ചെന്നൈ: പകർച്ചവ്യാധികളെപ്പോലെ പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതന ധർമമെന്നും അത് സാമൂഹ്യനീതിക്ക് എതിരാണെന്നുമുള്ള ഡി എം കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം വിവാദമായി.പരാമർശത്തിനെതിരെ ബി ജെ പി അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധർമ്മത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.സനാതനം എന്ന വാക്ക് സംസ്‌കൃതത്തിൽ നിന്നുള്ളതാണെന്നും അത് സാമൂഹ്യ നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഉദയനിധി പറഞ്ഞു.
ഉദയനിധിയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതികരണമാണ് ബി ജെ പി നടത്തിയത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ എൺപത് ശതമാനത്തോളം വരുന്ന വിഭാഗത്തിന്റെ വംശഹത്യക്കാണ് ഉദയനിധി ആഹ്വാനം ചെയ്തതെന്നാണ് ബി ജെ പിയുടെ ഐ.ടി. സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ പറഞ്ഞത്. ‘കോൺഗ്രസിന്റെ ദീർഘകാല സഖ്യകക്ഷിയായ ഡിഎംകെയുടെ പിൻഗാമി സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവസരം ലഭിച്ചാൽ, സഹസ്രാബ്ദങ്ങൾ പഴക്കമുള്ള നാഗരികതയെ ഉന്മൂലനം ചെയ്യും. മുംബയിലെ യോഗത്തില്‍ അവര്‍ എത്തിച്ചേര്‍ന്ന ധാരണ ഇതാണോയെന്ന് വ്യക്തമാക്കണം’ അമിത് മാളവ്യ ആവശ്യപ്പെട്ടു.