ഇടതു മുന്നണി മരിച്ചു; ശവമടക്ക് കഴിഞ്ഞു

In Top News, മൗനരേഖ
July 02, 2022

എന്‍.എം.പിയേഴ്സണ്‍

രാഷ്ട്രീയം ഒഴിവാക്കി നമുക്ക് സമൂഹത്തെ വായിക്കാനാവില്ല. രാഷ്ട്രീയം എത്രമാത്രം മലീമസമായാലും അതിനിടയിലുള്ള രാഷ്ട്രീയ വായനതന്നെയാണ് അതിനെ തിരിച്ചറിയാനുള്ള മാര്‍ഗം. മനുഷ്യനോട് രാഷ്ട്രീയ പ്രതിബദ്ധതയോടു കൂടി സംസാരിച്ച ഒരു രാഷ്ട്രീയ മാതൃകയായിരുന്നു ഏണസ്റ്റോ ചെഗുവേര.

ആത്മത്യാഗത്തിന്റെ ആ അനശ്വരഗാനം ഇന്നും ലോകത്തുള്ള മനുഷ്യരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. ജീവിക്കാന്‍ സമത്വപൂര്‍ണമായ, ജനാധിപത്യാധിഷ്ഠിതമായ സാഹോദര്യം പുലരുന്ന സാമൂഹ്യ വ്യവസ്ഥയെ ചെ നിരന്തരം പുനരുല്പാദിപ്പിച്ചു കൊണ്ടിരിക്കയാണ്. കേരളത്തിന്റെ രാഷ്ട്രീയബോധം അത് ഉള്‍ക്കൊണ്ടതാണ്. എന്നാല്‍ ഇന്ന് അധികാരം കൈയാളുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ആ രാഷ്ട്രീയത്തെ കൈയ്യൊഴിഞ്ഞു കഴിഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞതായി മുദ്രവെക്കുന്ന ജോലിയാണ് ചെറുപ്പക്കാരായ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ മുഖ്യ ചുമതല. അവരാണ് തൃക്കാക്കരയെ ഇടതുപക്ഷത്തിന്റെ ഉന്മൂലന ദേശമായി പ്രഖ്യാപിച്ചത്. രാഷ്ട്രീയ പോരാട്ടത്തെ ജാതിപ്പോരാക്കി

കുറച്ചുകാലം മുമ്പ് ബംഗാളിലെ സിപിഎം നേതാവായിരുന്ന സുഭാഷ് ചക്രവര്‍ത്തി. ജാതി രാഷ്ട്രീയത്തെ ന്യായീകരിച്ച് ക്ഷേത്ര ദര്‍ശനത്തെയും മതപരമായ ചടങ്ങുകളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അംഗീകരിച്ച് പ്രസ്താവന നടത്തി. ജോതിബസു അതിനെ പരിഹസിച്ചു. പക്ഷെ സുഭാഷ് ചക്രവര്‍ത്തി പറഞ്ഞു ”ഒന്നാമതായി ഞാനൊരു ബ്രാഹ്മണനാണ്, രണ്ടാമതായി ഞാനൊരു ഹിന്ദുവാണ്. മൂന്നാമതായി ഞാനൊരു മാര്‍ക്സിസ്റ്റാണ്”. അന്ന് കേരളത്തിലുള്ള മാര്‍ക്സിസ്റ്റ് നേതൃത്വം സുഭാഷ് ചക്രവര്‍ത്തിയെ ന്യായീകരിച്ചില്ല. ഇന്നത്തെ യുവ നേതാക്കള്‍ അതിനെ ന്യായീകരിക്കുന്നു.

തൃക്കാക്കരയില്‍ എറണാകുളം ജില്ലാ കമ്മറ്റി തീരുമാനിച്ചത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടിക്കാരനായ അരുണ്‍കുമാറിനെ ആയിരുന്നു. എന്നാല്‍ അത് തള്ളിയത് സംസ്ഥാന നേതൃത്വമാണ്. അതിനു കാരണം അരുണ്‍കുമാര്‍ ഹിന്ദുവാണ് എന്നതായിരുന്നു. കത്തോലിക്ക സഭയില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ സഭയുടെ പതിനയ്യായിരം വോട്ട് ലഭിക്കുമെന്നും അങ്ങനെ കോണ്‍ഗ്രസിനെ അവിടെ അട്ടിമറിയ്ക്കാമെന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങളെ ജില്ലയിലെ സെക്രട്ടേറിയറ്റ് മെമ്പര്‍മാര്‍ ബോധ്യപ്പെടുത്തി.

