കിഷന്‍കുമാര്‍
ആദരണീയനായ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി തിരുമേനിക്ക് ഒരു കുറിപ്പെഴുതണമെന്ന് ഒരു തോന്നല്‍ വന്നിട്ട് ദിവസം രണ്ടായി. സമയം കിട്ടിയത് ഇപ്പോഴാണ്. വിഷയം വേറൊന്നുമല്ല. നമ്മുടെ റബര്‍ വില വാണം പോലെ ആകാശത്തേക്ക് പോകുന്ന കാര്യം തന്നെ.
അങ്ങേക്ക് നേരിട്ട് അന്തപുരിയിലെ മാരാര്‍ജി ഭവനിലോ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ മാര്‍ഗിലെ കാവി പൂശിയ കേന്ദ്ര ഓഫീസിലേക്കോ കയറി ചെല്ലാമല്ലോ… അതിന് പാവം റബര്‍ കര്‍ഷകന്റെ രക്തത്തില്‍ ചവുട്ടി പോകണമോ, അങ്ങേയുടെ ലക്ഷ്യവും അജണ്ടയും വരികള്‍ക്കിടയിലൂടെ മലയാളികള്‍ക്ക് ബോധ്യമായി.
സത്യം പറയാനും നന്മ പ്രവര്‍ത്തിക്കാനും കര്‍ത്താവ് പഠിപ്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇക്കാലത്ത് ചിലവാകില്ലെന്ന് തിരുമേനിക്കുമറിയാം. കര്‍ത്താവ് ഇനി ഒരിക്കല്‍ കൂടി കുരിശ്ശില്‍ നിന്ന് ഉയര്‍ത്തേഴുന്നേറ്റാലും റബറിന് 300 രൂപ ലഭിക്കില്ല.
തിരുവോണത്തിന് മുമ്പ് ഒരു മൂലം വരണം. തെറ്റുധരിക്കണ്ട, മൂലം നക്ഷത്രം. പെസഹ ഇല്ലാതെ ഈസ്റ്റര്‍ ഇല്ലല്ലോ അതു തന്നെ. പ്ലാംപാനിയുടെ ലൗ കാവിയെ സഭയിലെ മറ്റ് പിതാക്കന്‍മാര്‍ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. പലരുടെയും മനസ്സിലെ പൂതി പ്ലാംപാനിയുടെ തിരുവായയിലൂടെ പുറത്ത് വന്നു എന്നു മാത്രം. സഭയിലെ തമ്മലടിയും കത്തികുത്തും ശമിപ്പിച്ചിട്ടുപോരെ ബി.ജെ.പി.യുടെ ക്വട്ടേഷന്‍ !
പാവം കര്‍ഷകരെ ഇതൊന്നും കണ്ടും കേട്ടും നിങ്ങള്‍ മോഹാലസ്യപ്പെടണ്ട. റബറിന് 300 രൂപ കിട്ടാനും പോകുന്നില്ല. ബിഷപ്പ് വിചാരിച്ചാല്‍ ബി.ജെ.പി.ക്ക് എം.പി.യും ഉണ്ടാകുന്നില്ല. 12 – 15 ശതമാനം വോട്ടാണ് ബി.ജെ.പിക്കുള്ളത്. അത് ഭൂരിപക്ഷവും ഹിന്ദു വോട്ടര്‍മാര്‍. പത്ത് ശതമാനത്തില്‍ താഴെയുള്ള മുഴുവന്‍ ക്രിസ്ത്യാനികളും പ്ലാംപാനിയുടെ പിന്നാലെ ആടുകളെ പ്പോലെ ചെന്ന് കേറിയാലും 20 ശതമാനത്തിന് അപ്പുറം കടക്കില്ല.
ക്രിസ്ത്യാനികളെല്ലാം ചേര്‍ന്ന് കാവി കൊടി പിടിക്കാന്‍ വരുന്നത് കണ്ട് കുറച്ചു ഹിന്ദുക്കള്‍ മാറി ചിന്തിച്ചാല്‍ കടിച്ചതും പിടിച്ചതും പോകും. ന്യൂനപക്ഷ വോട്ട് ബി.ജെ.പി.ക്ക് വേണം റബറിന് 300 ആക്കി അതിന്റെ പങ്ക് പറ്റാം എന്ന് കരുതിയാല്‍ ഉള്ള മണ്ണ് ഒലിച്ചു പോകും.
പ്ലാംപാനിയേക്കാള്‍ ബുദ്ധിയും വിവേകവുള്ളവരാണ് മോദിയും അമിത്ഷായും 90 ശതമാനത്തിലേറെ ക്രിസ്ത്യാനികളുള്ള നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണം പിടിച്ചത് റബറിന് വില കൂട്ടിയിട്ടോ വീഞ്ഞിന്റെ വില കുറച്ചിട്ടോ അല്ല, രാഷ്ട്രീയവും സ്ഥിരതയും പറഞ്ഞു, ഒപ്പം ബീഫ് തരുമെന്നും പറഞ്ഞു.
ഇവിടെ റബറിന് മാത്രം വില കിട്ടിയാല്‍ മതിയോ ? നെല്‍ കര്‍ഷകനോട് സര്‍ക്കാര്‍ കടം പറഞ്ഞത് 430 കോടിയാണ്. ഇതില്‍ 150 കോടിയും മോദി തരേണ്ടത്. കുട്ടനാട്ടിലെ സഭാ മക്കള്‍ കൊയ്‌തെടുത്ത നെല്ല് പാഴായി പോകുമ്പോഴാണ് പ്ലാംപാനിയുടെ വില പേശല്‍.
