പ്രൊഫ. പി എ വാസുദേവന്‍
നിതാന്ത സത്യങ്ങള്‍ക്കും മഹാജീവിതങ്ങള്‍ക്കും കാലപ്പഴക്കമുണ്ടാക്കുന്നില്ല. സാധാരണ ജീവിതങ്ങള്‍ കാലബന്ധിതങ്ങളാണ്. ഒരു ജീവിതത്തെ മഹത്വ സര്‍വകാല പ്രസക്തവുമാക്കുന്നത് അത് നല്കുന്ന സന്ദേശങ്ങളാണ്. അത്തരം അപൂര്‍വജന്മങ്ങളിലൊന്നാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി.
കര്‍മ്മചന്ദ്രനാവാന്‍ തീരുമാനിച്ചതോടെ ഒരു ജന്മം മുഴുവനും നിഷ്ഠയും ആദര്‍ശവും പ്രയോഗങ്ങളും നിറഞ്ഞതായിരുന്നു. എത്രയെഴുതിയാലും പഴകിയാലും അപ്രസക്തമായ ജന്മനിരകളില്‍ ഗാന്ധിയുണ്ട്. മാര്‍ക്സ്, ക്രിസ്തു, മുഹമ്മദ് അങ്ങനെ മറ്റൊരു ഗാലക്സി. ഇതൊരു ഗാന്ധിസ്തുതിയാക്കാന്‍ താല്പര്യമില്ല.
ഇക്കഴിഞ്ഞ ഗാന്ധിജയന്തിക്ക് കുറേ അനുസ്മരണ പ്രസംഗങ്ങള്‍ കേള്‍ക്കാനും പങ്കാളിയാവാനും കഴിഞ്ഞപ്പോള്‍ ഓര്‍ത്തത്, പുതിയ വ്യാഖ്യാനങ്ങള്‍ അര്‍ഹിക്കുന്ന വ്യക്തിയാണദ്ദേഹം എന്നതാണ്. എക്കാലത്തേക്കുമായി വ്യാഖ്യാനിക്കാനിടം തരുന്ന ഒരുപാട് ചര്യകളും വചനങ്ങളും അദ്ദേഹം നമുക്കായിതരുന്നു. മഹാന്മാര്‍ ആവശ്യപ്പെടുന്നത് ‘റീ ഡിഫൈനിങ്’ ആണ്.
ഗാന്ധിജിയും മാര്‍ക്സുമൊക്കെ പ്രസക്തമാവുന്നത് അവരുടെ മൗലികദര്‍ശനങ്ങള്‍ പുതിയ പരിതസ്ഥിതികളില്‍ വച്ച് നിര്‍വചിക്കാനും അര്‍ത്ഥവും പരിഹാരവും കണ്ടെത്താനും ശ്രമിക്കുമ്പോഴാണ്. അതല്ലെങ്കില്‍ ആവര്‍ത്തനവും കോമാളിത്തംപോലുമാവുന്ന അവസ്ഥ വരും. ചെറിയൊരുദാഹരണമാണ് ഗാന്ധിജിയുടെ മുഖ്യ സാമ്പത്തികധാര്‍മ്മിക കര്‍മ്മയോഗമായിരുന്ന നൂല്‍നൂല്പ്. ഇന്ന് അന്നത്തെ അര്‍ത്ഥത്തില്‍ നൂല്‍നൂറ്റ് ഒരു പ്രശ്നവും പരിഹരിക്കാനാവില്ല.
