ഗുവാഹത്തി:’ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലിയതു കൊണ്ട് മാത്രം ഞാൻ വെടിയുണ്ടകളിൽ നിന്ന് രക്ഷപ്പെട്ടു – കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഇരയായ അസം സര്‍വകലാശാലയിലെ ബംഗാളി വിഭാഗം മേധാവി ദേബാബിഷ് ഭട്ടാചാര്യ പറഞ്ഞു.
മരണത്തിന്റെ മുള്‍മുനയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ ഇപ്പോഴും വിട്ടുമാറാത്ത ഭയത്തോടെയാണ് ആ നിമിഷത്തെ ഓര്‍മിച്ചെടുക്കുന്നത്. ദേബാബിഷ് ഭട്ടാചാര്യയ്ക്കും കുടുംബത്തിനും പറയാനുള്ളതും അത്തരം ഭയപ്പെടുത്തുന്ന അനുഭവമാണ്.
ഭാര്യയ്ക്കും മകനുമൊപ്പമാണ് ദേബാബിഷ് ഭട്ടാചാര്യ അവധിക്കാല യാത്രയ്ക്കായി കശ്മീരിലേയ്ക്ക് പോകുന്നത്. ഭട്ടാചാര്യ ആ നിമിഷം ഇങ്ങനെ ഓര്‍ത്തെടുക്കുന്നു:
”ബൈസാരനിലെ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്രയുടെ എല്ലാ സന്തോഷത്തിലും ഇരിക്കുമ്പോഴാണ് പെട്ടെന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നത്. ഒരു മരത്തിനടിയിലേയ്ക്ക് ഉടന്‍ തന്നെ കിടന്നു. ആളുകള്‍ ‘ ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലുന്നത് കേട്ടു. ഞാനും അത് തന്നെ ചൊല്ലി. ഒരാള്‍ കിടക്കണോ വേണ്ടയോ എന്ന് ആലോചിച്ച് നിന്നപ്പോഴേയ്ക്കും അയാളെ വെടിവെച്ചിട്ടു.
ആ രക്തം എന്റെ ദേഹത്തേയ്ക്ക് തെറിച്ച് വീണു. തോക്കുധാരിയായ ഒരാള്‍ എന്റെ അടുത്തേയ്ക്ക് വന്ന് എന്താണ് പിറുപിറുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ ലാ ഇലാഹ് ഇല്ലല്ലാഹ് എന്ന് ഉച്ചത്തില്‍ പറഞ്ഞു.അതുകൊണ്ട് മാത്രമാണ് അയാള്‍ എന്നെ വെറുതെ വിട്ടത്.”
”കുടുംബത്തോടൊപ്പം ഉടന്‍ തന്നെ അവിടെ നിന്നും നടന്നു. രണ്ട് മണിക്കൂര്‍ നടന്ന് ഒരു ഗ്രാമത്തിലെത്തി. അവിടെ ഒരു കശ്മീരി സ്ത്രീയെ കണ്ടു. അവരാണ് പഹല്‍ഗാമിലേയ്ക്കുള്ള വഴി കാണിച്ചു തന്നത്. രണ്ട് കുതിര സവാരിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞതോടെ പഹല്‍ഗാമിലെത്താന്‍ കഴിഞ്ഞു. കുന്നിന്‍ മുകളിലൂടെ ഓടിപ്പോകുമ്പോള്‍ 30 മിനിറ്റ് നേരത്തേയ്ക്ക് വെടിയൊച്ച കേട്ടിരുന്നു”, ആക്രമണകാരികളായ മൂന്ന് പേരെ കണ്ടിരുന്നുവെന്നും 15 തവണ വെടിയുതിര്‍ക്കുന്നത് കേട്ടുവെന്നും ഭട്ടാചാര്യ പറഞ്ഞു.
അക്രമികള്‍ അവരുടെ മതത്തെക്കുറിച്ച് ചോദിച്ചുവെന്നാണ് അതിജീവിച്ചവര്‍ പറയുന്നത്. ‘കലിമ’ ചൊല്ലാന്‍ പറഞ്ഞുവെന്നും അത് ചെയ്യാത്തവരെ വെടിവെച്ച് കൊന്നുവെന്നുമാണ് ജീവിച്ചിരിക്കുന്നവരുടെ വാക്കുകള്‍..
എന്നാല്‍ എന്താണ് കലിമ?
‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍ റസൂലുല്ലാഹ്’- അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്-ഈ വാക്കുകള്‍ മുസ്ലീംങ്ങള്‍ക്ക് പവിത്രമാണ്. ഇതൊരു വിശ്വാസ പ്രഖ്യാപനമാണ്. കലിമ നവജാത ശിശുവിന്റെ ചെവിയില്‍ മന്ത്രിക്കുകയും ദിവസേനയുള്ള അഞ്ച് നിസ്‌കാരത്തില്‍ ആവര്‍ത്തിക്കുകയും മരണ സമയത്ത് ഒരു വിശ്വാസിയുടെ ചുണ്ടില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. കലിമ ദൈവത്തിലും അവന്റെ അന്തിമ ദൂതനായ മുഹമ്മദ് നബിയിലുമുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. കലിമ എന്നത് വാക്ക് അല്ലെങ്കില്‍ പ്രസ്താവന എന്നര്‍ഥം വരുന്ന ഒരു അറബി പദമാണ്
ഇസ്ലാമില്‍ ആറ് കലിമകളുണ്ട്.
കലിമ തയ്യിബ്– അല്ലാഹുവിന്റേയും മുഹമ്മദിന്റെ പ്രവാചകത്വത്തിനേയും ഏകത്വം
കലിമ ഷഹാദ– ഇസ്ലാം മതം സ്വീകരിക്കുമ്പോള്‍ ചൊല്ലുന്ന വിശ്വാസത്തിന്റെ സാക്ഷ്യം
കലിമ തംജീദ്– അല്ലാഹുവിന്റെ മഹത്വത്തെയും കാരുണ്യത്തെയും മഹത്വപ്പെടുത്തുന്നു
കലിമ തൗഹീദ്– അല്ലാഹുവിന്റെ ഐക്യത്തേയും ജീവിതത്തിന്റേയും മരണത്തിനും മേലുള്ള അവന്റെ ശക്തിയെയും കുറിച്ച് സംസാരിക്കുന്നു.
കലിമ അസ്തഗ്ഫാര്‍– അറിയപ്പെടുന്നതും അറിയാത്തതുമായ പാപങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു
കലിമ റദ്ദേ കുഫ്ര്‍– അവിശ്വാസത്തേയും പാപകരമായ പ്രവൃത്തികളേയും നിരസിക്കുന്നു