വിഴിഞ്ഞത്തെ സഭാ മക്കള്‍ സിമന്റ് ഗോഡൗണിലാണ് വര്‍ഷങ്ങളായി താമസം. തിരുവനന്തപുരം ബിഷപ്പും വൈദികരും നിരവധി കേസ്സുകളില്‍ പ്രതിയാണ്.ബിഷപ്പ് ഫ്രാങ്കേയുടെ പെണ്ണു കേസോ കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമി തട്ടിപ്പ് കേസോ ബിഷപ്പ് യോഹന്നാന്റെ പണം തട്ടിപ്പ് കേസോ ഒന്നുമില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടിയതിന് എതിരെയുള്ള കേസ്.
പ്രധാനമന്ത്രിയുടെ കൂട്ടുകാരന്‍ വ്യവസായിക്ക് പോര്‍ട്ട് ഉണ്ടാക്കാന്‍ കുടിയിറക്കപ്പെട്ട മല്‍സ്യത്തൊഴിലാളികളെ ചേര്‍ത്ത് നിര്‍ത്തിയതിലുള്ള കേസ്. അല്ലേലും തുട്ടില്ലാത്ത മല്‍സ്യതൊഴിലാളിയേയും നെല്‍ കര്‍ഷകനേയും ആര്‍ക്കു വേണം, കയ്യേറ്റക്കാരനേയും കൈയില്‍ കായുള്ള റബറുകാരെയും മതിയല്ലോ പിതാക്കന്‍മാര്‍ക്ക്.
സെബാസ്റ്റ്യന്‍ വള്ളോപിള്ളിയും, ജോസഫ് പാറേക്കാട്ടിലും, ജോസഫ് പവ്വത്തിലും ആന്റണി പടിയറയും ഇരുന്ന കസേരയിലെ ഇന്നത്തെ പിന്‍ഗാമികള്‍ ഭൂമി തട്ടിപ്പുകാരും പുറത്തു പറയാന്‍ നാണമുള്ള കേസിലെ പ്രതികളുമാണ്. മുന്‍ഗാമികള്‍ മഹാപിതാക്കന്‍മാരും വിശുദ്ധ തിരുമേനിമാരുമായിരുന്നു. സഭയ്ക്ക് വേണ്ടി മാത്രമല്ല, സമൂഹത്തിനു വേണ്ടിയും അവര്‍ സംസാരിച്ചിരുന്നു, ക്ഷോഭിക്കാതെ. ഭരണാധികാരികള്‍ കേട്ടിരുന്നു. മാനിച്ചിരുന്നു, സഹായിച്ചിരുന്നു.
രണ്ടു മുഖങ്ങളിലും വില പേശല്‍ ഉണ്ടായില്ല.സഭ വളര്‍ന്നതും, സ്ഥാപനങ്ങള്‍ തുടങ്ങിയതും എല്ലാവര്‍ക്കും വേണ്ടിയായിരുന്നു. അല്ലാതെ റബറുകാരനും കയ്യേറ്റക്കാരനും വേണ്ടിയായിരുന്നില്ല.വെട്ടി പിടിച്ചതിനൊക്കെ പട്ടയവും റബര്‍ വെയ്ക്കാന്‍ സഹായിച്ചതും മുന്‍ ഭരണ കൂടങ്ങള്‍.അവരും വില പേശിയില്ല.
പ്ലാംപാനി പിതാവേ റബറിന് 300 രൂപ തരാനും കര്‍ഷകരെ സഹായിക്കാനും കോട്ടയം ആസ്ഥാനമായ റബര്‍ ബോര്‍ഡ് ഉണ്ടാകുമോ ? ബി.ജെ.പി. സര്‍ക്കാരിന്റെ, നീതി ആയോഗ് പിരിച്ചു വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ ഒന്നാണിത്.
അത് പിരിച്ചു വിടരുതെന്ന് പറയാനുള്ള ശേഷി അങ്ങ് പ്രകടിപ്പിക്കണം. സഭയേയും പിതാക്കന്‍മാരെയും ചൂഴ്ന്ന് നില്‍ക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പാവം റബര്‍ കര്‍ഷകരെ ബലി കൊടുക്കണോ ? നോമ്പ് കാലമാണല്ലോ. സഭയുടെ പല പള്ളികളിലും ക്രിസ്തുമസിന് കുര്‍ബാന അര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
ദുഃഖ വെള്ളിയാഴ്ചയെങ്കിലും പറ്റുമോ മനസ് സമാധാനത്തോടെ പള്ളിയില്‍ പോകാനും കയ്യും കാലും ഒടിയില്ലെന്ന് ഉറപ്പു വരുത്താനും, ഭൂമി തട്ടിപ്പും പെണു പിടുത്തവും ഇനി നടക്കില്ലെന്ന് പറയാനും പ്ലാംപാനി പിതാവിന് കഴിയുമോ സ്വന്തം കണ്ണിലെ കരട് മാറ്റിയിട്ട് പോരെ അന്യന്റെ കണ്ണിലെ കോല് എടുക്കല്‍ ! കുഞ്ഞു മനസ്സില്‍ വന്ന ഒരു സംശയം ചോദിച്ചതാണേ…
പണ്ട് നമ്മുടെ കുഞ്ഞുണ്ണി മാഷ് എന്ന കുഞ്ഞുകവി കുറിച്ച ഒരു പൊടിക്കവിത ഓര്‍മ വരുന്നു..
‘ യേശുവിലാണെന്‍ വിശ്വാസം
കീശയിലാണെന്‍ ആശ്വാസം’