കൊച്ചി: സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. അശ്ലീലത കാണുക എന്നത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. ഇതിന്മേല്‍ സ്വീകരിക്കുന്ന നിയമ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധിച്ചു.
2016 ജൂലൈ മാസം ആലുവ പാലത്തിന് സമീപം മൊബൈൽ ഫോണിൽ അശ്ലില വീഡിയോ കണ്ടതിനാണ് കറുകുറ്റി സ്വദേശിയായ 27 കാരനെതിരെ ആലുവ പൊലീസ് കേസെടുത്തത്.
രാത്രി റോഡരികിൽനിന്ന് അശ്ലീല വിഡിയോ കാണുമ്പോൾ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഹര്‍ജിക്കാരനെ പിടികൂടുകയായിരുന്നു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ടും നൽകി. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. മറ്റാരും കാണാതെ സ്വകാര്യ സമയത്ത് അശ്ലീല വീഡിയോ കാണുന്നതിൽ ഇടപെടുന്നത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാകുമെന്നതിനാൽ ഇത് കുറ്റമായി പ്രഖ്യാപിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.ഈ കേസിൽ കോടതിയിലുള്ള എല്ലാ നടപടികളും ഹൈക്കോടതി റദ്ദാക്കി.
അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ഡിജിറ്റൽ യുഗത്തിൽ ഇത്തരം വീഡിയോകൾ ലഭിക്കാൻ പ്രയാസമില്ല. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരു വിരൽതുമ്പിൽ ഇത്തരം വീഡിയോകൾ ലഭ്യമാകും. എന്നാൽ ചെറിയ കുട്ടികൾ ഇത്തരം വീഡിയോകൾ നിരന്തരം കാണുകയും ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വിധിന്യായത്തിൽ പറഞ്ഞു.
ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമോ സ്വകാര്യതയില്‍ അശ്ലീല വീഡിയോ കാണുന്നതോ രാജ്യത്ത് കുറ്റകരമല്ല. അശ്ലീല പുസ്തകം, ലഘുലേഖ, തുടങ്ങിയവയുടെ വില്‍പ്പനയും വിതരണവും കുറ്റകരമാണ് എന്നാണ് ഐപിസി 294 വകുപ്പിന്റെ നിര്‍വ്വചനമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.
ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകള്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലെത്തും. ഇത് കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. മൊബൈല്‍ ഫോണ്‍ വഴി വിജ്ഞാനപ്രദമായ വാര്‍ത്തകളും ദൃശ്യങ്ങളും മാതാപിതാക്കൾ കുട്ടികളെ കാണിക്കണമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.
ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കാന്‍ ഒഴിവുസമയത്ത് അവർ ക്രിക്കറ്റും ഫുട്ബാളും മറ്റും കളിക്കട്ടെ. ഓൺലൈൻ മുഖേന വരുത്തുന്ന ഭക്ഷണത്തിന് പകരം കുട്ടികൾ അമ്മയുണ്ടാക്കിയ രുചികരമായ ഭക്ഷണം ആസ്വദിക്കട്ടേയെന്നും കോടതി നിര്‍ദേശിച്ചു.