February 22, 2025 4:51 pm

ടി പി കേസ് പ്രതികൾക്ക് ഉദാരമായി പരോൾ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കോഴിക്കോട്ട് സി പി എം വിമതനായ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വാരിക്കോരി പരോൾ നൽകിയെന്ന് സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തി

കേസിലെ മൂന്നു പ്രതികൾക്ക് 1,000 ദിവസത്തിലധികവും ആറുപ്രതികള്‍ക്ക് 500 ദിവസത്തിലധികവും പരോൾ നൽകി. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരോളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി നൽകിയത്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള കണക്കാണിത്.

പ്രതികൾക്ക് എത്ര ദിവസം പരോൾ നൽകി, എന്ത് ആവശ്യത്തിനാണ് നൽകിയത്, ആരുടെ നിർദേശ പ്രകാരമാണ് പരോൾ നൽകിയത് എന്നായിരുന്നു തിരുവഞ്ചൂർ ചോദിച്ചത്.

ഇതിനു മറുപടിയായി കേസിലെ 3 പ്രതികൾക്ക് 1000ത്തിലധികം ദിവസവും 6 പേർക്ക് 500ലധികം ദിവസവും പരോൾ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കെ.സി.രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സിജിത്ത് എന്നിവർക്കാണ് 1000 ലധികം ദിവസം പരോൾ ലഭിച്ചത്. കെ.സി.രാമചന്ദ്രന് 1081 ദിവസവും, മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമായിരുന്നു പരോൾ ലഭിച്ചത്.

ടി.കെ.രജീഷിന് 940 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, കിർമാണി മനോജ് 851 ദിവസം, എം.സി.അനൂപ് 900 ദിവസം, ഷിനോജിന് 925 ദിവസം, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് പരോൾ ലഭിച്ചത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്. എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്‌പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പ്രതികൾക്ക് പരോള്‍ അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News