കൊച്ചി : കേന്ദ്രം ഭരിച്ചു കൊണ്ടിരിക്കുന്ന പാർട്ടിക്കെതിരായുള്ള ഈ പാൻ ഇന്ത്യാ അർദ്ധ സത്യ പ്രചരണമാണ് രാജ്യമെമ്പാടും പ്രദർശിപ്പിക്കുന്ന എമബുരാൻ എന്ന മലയാള സിനിമയെന്നു സാമൂഹിക നിരീക്ഷകനായ ജയൻ രാജൻ ഫേസ് ബുക്കിൽ കുറിച്ചു. ഇത് ഒരു തരം ഒരു പ്രത്യേക തരം ഫാഷിസം തന്നെയെന്നു അദ്ദേഹം പറയുന്നു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ :
എമ്പുരാന്റെ ഒരു ഘട്ടത്തിൽ, ഒരു വലിയ കെട്ടിടത്തിനകത്തേക്ക് ഷാർപ് ഷൂട്ടറായ പൃഥ്വിരാജ് ഒരു വെടിവെപ്പിന് ശേഷം തോക്കുമായി കയറിൽ തൂങ്ങി ഇറങ്ങുന്നുണ്ട്. അധികം വെളിച്ചമൊന്നുമില്ലാത്ത അവിടേക്ക് മുഖത്ത് സൺഗ്ലാസ്സസുമായിട്ടാണ് അയാളുടെ വരവ്.
തുടർന്ന് തറയിലെ ഒരു പാളി പൊക്കി അതിനടിയിലെ ഇരുട്ടറയിലേക്കും അയാൾ പോകുന്നു. അതും സൺഗ്ലാസ്സസ് വെച്ചുകൊണ്ട് തന്നെ. എന്ത് യുക്തിയാണ് ഇതിൽ? കാണാൻ സ്റ്റൈലായി ഇരിക്കുക – അത്ര തന്നെ. ഇതാണ് എമ്പുരാൻ എന്ന സിനിമ മൊത്തവും. പൃഥ്വിരാജ് കുറേ ഹോളിവുഡ് സിനിമകൾ കണ്ടിട്ടുണ്ട്. അതുപോലെ തനിക്കും ഒരു സിനിമയെടുക്കണം എന്ന് അയാൾക്ക് ആഗ്രഹം തോന്നിക്കാണും. അങ്ങിനെ എടുത്ത ഒരു ഹോളിവുഡ് തെലുങ്ക് പടമാണ് എമ്പുരാൻ.
നായകനെ നാം ആദ്യം സെനഗൾ എന്ന ആഫ്രിക്കൻ രാജ്യത്ത് കാണുന്നു. വില്ലനെ കാണുന്നത് ഫ്രാൻസിൽ. നായകൻ പിന്നെ അമേരിക്കയിൽ അവതരിക്കുന്നു. ശേഷം നായകനും വില്ലനും ഇറാക്കിൽ കണ്ടുമുട്ടുന്നു. പുറമേ ലണ്ടണിലെ രഹസ്യാന്വേഷണ ഏജൻസിയും. ഇതിന്റെയൊക്കെ ആവശ്യമെന്ത്? സിഐഡി വിജയൻ പറഞ്ഞ പോലെ, കിരീടം ഫ്രാൻസിലേക്ക് പോകുന്നു, അവിടുന്ന് ഇംഗ്ലണ്ടിലേക്ക് പോകുന്നു…
അത് തന്നെ. എന്നാലും മുരളി ഗോപി എങ്ങിനെയൊക്കെയോ കഥ ഒപ്പിച്ചെടുത്തിട്ടുണ്ട്. സംഭാഷണങ്ങൾ പക്ഷെ എന്തൊക്കെയോ വലിയ കാര്യങ്ങൾ പറയുന്ന ഭാവത്തിൽ കുറേ ഭോഷ്കത്തരങ്ങളാണ് എഴുതി വെച്ചിരിക്കുന്നത്. എമ്പുരാൻ പോലെ ഒരു മാസ് സിനിമയായി മാർക്കറ്റ് ചെയ്തിരിക്കുന്ന ഒന്ന് ആവശ്യപ്പെടുന്ന, നമ്മളെ ത്രസിപ്പിക്കുന്ന, ഓർത്തു വെക്കാവുന്ന രംഗങ്ങൾ ഒന്നും തന്നെ ഇതിലില്ല. നാം മറ്റെങ്ങും കാണാത്തതും ഈ സിനിമയിലില്ല. അയായത് ഒറിജിനാലിറ്റി നഹീ നഹീ. ഇതൊക്കെയാണെങ്കിലും, മൂന്ന് മണിക്കൂർ നീളമുള്ള സിനിമ ആകെമൊത്തം തരക്കേടില്ല എന്നും പറയേണ്ടി വരും.
മോഹൻലാലും പൃഥ്വിയും ചേർന്നുള്ള ഒരു സംഘട്ടന രംഗമുണ്ട്. അതിൽ ലാലേട്ടൻ പൊളിച്ചു.
സിനിമയിലെ രാഷ്ട്രീയവും ചരിത്ര പുനർ നിർമ്മാണത്തിനുള്ള ശ്രമവും ഇതിനകം വിവാദമായിക്കഴിഞ്ഞു. ഗോദ്ര കലാപം എന്തുകൊണ്ട് ഉണ്ടായി എന്ന് സൗകര്യപൂർവ്വം മറന്നുകൊണ്ട് അതിന്റെ പാപഭാരം മുഴുവൻ ഹിന്ദുക്കളുടെ തലയിൽ കെട്ടിവെക്കുന്ന സ്ഥിരം പരിപാടിയാണ് ഇവിടേയും. ക്വാണ്ടം ഫിസിക്സിന്റെ അറ്റം ആത്മീയതയാണെന്ന് ഈയിടെ മുരളി ഗോപി പറയുന്നത് കേട്ടു. യഥാർത്ഥ ഇസ്ലാം മത വിശ്വാസികൾ നൂറു കണക്കിന് ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കൊന്നൊടുക്കിയ മലബാർ വർഗ്ഗീയ കലാപം വെള്ള പൂശാൻ വാരിയം കുന്നനായി അഭിനയിക്കാനൊരുങ്ങിയ ആളാണ് പൃഥ്വിരാജ്.
ഇവരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. ഇസ്ലാമോ-ലെഫ്റ്റിന്റെ യൂസ്ഫുൾ ഇഡിയറ്റ്സ് മാത്രമാണവർ. ഇനി, ‘മതം ഇളക്കിവിട്ട് അധികാരം പിടിച്ചെടുക്കുന്നത് തുറന്ന് കാട്ടുന്ന’ സിനിമ മുന്നോട്ട് വെയ്ക്കുന്ന ബദൽ രാഷ്ട്രീയം എന്താണെന്നറിയണ്ടേ? മരിച്ചു പോയ വലിയൊരു നേതാവിന്റെ മകളെ രക്ഷകയായി അവതരിപ്പിക്കുക. ഈ സ്ത്രീ ആധുനിക കാറിൽ കയറാൻ വിസമ്മതിച്ചു കൊണ്ട് ഒരു പഴയ അംബാസിഡറിലാണ് യാത്ര ചെയ്യുന്നത്. അതായത് മക്കൾ രാഷ്ട്രീയവും സോഷ്യലിസവും. ഒരെഴുപത് വർഷമെങ്കിലും മുന്നത്തെ ഇത്തരം സങ്കൽപ്പങ്ങൾ പേറി നടക്കുന്നവരാണ് ആധുനിക ലോകത്തെ രാഷ്ട്രീയം പഠിപ്പിക്കാൻ നടക്കുന്നത്!
തമാശ അതുമല്ല. ഇത്തരക്കരുടെ മറ്റൊരു ആരോപണമാണല്ലോ ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യം തകർന്നു കൊണ്ടിരിക്കുകയാണ്, ഇൻസ്റ്റിറ്റ്യൂഷൻസ് ഒക്കെ കാവിവൽക്കരിച്ചു കൊണ്ടിരിക്കുകയാണ്, അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നൊക്കെ. അപ്പോഴാണ് കേന്ദ്രം ഭരിച്ചു കൊണ്ടിരിക്കുന്ന പാർട്ടിക്കെതിരായുള്ള ഈ പാൻ ഇന്ത്യാ അർദ്ധ സത്യ പ്രചരണം രാജ്യമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത് ! ഒരു പ്രത്യേക തരം ഫാഷിസം തന്നെ.