അതൊരു സ്വനിര്‍ഭരതയുടെ പ്രതീക കര്‍മ്മമായിരുന്നു. ടെക്‌സ്റ്റൈയില്‍ വ്യവസായം ഇന്ത്യയില്‍ ഇന്നെത്തി നില്‍ക്കുന്ന സ്ഥിതി വച്ചുനോക്കുമ്പോള്‍ അന്നത്തെ ‘സൂത്രാഞ്ജലി’ക്ക് പരിണാമ പ്രസക്തിയേയുള്ളു. സാമ്പത്തിക സ്വയം നിര്‍ണയത്തിന്റെ കര്‍മ്മപരിപാടിയും ദര്‍ശനവുമായിരുന്നു അത്. അതിലൂടെ വിദേശ സാമ്പത്തിക അധീശത്വത്തെ പ്രതിരോധിക്കാനുള്ള തന്ത്രവും. അതറിഞ്ഞാണല്ലോ ബ്രിട്ടന്‍ അതിനെ എതിര്‍ത്തത്.
എന്നാല്‍ നൂല്‍നൂല്പ് ഇന്നും ഒരാചാരം പോലെ കൊണ്ടുനടക്കുമ്പോള്‍ നാം അതിന്റെ പ്രായോഗിക സിദ്ധാന്തത്തെ തമസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഓരോന്നിന്റെയും വര്‍ത്തമാന പ്രസക്തിയില്‍ നിന്നടര്‍ത്തിമാറ്റി ഉദാസീനമായൊരാചാരമാക്കുമ്പോള്‍ അതിന്റെ പ്രസക്തി മൃതമാവുമെന്ന് ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ വേണ്ടത്ര അറിയാതെപോയി. മറ്റൊരു കാലത്തില്‍ ഇതിന്റെ പ്രസക്തി രൂപാന്തരീകൃതമായി വരുമെന്ന് ഗാന്ധിജിപോലും അറിയാതിരിക്കില്ല. പില്‍ക്കാലത്തെ ഗാന്ധിയന്‍ പ്രസ്ഥാനം ഉദാസീനമായിത്തീരാന്‍ കാരണമതാണ്. ഇത് ഗാന്ധി നിഷേധമല്ല, പുനര്‍ നിര്‍വചനമാണ്.
ഗാന്ധി വിചാരങ്ങള്‍ ആത്മവിമര്‍ശനങ്ങളില്‍ നിന്ന് തുടങ്ങണം. ഇന്നത്തെ രാഷ്ട്രീയത്തെ വിലയിരുത്തുമ്പോള്‍ വ്യക്തി ശുദ്ധിയില്‍ അദ്ദേഹം നല്കിയ ഊന്നല്‍ പ്രധാനമാണ്. അദ്ദേഹം പ്രസിദ്ധമാവുന്നത് ഇവ്വിധമാണ്. അധികാരമായിരുന്നു അദ്ദേഹത്തിന്റെ വിചിന്തന വിചാരണകളില്‍ പ്രധാനം. മനുഷ്യനെ ദുഷിപ്പിക്കാന്‍ അധികാരത്തോളം പോന്ന മറ്റൊരു ഘടകമില്ല. ധനാര്‍ജനവും അധികാരത്തിന്റെ ഒരു വഴിയാണ്.
അധികാരം മുഷിക്കുന്നത് നേരത്തെ പറഞ്ഞ വ്യക്തിശുദ്ധിയില്ലായ്മ കൊണ്ടാണ്. അതുകൊണ്ടാണ് അധികാരമെന്നാല്‍ സ്വാധികാരം, ആത്മശുദ്ധി എന്നൊക്കെ ഗാന്ധിജി നിര്‍വചിച്ചത്. അധികാരത്തിന്റെ ആര്‍ഭാടങ്ങള്‍ പ്രലോഭനങ്ങളാണ്. ഈ പ്രലോഭനങ്ങളെ അതിജീവിക്കാനും ജനപ്രിയകരമായി ജീവിക്കാനും നാം അഹന്തയില്ലാതെ അധികാരം വിനിയോഗിക്കണം. ഗാന്ധിജി പറഞ്ഞ സപ്തപാപങ്ങളില്‍ പ്രധാനം ധാര്‍മ്മികതയില്ലാത്ത രാഷ്ട്രീയമാണ്.
