തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായതായി പരാതി. 60 പവനോളം തൂക്കമുള്ള ആഭരണങ്ങളാണ് കാണാതായത്. ബെംഗളൂരുവില്‍ താമസിക്കുന്ന സുനിതയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ താക്കോൽ ലോക്കർ ഇടപാടുകാരന്റെ കൈവശവും, മാസ്റ്റർ കീ ബാങ്കിലുമാണുണ്ടാകുക. രണ്ട് താക്കോലുകളും ഉപയോഗിച്ച് മാത്രമേ ലോക്കർ തുറക്കാനാവുകയുള്ളു. പിന്നെങ്ങനെയാണ് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന 60 പവൻ കാണാതായത് എന്നാണ് ഉയരുന്ന ചോദ്യം.
ബെംഗളൂരുവില്‍ കുടുംബസമേതം താമസിക്കുകയാണ് സുനിത. നാട്ടിലെത്തി ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണത്തിൽ കുറവുള്ളതായി ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആഭരണങ്ങൾ കൂടുതലായും ലോക്കറിൽ സൂക്ഷിച്ചതെന്ന് സുനിത പറയുന്നു. കൊടുങ്ങല്ലൂര്‍ പൊലീസില്‍ സുനിത പരാതി നല്‍കി. ബാങ്ക് ലോക്കറിലെ സ്വർണം നഷ്ടപ്പെട്ടതായുള്ള ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടൗൺ ബാങ്ക് അധികൃതരും പൊലീസിൽ പരാതി നൽകി.