവിന്ദന്റെ ജാഥയില്‍ നിന്ന് മാറിനില്‍ക്കുന്നതും ലൈഫ് മിഷന്‍ വീട് അഴിമതി കേസ്സില്‍ പെട്ട് വിജയന്‍ വെള്ളം കുടിക്കുന്നതും സഹിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസുകാരും ഉണ്ടെന്ന് വന്നിരിക്കുന്നു.

ഇത്തരം സിപിഎം വിരുദ്ധ വാര്‍ത്തകളില്‍ നിന്ന ജനം മാറണെങ്കില്‍ കോണ്‍ഗ്രസ്സില്‍ ജനാധിപത്യം ഇല്ലെന്ന് തന്നെ പറയണമല്ലോ. സിപിഎമ്മിന്റെ പത്രത്തില്‍ ഒന്നാം പേജിലല്ലേ പടം സഹിതം ന്യൂസ്. കലക്കി. കോണ്‍ഗ്രസിനെ സഹായിക്കുന്ന രണ്ട് വാക്ക് പറഞ്ഞാല്‍ ഇത്തരത്തില്‍ പ്രശസ്തി കിട്ടില്ലല്ലോ.

മുന്‍മന്ത്രിയായ പി.ശങ്കരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം വിഎം സുധീരന് നല്‍കുന്ന ചടങ്ങിലായിരുന്നു രാഘവീയം. പറ്റിയ വേദി. സുധീരനും മോശക്കാരനല്ലല്ലോ. അദ്ദേഹത്തിനും. ആദര്‍ശം ഇശ്ശി തലക്ക് പിടിച്ചിരുന്നുവല്ലോ. യൂസ് ആന്റ് ത്രോ ഇനത്തിലാണ് സുധീരനെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ഭാരവാഹിത്തം സ്വയം ഇട്ടിട്ട് പോയതാണ്.

വേദിയില്‍ കയറി വാര്‍ത്ത സൃഷ്ടിക്കാന്‍ നോക്കുന്ന അപൂര്‍വ്വം കോണ്‍ഗ്രസുകാരില്‍ രാഘവന്‍ പെട്ടിരുന്നില്ല. എന്നാല്‍ അടുത്തകാലത്തായി ആസുക്കേട് ഉണ്ടായിരിക്കുന്നു. എഐസിസി ഇലക്ഷന്‍ കഴിഞ്ഞ് ഖാര്‍ഗേ പ്രസിഡണ്ടായപ്പഴാണ് ജനാധിപത്യം ലീഗില്‍ മാത്രമേയുള്ളുവെന്ന് രാഘവന് തോന്നിയത്. ശശിതരൂര്‍ ജയിച്ചിരുന്നുവെങ്കില്‍ ജനാധിപത്യം ഇരട്ടിച്ചേനേയെന്നാകാം.

മിണ്ടാതിരുന്നാല്‍ ഒന്നും കിട്ടുന്നില്ലാ എന്നെല്ലാമാണ് രാഘവ ഭാഷ. എന്ത് അടിസ്ഥാനത്തിലാണ് 15 കൊല്ലം എംപിയായ രാഘവന്‍ ഇത്തരത്തില്‍ പറയുന്നത്. കോണ്‍ഗ്രസ്സ് ലോക്‌സഭാ പാര്‍ട്ടി സെക്രട്ടറിയാണ് രാഘവന്‍. കേരളത്തിലെ പിസിസി മൊത്തം ഖാര്‍ഗേക്ക് ഒപ്പം നിലയുറപ്പിച്ചപ്പോള്‍ എതിര്‍ത്ത് നിന്ന് അദ്ദേഹം എംപിമാരുടെ കൂട്ടായ്മയുടെ ഭാരവാഹിയാണെന്ന് ഓര്‍ത്തില്ലെന്ന് തോന്നുന്നു. മൂന്ന് സ്റ്റേറ്റുകളിലെ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം നേതൃത്വമാണെന്ന് രാഘവന്‍ പറയുന്നു.

അപ്പോള്‍ കുറ്റപ്പെടുത്തല്‍ ദേശീയ അടിസ്ഥാനത്തിലേക്ക് നീട്ടി. എന്താ രാഘവാ ഉദ്ദേശ്യം. മേഘാലയ നാഗാ, ത്രിപുര തെരഞ്ഞെടുപ്പുകളില്‍ തോറ്റതിന് നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന രാഘവനും നേതാവല്ലേ. കേരളത്തില്‍ എന്തേ നിയമസഭാ ഇലക്ഷനില്‍ കോഴിക്കോട്ട് കോണ്‍ഗ്രസ് തോറ്റു.? പി സി സി ജനറല്‍ സെക്രട്ടറിയും എംപിയുമായ താങ്കളും നേതൃത്വത്തില്‍ പെടില്ലേ.

കോണ്‍ഗ്രസുകാരെ വെള്ളം കുടിപ്പിക്കരുതന്നേ പറയാനുള്ളു. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ പാവങ്ങള്‍ കഷ്ടപ്പെടുകയാണ്. തൃക്കാക്കര, പിന്നീടുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് ജയിച്ചത് രാഘവന്‍ മറന്നുവെന്ന് തോന്നുന്നു. ഈ നേതൃത്വത്തിന്റെ കീഴിലാണ് ഇവരെല്ലാം ജയിച്ചത്. രാഘവന്റെ സംഭാവന എന്തായിരുന്നു? നല്ലകാലം വരുമ്പോള്‍ കോലിട്ട് ഇളക്കി നശിപ്പിക്കരുത്. കുറ്റം പറഞ്ഞാലേ ശ്രദ്ധിക്കപ്പെടുവെന്ന് തോന്നുന്നതിന് മരുന്നില്ല.

രാഘവന്റെ പ്രസ്താവന വന്നപ്പോഴേയ്ക്കും മുരളീധരന് ആവേശം. രാഷ്ട്രീയകാര്യ സമിതി വിളിക്കണത്രേ. ചാനലുകാരെ കാണുമ്പോള്‍ വാലു പൊക്കുന്ന നേതാക്കളുടെ കാലത്ത് അതെല്ലാം സഹിച്ച് മുന്നേറുന്ന കോണ്‍ഗ്രസ്സ് ബൂത്ത് നേതാക്കള്‍ക്കാണ് ശങ്കരന്റെ പേരിലുള്ള അവാര്‍ഡ് കൊടുക്കേണ്ടതെന്ന് പറയേണ്ടി വരുന്നു.