ബ്രിട്ടന്‍ ഇന്ത്യയില്‍ അധികാരിയായത്, ഇന്ത്യന്‍ വിഭവങ്ങളെ ചൂഷണം ചെയ്ത് ധാര്‍മ്മികതയില്ലാത്ത രാഷ്ട്രീയം പ്രയോഗിച്ചതുകൊണ്ടാണെന്നതിനാലാണദ്ദേഹം അവരെ എതിര്‍ത്തത്. അര്‍ഹതയില്ലാത്ത ധനമായിരുന്നു അവര്‍ ചൂഷണത്തിലൂടെ സ്വന്തമാക്കിയത്. അത് അപഹരണമാണ്, അധാര്‍മ്മികമാണ്. അതുകൊണ്ട് എതിര്‍ക്കപ്പെടേണ്ടതാണ്. അതിനാല്‍ അതില്‍ നിന്നുള്ള മുക്തിയും സ്വാതന്ത്ര്യവുമാണ് ഗാന്ധിയന്‍ കലാപത്തിന്റെ സ്വരൂപം.
ഗാന്ധിയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ അധികാരത്തിന്റെ വിശകലനം പ്രധാനമായിരുന്നു. അധികാരം നിയമവ്യവസ്ഥയില്‍ നിന്നുത്ഭുതമായിട്ടുള്ളതാണ്. അതുകൊണ്ട് അധികാരത്തിന്റെ വ്യാഖ്യാനങ്ങളില്‍ നിയമവ്യവസ്ഥയും സ്ഥാപനങ്ങളും അവയുടെ ശരിതെറ്റുകളും വിചിന്തനം ചെയ്യപ്പെടണം. അതുകൊണ്ടാണ് അദ്ദേഹം നിയമലംഘനം ലക്ഷ്യമാക്കിയത്. ശരിയല്ലാത്ത നിയമം ലംഘിക്കപ്പെടണമെന്നദ്ദേഹം പറഞ്ഞു. ഒരര്‍ത്ഥത്തില്‍ സര്‍ സി ശങ്കരന്‍ നായര്‍ പറഞ്ഞതുപോലെ ഗാന്ധി അനാര്‍ക്കിസ്റ്റായിരുന്നു. പക്ഷെ തെറ്റായ ചൂഷകനിയമത്തെ ലംഘിക്കുന്നവര്‍ അനാര്‍ക്കിസ്റ്റുകളല്ലെന്നായിരുന്നു ഗാന്ധിജിയുടെ വാദം
. നിയമമല്ല ശരി, ശരിയാവണം നിയമം. സോക്രട്ടീസ് തന്റെ അന്ത്യവിചാരണയില്‍ അതാണ് പറഞ്ഞത്. ശരി പറഞ്ഞ തന്നെ തൂക്കിക്കൊല്ലുകയല്ല, ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയില്‍ ആദരിക്കുകയാണ് വേണ്ടതെന്നാണദ്ദേഹം പറഞ്ഞത്. ഗാന്ധിജി കോടതിയില്‍ നിയമം ലംഘിച്ചതിനു മാപ്പു പറയാതെ പരമാവധി ശിക്ഷ ചോദിച്ചത് അതുകൊണ്ടാണ്.
ഉപ്പുസത്യഗ്രഹവും നിയമലംഘനവുമൊക്കെ അധികാരത്തിന്റെ അധാര്‍മ്മികതയോടുള്ള പ്രതികരണമായിരുന്നു. സത്യഗ്രഹം ധാര്‍മ്മിക പ്രതിരോധമെന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത്. തെറ്റായ നിയമത്തെയും അധികാരത്തെയും വ്യക്തിശുദ്ധി, അഹിംസ എന്നിവയിലൂടെ എതിര്‍ക്കലാണത്. അഹിംസ ധാര്‍മ്മിക ധീരതയാണ്. സചേതനമായ നിഷേധായുധമാണ്. അതിന്റെ വ്യാഖ്യാന പ്രകടനസാധ്യതകള്‍ അറിഞ്ഞുകൊണ്ടാണ് ഈ വഴികളൊക്കെ ഇന്നും രാഷ്ട്രീയസാമൂഹിക രംഗങ്ങളില്‍ വ്യാപകമായി പ്രയോഗിക്കപ്പെടുന്നതും.
