കാലിഫോര്‍ണിയ: ബഹിരാകാശത്ത് നിന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന ദൗത്യം ഏറെറടുത്ത ഇലോൺ മസ്കിൻ്റെ സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി.
മാർച്ച് 19ന് ഇരുവരും മടങ്ങിയെത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. പുതിയ ദൗത്യത്തിനായി നാല് സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേർന്നിട്ടുമുണ്ട്. ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവരാണ് അവർ.
ഈ നാല്‍വര്‍ സംഘത്തിന് നിയന്ത്രണം കൈമാറിയ ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങും. ഇരുവര്‍ക്കുമൊപ്പം ദൗത്യത്തിലെ മറ്റ് അംഗങ്ങളായ നിക്ക് ഹേഗും, അലക്സാണ്ടര്‍ ഗോര്‍ബനോവും 19ന് മടങ്ങും എന്നാണ് പ്രതീക്ഷ.
വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്‍റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലധികമായി അവിടെ തുടരുകയാണ്.
സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ തിരികെ യാത്ര നീട്ടിവെക്കുകയായിരുന്നു. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു.
ബഹിരാകാശ നിലയത്തിൽ മാസങ്ങൾ പിന്നിട്ടു തിരിച്ചെത്തുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുക ഒട്ടും എളുപ്പമായിരിക്കില്ല.ദീർഘകാലത്തെ ബഹിരാകാശ വാസത്തിനു ശേഷം ഭുമിയിലെത്തുന്ന യാത്രികർക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു. നടക്കാനുള്ള ബുദ്ധിമുട്ട് മുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരെ ഇരുവർക്കും നേരിടേണ്ടി വന്നേക്കാം.