പാര്‍ട്ടിനേതാവിനെ എന്തുകൊണ്ട് മത്സരിപ്പിച്ചില്ല എന്ന ചോദ്യത്തിന് സെക്രട്ടേറിയറ്റ് മെമ്പര്‍ നല്‍കിയ മറുപടി തൃക്കാക്കര ഇടതുപക്ഷം ഒരിക്കലും ജയിക്കാത്ത മണ്ഡലമാണ് എന്നായിരുന്നു. അവിടെ നല്ലത് ജാതി സ്ഥാനാര്‍ത്ഥിയാണ്. അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിയത് 2019 ല്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സൈദ്ധാന്തികനായ പി രാജീവന് ലഭിച്ചത് 41439 ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ കണ്ടെത്തിയ സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന് 47754 വോട്ട് ലഭിച്ചു, അതിനാല്‍ തൃക്കാക്കരയില്‍ ഇപ്പോള്‍ നിറുത്തിയ സ്ഥാനാര്‍ത്ഥിയാണ് ഏറ്റവും മികച്ചത് എന്നായിരുന്നു സെക്രട്ടേറിയറ്റ് അംഗത്തിന്റെ ഉറച്ച മറുപടി. സെബാസ്റ്റ്യന്‍ പോളിന് കിട്ടിയ 49455 സെക്രട്ടറിയേറ്റ് അംഗം സൗകര്യപൂര്‍വ്വം മറന്നു.

സി പി എമ്മിന്റെ രാഷ്ടീയ ചോര്‍ച്ച

രാഷ്ട്രീയ പോരാട്ടത്തെ ജാതി രാഷ്ട്രീയമായി മാറ്റിയത് സിപിഎം ന്റെ രാഷ്ട്രീയ ചോര്‍ച്ചയെ വ്യക്തമാക്കുന്നതാണ്. തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പില്‍ പ്രശാന്ത് ജയിച്ചത് ജാതി രാഷ്ട്രീയം കോണ്‍ഗ്രസിനെയും ബിജെപിയെയും തിരിഞ്ഞ് കൊത്തിയതുകൊണ്ടായിരുന്നു. നായരെ ജയിപ്പിക്കാന്‍ എന്‍ എസ് എസ് പരസ്യമായി ഇറങ്ങിയപ്പോള്‍ നായര്‍ ഒഴിച്ചുള്ള എല്ലാവരും അതിനെതിരെ തിരിഞ്ഞു. ഹിന്ദുരാഷ്ട്രീയത്തിനെതിരെ ഇതര മതസ്ഥരുടെ ധ്രുവീകരണമായിരുന്നു അവിടെ നടന്നത്. തൃക്കാക്കരയില്‍ സി പി എം മതചിഹ്നം സ്വീകരിച്ചപ്പോള്‍ അതിനെ ജനം പത്തലുവെട്ടി തല്ലി.

സഭയുടെ സ്ഥാനാര്‍ത്ഥിയായി സഭയുടെ സ്ഥാപനത്തില്‍ സഭയുടെ തിരുവസ്ത്രമണിഞ്ഞ പുരോഹിതന്റെ കാര്‍മ്മികത്വത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കാഴ്ചക്കാരായി മാറിയത് സി പിഎം രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളും എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു. ഇവര്‍ രാഷ്ട്രീയത്തിലെ അംഗന്‍വാടി കുട്ടികളാണെന്ന് കേരളം തിരിച്ചറിഞ്ഞു. സഭയുടെ സ്ഥാനാര്‍ത്ഥിയ്ക്കെതിരെ ആലഞ്ചേരി പിതാവിന്റെ എതിരാളികളും മണ്ഡലത്തിലെ ക്രൈസ്തവ ഇതര ഇലക്ട്രോളൈറ്റും ധ്രൂവീകരിച്ചപ്പോള്‍ സി പി എം നെ അമ്പരപ്പിക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം വന്നു. വട്ടിയൂര്‍ക്കാവിന്റെ റിവേഴ്സ് പ്രോസസാണ് തൃക്കാക്കരയില്‍ കണ്ടത്.

മാര്‍ക്സിസ്റ്റ് വിശകലനത്തില്‍ ജാതി ഒരു പ്രാക് മുതലാളിത്ത സാമ്പത്തിക അടിത്തറയുടെ ഉപരിഘടനയാണ്. ജാതി ഉയര്‍ത്തിവിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ മുതലാളിത്ത പൂര്‍വ്വസാമ്പത്തിക രൂപങ്ങളുടെ അവശിഷ്ടങ്ങളെ തുടച്ചുമാറ്റണം. അത്തരം വര്‍ഗ്ഗരാഷ്ട്രീയം എന്താണെന്ന് മനസ്സിലാക്കാത്ത പിള്ളേരെ സിപിഎം ന്റെ തെരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌ക്കരിക്കാന്‍ പറഞ്ഞയച്ചാല്‍ വന്‍ രാഷ്ട്രീയദുരന്തങ്ങള്‍ ഉണ്ടാവും. പാര്‍ട്ടിയുടെ സ്ഥിരം നിക്ഷേപമായ വോട്ടും അതിനൊപ്പം ജാതി വോട്ടും ചേര്‍ന്നാല്‍ ഏതു തെരഞ്ഞെടുപ്പും ജയിക്കാമെന്നത് രാഷ്ട്രീയ ശിശുക്കളുടെ കാഴ്ചപ്പാടാണ്.

ഭരണത്തിന്റെ അധീശശക്തി ഓരോ വീട്ടിലേയ്ക്കും കടന്ന് ചെന്ന് വോട്ട് നിര്‍മ്മിക്കാമെന്ന ജനാധിപത്യ വിരുദ്ധ ചിന്ത ശക്തിപ്പെട്ടതോടൊപ്പം മുസ്ലീമിന്റെ വീട്ടില്‍ മുസ്ലീം മന്ത്രിയും ലത്തീന്‍ കത്തോലിക്കന്റെ വീട്ടില്‍ ലത്തീന്‍ മന്ത്രിയും നായരുടെ വീട്ടില്‍ നായര്‍ മന്ത്രിയും ജാക്കോബൈറ്റ് നസ്രാണിയെ തേടി അതേ ജാതിയിലെ മന്ത്രിയും പോകുന്ന കാഴ്ച ഇടതുപക്ഷ രാഷ്ട്രീയത്തെ നാണം കെടുത്തി. പണ്ട് തലയില്‍ മുണ്ടിട്ട് നടത്തിയിരുന്ന പണി ഇപ്പോള്‍ പകല്‍ വെളിച്ചത്തില്‍ നടത്താന്‍ പാര്‍ട്ടി പാകമായി.

ലെഗസി മാനിയ ജാതിയെക്കാള്‍ അപകടകരമായിരുന്നു ഈ തെരഞ്ഞെടുപ്പിലെ സിപിഎം ന്റെ രാഷ്ട്രീയ മനോഭാവം. എതിരാളിയെ ഉന്‍മൂലനംചെയ്യുന്ന രാഷ്ട്രീയ തന്ത്രമാണ് തൃക്കാക്കരയില്‍ ആവിഷ്‌ക്കരിച്ചത്. ഏതു ജനാധിപത്യ സംവിധാനത്തിലും എതിരാളിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും തോല്‍പ്പിക്കുന്നതും ആരോഗ്യകരമാണ്. എന്നാല്‍ എതിരാളിയെ ഉന്മൂലനം ചെയ്യല്‍ ജനാധിപത്യ വിരുദ്ധമാണ്. ഇവിടെ സിപിഎം സ്വീകരിച്ച, പാളിപ്പോയ തന്ത്രം ഉന്മൂലന രാഷ്ട്രീയത്തിന്റേതായിരുന്നു. വേങ്ങരയില്‍ സ്വീകരിച്ചത് ശരിയായ രാഷ്ട്രീയ സമീപനമായിരുന്നു. അവിടെ വിജയം അസാദ്ധ്യമെന്ന് കണ്ട് ഇടതുപക്ഷ രാഷ്ട്രീയം അവതരിപ്പിക്കാനാണ് പ്രചരിപ്പിക്കാനുമാണ് പാര്‍ട്ടി ശ്രമിച്ചത്. അതാണ് ഉപതെരഞ്ഞെടുപ്പിന്റെ ശരിയായ രാഷ്ട്രീയം.

എന്നാല്‍ തൃക്കാക്കരയില്‍ ഇടതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കാനല്ല ശ്രമിച്ചത്. പകരം കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാനാണ് ആഗ്രഹിച്ചത്. ഫലത്തില്‍ അത് ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യത്തെ സാക്ഷാത്കരിക്കലായിരുന്നു. ‘കോണ്‍ഗ്രസ് മുക്തഭാരതം’ അതിനുള്ള വഴിയാണ് അന്വേഷിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റിരുന്നെങ്കില്‍ യുഡിഎഫിന്റെ കഥ കഴിയുമായിരുന്നു. മുസ്ലീംലീഗ് ഇടതുപക്ഷ മുന്നണിയില്‍ തള്ളിക്കേറാന്‍ വഴി അന്വേഷിക്കുമായിരുന്നു. കോണ്‍ഗ്രസിലെ ഭിക്ഷാംദേഹികള്‍ കോണ്‍ഗ്രസ് കൂടുവിട്ട് പരക്കം പായുമായിരുന്നു. സ്വാഭാവികമായും പ്രതിപക്ഷ സ്ഥാനത്ത് ബിജെപി ചിരപ്രതിഷ്ഠ നേടുമായിരുന്നു. ഫലത്തില്‍ കേരളവും ബിജെപിയുടെ കൈയ്യിലെത്തിക്കുന്ന ഒരു രാഷ്ട്രീയ തന്ത്രമായി അത് പരിണമിക്കുമായിരുന്നു. എന്തായാലും അത് പരാജയപ്പെട്ടത് കേരളത്തിന് ആശ്വസിക്കാം.

നൂപുര്‍ ശര്‍മ്മയും നവീന്‍ ജിന്‍ഡലും നടത്തിയ പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങള്‍ ബിജെപിയുടെ വര്‍ഗ്ഗീയ ഭ്രാന്തിന്റെ ലക്ഷണങ്ങളാണ്. വര്‍ഗ്ഗീയത ആളിക്കത്തിക്കുന്ന ബിജെപിയുടെ ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ ആള്‍ക്കൂട്ടം അതിനെ ചെറുക്കാനുള്ള പ്രതിരോധഭിത്തിയുടെ ആണിക്കല്ലുകളാണ്. അവരെ ശക്തിപ്പെടുത്തി അതിനൊപ്പം ചേര്‍ന്ന് വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ ഐക്യമുന്നണി കെട്ടിപ്പടുക്കേണ്ട ചുമതലയാണ് സിപിഎം ന് ഉള്ളത്. അതിനുപകരം അതിനെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ തന്ത്രം ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതല്ല.

കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന വി എസിനോട് ഉദ്യോഗസ്ഥവൃന്ദവും ഉപശാലകരും നിരന്തരം പറഞ്ഞിരുന്നു ‘ഒരു സിഗ്‌നേച്ചര്‍ പ്രോജക്റ്റ്’ വേണമെന്ന്. വി എസ് പക്ഷെ അതിന് ചെവികൊടുത്തില്ല. എന്നാല്‍ പിണറായി വിജയന്റെ രണ്ടാമൂഴത്തില്‍ അദ്ദേഹത്തിന്റെ അടുക്കളക്കൂട്ടങ്ങള്‍ അദ്ദേഹത്തില്‍ വളര്‍ത്തിയെടുത്ത ആഗ്രഹമാണ് ‘സിഗ്‌നേച്ചര്‍ പ്രോജക്റ്റ്. താന്‍ ഭരണത്തില്‍ നിന്ന് വിടപറയുമ്പോള്‍ കേരളം മന്ത്രിച്ചുകൊണ്ടിരിക്കണം അത് പിണറായിയുടെ സ്വപ്ന പദ്ധതിയായിരുന്നുവെന്ന്.

അങ്ങനെയാണ് കെ-റെയില്‍ എന്ന ഇടതുപക്ഷ വിരുദ്ധ പദ്ധതി കേരളത്തിന്റെ സ്വപ്ന പദ്ധതിയായി അവതരിക്കപ്പെടുന്നത്. ഇപ്പോള്‍ സഹതാപ തരംഗംകൊണ്ടാണ് തൃക്കാക്കരയില്‍ അമ്പരപ്പിക്കുന്ന ഭൂരിപക്ഷം ഉമാതോമസിന് ലഭിച്ചത് എന്ന് സ്ഥാപിക്കുന്ന രാഷ്ട്രീയ അനലിസ്റ്റുകള്‍ എന്തുകൊണ്ട് അത് മുന്‍കൂട്ടി മനസ്സിലാക്കിയില്ല? അതെല്ലാം മുന്‍പേ തന്നെ അറിയാമായിരുന്നിട്ടും ഒരു പാവം ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധനായ ചെറുപ്പക്കാരനെ എന്തിന് പറ്റിച്ചു ?

ഭരണത്തില്‍ പിണറായിയുടെ കയ്യൊപ്പ്

ഇതിനുള്ള ഉത്തരം വളരെ ലളിതമാണ്. പിണറായി വിജയന്റെ ലെഗസി ക്രെയ്സിനെ ആളിക്കത്തിക്കാന്‍ ജോണ്‍ ബ്രിട്ടാസും പി രാജീവും എം സ്വരാജും തിടുക്കം കാണിച്ചതാണ്. തന്റെ ഭരണത്തിന്റെ കൈയ്യൊപ്പ് കേരളത്തിന്റെ മേല്‍ പതിയണം എന്നത് അല്പം ഡെസ്പോട്ടിക് കാരക്റ്റര്‍ ഉള്ള ഏത് ഭരണാധികാരിക്കും ഉണ്ടാവാം. കെ കരുണാകരന്‍ അതിന് ഉദാഹരണമായിരുന്നു. ഇത് മനസ്സിലാക്കിയിട്ടാണ് കോടിയേരി ബാലകൃഷ്ണന്‍ ഒരിക്കല്‍ പറഞ്ഞത് വികസന കാര്യത്തില്‍ കരുണാകരന്‍ മാതൃകയാണെന്ന്. കരുണാകരനെ മാതൃകയാക്കി പിണറായി വിജയന്റെ ലെഗസി മാനിയയ്ക്ക് ശക്തമായ പിന്തുണ നല്‍കി കോടിയേരി പ്രഖ്യാപിച്ചതാണ്. തൃക്കാക്കര കെ റെയിലിന്റെ റഫറണ്ടമാണെന്ന്.

പക്ഷെ മണ്ണില്‍ കാലുകുത്തി നടക്കുന്ന ഫ്ളാറ്റില്‍ താമസിക്കുന്ന മലയാളി മര്‍ധ്യവര്‍ഗ്ഗം കെ റെയില്‍ തള്ളി. കെ റെയില്‍ കേരളത്തെ മറ്റൊരു ശ്രീലങ്കയാക്കുമെന്ന് തിരിച്ചറിയാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്ന മധ്യവര്‍ഗ്ഗത്തിനറിയാം. അതുകൊണ്ടുകൂടിയാണ് അവര്‍ കൂട്ടത്തോടെ തൃക്കാക്കരയില്‍ സിപിഎം നെ തോല്പിച്ചത്. ഇത് മറ്റൊരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം കൂടി വ്യക്തമാക്കുന്നുണ്ട്. 99 സീറ്റിന്റെ ഭൂരിപക്ഷമുള്ള ഇടതുപക്ഷത്തിന് എപ്പോള്‍ വേണമെങ്കിലും 40 സീറ്റിലേയ്ക്ക് ചുരുങ്ങാന്‍ കഴിയുമെന്ന്.

റഹീമും ജയ്ക്കും നിരീക്ഷിക്കുന്ന ഈ മഴവില്‍ സഖ്യമാണ് കേരളത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം. ഇടതുപക്ഷത്തിനെതിരെ കേരളം തിരിഞ്ഞാല്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും ഇടതുപക്ഷം തോല്‍ക്കും. ഇടതുപക്ഷത്തെ തോല്‍പ്പിക്കാനുള്ള ശക്തി എപ്പോഴും ഇടതുപക്ഷത്തിന്റെ പുറത്ത് ഉണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത് നല്ലതാണ്. അത് തിരിച്ചറിഞ്ഞാല്‍ പാര്‍ട്ടിയുടെ ലെഗസി കോംപ്ലക്സ് അവസാനിക്കും.

വ്യക്തികേന്ദ്രീകൃത രാഷ്ടീയം

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം വ്യക്തികേന്ദ്രീകൃതമായി മാറിക്കഴിഞ്ഞു. അതിന്റെ അള്‍ട്ടിമേറ്റ് റിസള്‍റ്റാണ് ‘ക്യാപ്റ്റന്‍’. എല്ലാം പിണറായി വിജയനെ കേന്ദ്രീകരിച്ച് നടക്കുന്ന പ്രക്രിയയായി മാറി. മുന്‍പ് ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് മത്സരത്തിന് ചില രാഷ്ട്രീയ തത്വങ്ങള്‍ ഉണ്ടായിരുന്നു. ഐക്യകേരള നിര്‍മ്മിതിയുടെ കാലത്തുതന്നെ വ്യക്തമായ രാഷ്ട്രീയ അജണ്ടകളുടെ പുറത്താണ് തെരഞ്ഞെടുപ്പുകളെ ഇടതുപക്ഷം നേരിട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞതിനു മുന്‍പുള്ള തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഇമേജ് ഇടിച്ചാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ ജയിച്ചത്. സരിതയായിരുന്നു ഉമ്മന്‍ വധത്തിന്റെ പ്രധാനചേരുവ.

വ്യക്തിനിഷ്ഠരാഷ്ട്രീയത്തിന് അതിന്റെ വഴിയും തിരിച്ചടിയും ഉറപ്പാണ്. സരിതയില്‍ നിന്ന് കാര്യങ്ങള്‍ സ്വപ്നയിലേയ്ക്ക് നീളുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തേയും സംശയനിഴലിലേയ്ക്ക് കൊണ്ടുവരാന്‍ സ്വപ്ന സുരേഷിന് കഴിയുന്നു. മുഖ്യമന്ത്രി, ഭാര്യ, മകള്‍, ശിവശങ്കര്‍, കെ റ്റി ജലീല്‍, സി എം രവീന്ദ്രന്‍, നളിനി നെറ്റോ എന്നിവര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ കോടതിയിലെ രഹസ്യമൊഴിയിലുണ്ടെന്ന് സ്വപ്ന പത്രസമ്മേളനം വിളിച്ച് മാലോകരോട് പറയുകയാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ പരാജയമാണ് സ്വപ്നയ്ക്കും സ്വപ്നയെ ഉപയോഗിക്കുന്ന സംഘപരിവാര്‍ സംഘത്തിനും ഇതുപോലെ ഒരു പത്രസമ്മേളനം നടത്താനും അതിശയിപ്പിക്കുന്ന ഭാരമുള്ള ബിരിയാണി ചെമ്പിന്റെ ക്ലിഫ്ഹൗസ് സഞ്ചാരത്തെക്കുറിച്ച് പറയാനും ധൈര്യം നല്‍കിയത്. പിണറായി ദുര്‍ബലനാണെന്ന് എതിരാളികള്‍ നിരീക്ഷിക്കുന്നു. അതുകൊണ്ടാണ് ഞാഞ്ഞൂലുകള്‍ തല പൊക്കുന്നത്. ശിവശങ്കറിന്റെ പുസ്തകത്തിലുള്ളതാണ് സ്വപ്ന പറഞ്ഞത്. അത് വലിയ വാര്‍ത്തയായി. വ്യക്തി അധിഷ്ഠതമായ രാഷ്ട്രീയത്തിന് അതിന്റേതായ തിരിച്ചടി ഉണ്ടാവുന്നു. സരിത വഴി ഉമ്മന്‍ചാണ്ടി സ്വപ്ന വഴി പിണറായി വിജയന്‍. രാഷ്ട്രീയത്തില്‍ ഒന്നും തെളിയിക്കപ്പെടില്ല. പക്ഷേ വ്യക്തിരാഷ്ട്രീയം ചതഞ്ഞരഞ്ഞ് ചളുവാകാന്‍ സരിതയും സ്വപ്നയും മതിയാകും.

ഇടതു മുന്നണിയുടെ മരണം

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മരിച്ചു. അതിന്റെ ശവമടക്ക് തന്നെ കഴിഞ്ഞു. മുന്നണി രാഷ്ട്രീയത്തില്‍ ഘടക കക്ഷികള്‍ കിറി നക്കാനുള്ള കുറുക്കന്മാരല്ല. അവര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. മുന്നണിയുടെ ആദര്‍ശം അപകടത്തിലാകുമ്പോള്‍ അതിനെ വീണ്ടെടുക്കുവാനുള്ള ഉത്തരവാദിത്വം ഘടകകക്ഷി നേതൃത്വത്തിനുണ്ട്. വെളിയം ഭാര്‍ഗ്ഗവന്‍ അതിന്റെ മാതൃകയായിരുന്നു. എന്നാല്‍ കരുത്തനായ കാനം രാജേന്ദ്രന്‍ അദ്ദേഹത്തിന്റെ തല പിണറായി വിജയന്റെ കക്ഷത്തില്‍ ഇറുക്കാന്‍ വച്ചുകൊടുത്തിരിക്കുകയാണ്. അതിന്റെ ഫലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയം നിശ്ചയിക്കാനുള്ള ഉത്തരവാദിത്വം എല്ലാവരുംകൂടി പിണറായി വിജയനെ ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നു എന്നാണ്.

ഇപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിന്റെ മനോഘടന അപകടകരമായി മാറിക്കഴിഞ്ഞു. അതിന് തിരിച്ചറിവില്ലാതായി. വ്യത്യസ്തമായി അഭിപ്രായം പറഞ്ഞാല്‍ അവര്‍ ശത്രുവായി. പിന്നെ അവനെ തല്ലിക്കൊല്ലാന്‍ ആള്‍ക്കുട്ടം ഓട്ടം തുടങ്ങും. ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഏറ്റവും ആദ്യം അപകടത്തിലാകുക ഘടകകക്ഷികളായിരിക്കും. കേരളത്തില്‍ അത് ആദ്യം തിരിച്ചറിയേണ്ടത് സിപിഐ യാണ്. മുന്‍പ് സിപിഎം നെ എതിര്‍ക്കുന്നതാണ് തങ്ങളുടെ നിലനില്‍പ്പിന് ആവശ്യമെന്ന് കരുതി എന്തിലും സിപിഎം വിമര്‍ശനം നടത്തിയിരുന്ന ഒരു സിപിഐ കേരളത്തിലുണ്ടായിരുന്നു.

ആ സിപിഐ യെ അല്ല കേരളം ആഗ്രഹിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തെ റദ്ദുചെയ്യുന്ന ഭരണപക്ഷത്തെ വിമര്‍ശിക്കുന്ന സി പി ഐ യാണ് ആവശ്യം. രാഷ്ട്രീയ വിമര്‍ശനം വ്യക്തികേന്ദ്രീകൃതമായിട്ടു കാര്യമില്ല. രാഷ്ട്രീയ വിമര്‍ശനം രാഷ്ട്രീയ നിലപാടുകളെ മുന്‍നിര്‍ത്തിയായിരിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് സ്വീകാര്യമല്ലാത്ത രാഷ്ട്രീയ നിലപാടുകളെ സിപിഐ മൗനംകൊണ്ട് സഹായിക്കുകയും പ്രവര്‍ത്തികൊണ്ട് പ്രോത്സാഹിപ്പിക്കുകയം ചെയ്യുന്നു. ഇടതുപക്ഷ രാഷ്ട്രീയ അജണ്ടകള്‍ നിശ്ചയിക്കാനുള്ള കുത്തകാവകാശം പിണറായി വിജയനെ ഏല്‍പ്പിച്ചുകൊടുത്ത കാനം രാജേന്ദ്രന്‍ സ്വന്തം പാര്‍ട്ടിയുടെ ശവക്കുഴി വെട്ടുകയാണ്. കേരളത്തില്‍ ആദ്യം ഉന്മൂലനം ചെയ്യപ്പെടുന്ന ഇടതുപക്ഷം സി പി ഐ യായിരിക്കും. അതവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല.


(കടപ്പാട്: ജനശക്തി ദ്വൈവാരിക….. ഇടതുപക്ഷ ചിന്തകനും രാഷ്ടീയ നിരീക്ഷകനുമാണ് ലേഖകന്‍)