ധാര്‍മ്മികത എന്ന പദവും ഗാന്ധിയന്‍ നിഘണ്ടുവില്‍ വ്യാപകവും അഗാധവുമായ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത്. എല്ലാത്തരം അന്യായ സമ്പാദനവും അധാര്‍മ്മികമാണ്. അന്ന് ബ്രിട്ടനാണെങ്കില്‍ ഇന്നത് ബഹുരാഷ്ട്ര കുത്തകകളാണ് നടത്തുന്നത്. പ്ലാച്ചിമടയില്‍ കൊക്കോ കോള നടത്തിയ ജലചൂഷണം അധാര്‍മ്മികവും അതുകൊണ്ടുതന്നെ ഹിംസയുമാണ്. അതായിരുന്നു പ്ലാച്ചിമട ജലസമരത്തിന്റെ ഗാന്ധിയന്‍ പ്രസക്തി.
ആഗോളവമ്പനായ കോളക്കമ്പനിയുടെ മുന്നില്‍ ഉയര്‍ന്ന ചെറുകുടിലില്‍ മയിലമ്മയും കൂട്ടരും. മാസങ്ങളും വര്‍ഷങ്ങളും കടന്നു. രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനക്കാര്‍ അതിന്റെ പ്രസക്തി കണ്ടെത്തി. ആദ്യമായാണ് ഒരു മള്‍ട്ടി നാഷണല്‍ കമ്പനി, ഒരു സത്യഗ്രഹത്തിനു മുമ്പില്‍ കീഴടങ്ങിയത്. ആദ്യമായാണ് ബ്രിട്ടന്‍ അഹിംസാസമരത്തിനു മുന്നില്‍ തോറ്റത്. ശരിയുടെ ജയം. തെറ്റിന്റെ തോല്‍വി, അഹിംസയുടെ ജയം, ഹിംസയുടെ തോല്‍വി. ഗാന്ധിജിയെ നാം പുതിയകാലത്ത് വീണ്ടെടുക്കേണ്ടത് ഇങ്ങനെയാണ്. ഉപ്പു സത്യഗ്രഹവും ചര്‍ഖയും നിയമലംഘന പ്രസ്ഥാനവുമൊക്കെ നാം കാണേണ്ടത്, സത്യം, അഹിംസ, ധാര്‍മ്മികത എന്നീ മൗലിക മൂല്യങ്ങളുടെ സ്ഥൂല സാഹചര്യങ്ങളിലാണ്.
അവിടെ നിന്നു തുടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയസാമൂഹികസാമ്പത്തിക ദര്‍ശനങ്ങളുടെയും പ്രായോഗികതയുടെയും പ്രസക്തി നാം കണ്ടെത്തും. ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ പ്രശ്നങ്ങള്‍ക്കുപോലും അന്വേഷണത്തിലൂടെ പരിഹാരം തേടുന്നതിന്റെ പ്രസക്തിയാണ് ഈ സമയത്ത് നാം കാണേണ്ടത്. ഇന്ന് ഏറെ ഉദാസീനമായ ഗാന്ധിയന്‍ പ്രസ്ഥാനം, ജൈവപ്രശ്നങ്ങളിലെത്താന്‍ ദക്ഷത കാണിക്കാത്ത അവസ്ഥയിലാണ്. ഗാന്ധിയന്‍ പ്രസ്ഥാനം എന്നും സജീവമായിരുന്നു. അതിന്റെ ജൈവികത തേടി ആനുകാലിക പ്രസക്തി കണ്ടെത്തലാണ് ധര്‍മ്മം.
കടപ്പാട് ജനയുഗം
(അധ്യാപകനും,സാമ്പത്തികകാര്യവിദഗ്ദ്ധനുമാണ്പ്രൊഫ.പി.എ.വാസുദേവന്‍)
കൂടുതല്‍വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക