വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാസയുടെ ബഹിരാകാശ സഞ്ചാരികളായ ബച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവർക്ക് താൽക്കാലികമായ അശ്വാസം.
തിരിച്ചുവരവ് വൈകുകയാണെങ്കിലും മൂന്ന് ടണ്ണോളം ഭക്ഷണവും ഇന്ധനവും മറ്റ് ആവശ്യവസ്തുക്കളുമായി റഷ്യന്‍ പേടകം ‘പ്രോഗ്രസ്സ് 89’ കാര്‍ഗോ ഷിപ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഈ വിവരം നാസ സ്ഥിരീകരിച്ചു. അത് അവർ തത്സമയം സംപ്രേഷണം ചെയ്തു.
ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇരുവര്‍ക്കും ദീര്‍ഘനാള്‍ നിലയത്തില്‍ കഴിയേണ്ടി വന്നത്. ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളില്‍ 418 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഓഗസ്റ്റ് 17ന് ഇരു ബഹിരാകാശ പേടകങ്ങളുടെയും സന്ധിക്കൽ ഉണ്ടായത്.
ഓഗസ്റ്റ് 14ന് റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസാണ് പ്രോഗസ് 89നെ സോയൂസ് റോക്കറ്റില്‍ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. ബഹിരാകാശ യാത്രയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്ഷേപണങ്ങള്‍ നടത്തിയ റോക്കറ്റാണ് സോയൂസ്.
പ്രോഗ്രസ്സ് 89 പേടകത്തില്‍ 1,201 കിലോഗ്രാം ഭക്ഷണപദാര്‍ഥങ്ങള്‍, 420 കിലോ വെള്ളം, 50 കിലോ നൈട്രജന്‍ എന്നിവ ഉള്‍പ്പെടുന്നു. ഏഴ് പേരുള്ള എക്‌സ്‌പെഡിഷന്‍ 71 ക്രൂവിന് ആവശ്യമായ വസ്തുക്കളാണിത്. ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവര്‍ക്കും ഈ വസ്തുക്കള്‍ സഹായകമാകും.
ആറ് മാസക്കാലം ഈ കാര്‍ഗോ ഷിപ്പ് അവിടെ തുടരും.അതിനു ശേഷം ബഹിരാകാശ നിലയത്തിലെ അവശിഷ്ടങ്ങളുമായായിരിക്കും ഭൂമിയിലേക്ക് മടങ്ങും.
ജൂണ്‍ അഞ്ചിനാണ് രണ്ട് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിക്ഷേപിച്ചത്. 24 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി.
ഒരാഴ്ചമാത്രമാണ് ഈ ദൗത്യത്തിന്റെ ദൈര്‍ഘ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവര്‍ക്കും തിരിച്ചുവരാനാവാത്ത സ്ഥിതിയായി.
ബോയിങ് നിര്‍മിച്ച ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമാണിത്. ജൂണ്‍ അഞ്ചിന് വിക്ഷേപിച്ച പേടകം നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഹീലിയം ചോര്‍ച്ചയും സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവര്‍ത്തനം പലതവണ തടസപ്പെടുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പരിശോധനകളും നടക്കുകയാണ്. ഇതിനിടെ ദൗത്യ സംഘത്തെ തിരിച്ചെത്തിക്കുന്നതിനുള്ള തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.
ഇരുവരെയും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ തന്നെ തിരിച്ചിറക്കാനാണ് ലക്ഷ്യമിടുന്നത് എങ്കിലും അടിന്തിര സഹാചര്യത്തില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ഉപയോഗിക്കുന്നകാര്യം നാസ പരിഗണിക്കുന്നുണ്ട്.
ഇരുവരുടെയും തിരിച്ചുവരവിനുള്ള തീയ്യതി പ്രഖ്യാപിക്കാന്‍ മിഷന്‍ മാനേജര്‍മാര്‍ തയ്യാറായിട്ടില്ലെന്ന് നാസയുടെ കൊമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു.
Boeing Starliner, Sunita Williams, Return Date,NASA,US ,Russia