April 7, 2025 9:44 pm

‘ബേബി ഉയരങ്ങളിൽ; പാർട്ടി പടുകുഴിയിലും..’

തിരുവനന്തപുരം : സി പി എം ജനറൽ സെക്രട്ടറിയായി  തിരഞ്ഞെടുക്കപ്പെട്ട എം എ, ബേബിയ്ക്ക് പാർടിയെ രക്ഷിക്കാൻ ഒന്നും ചെയ്യാനാവില്ലെന്ന് ദേശാഭിമാനി മുൻ അസോസിയേററ് എഡിററർ ജി. ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു,

അദ്ദേഹത്തിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ:

സിപിഎമ്മിന്റെ പരമോന്നത നേതൃപദവിയിൽ എത്തിയ എം എ ബേബി എഴുപതുകളിൽ കേരളത്തിൽ വിദ്യാർഥി- യുവജന സംഘടനാ രംഗത്ത് ഒരു കൊടുങ്കാറ്റായി വീശിയത് ഓർക്കുമ്പോൾ ആരും കോൾമയിർകൊള്ളും. മികച്ച നേതൃപാടവത്തിന് ഉടമയാണ് ബേബി.

കേരളത്തിലെ സിപിഎമ്മിൽ ബേബിയോളം പടർന്നു പന്തലിച്ച മറ്റൊരു യുവജന നേതാവില്ല. അധികാരത്തിന്റെ ഏണിപ്പടികൾ എങ്ങിനെയാണ് കയറേണ്ടത് എന്നതിന് ബേബിയോട് തന്നെയാണ് ശിഷ്യപ്പെടേണ്ടത്. ആരെ എങ്ങിനെ വശീകരിച്ചാൽ ഏത് പടിവരെ എത്താം എന്നതിലും ബേബിയുടെ മനസിൽ ഒരു ഗ്രാഫ് വരച്ചു വെച്ചിട്ടുണ്ട്. അത് പിഴക്കാറില്ല. അതിന്റെ സാഫല്യ മാണിന്നത്തെ പദവി.

ആപൽബന്ധുവാണ് ബേബി. സർവ്വ കലാവല്ലഭനുമാണ്. ദോഷൈകദൃക്കുകൾ ഇതെല്ലാം വെറും എക്സിബിഷനിസം ആണെന്ന് പറഞ്ഞാലും ബേബി യെ ഞാൻ ഏറെ ആദരിക്കുന്നത് അനുരഞ്ജനത്തിൽ ബേബി ഒരു കിസിൻജർ ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ്. കേരളത്തിന്റെ വിഖ്യാതമായ “സമ്പൂർണ്ണ സാക്ഷരത”കിരീടം”ബേബിയുടെ സംഭാവനയാണ് . അത് ബേബിയുടെ ഔദാര്യം കൊണ്ടാണെന്നു പലർക്കും അറിയണമെന്നില്ല,

കേരളത്തിന് ഈ പദ്ധതി അനുവദിക്കാൻ കൊച്ചിയിൽ എത്തിയ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയെ എറണാകുളം ഗസ്റ്റ് ഹൌസിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രി നായനാർ പ്രകോപിപ്പിച്ച് കണക്കറ്റ് അപമാനിച്ചു’
ഇവിടെ സാക്ഷരതയല്ല ഉച്ചക്കഞ്ഞിയാണ് വേണ്ടതെന്നായിരുന്നു നായനാരുടെ വാദം.അതിന് പണം വേണമെന്നായിരുന്നു നായനാരുടെ ആവശ്യം,

തൂക്കുമരത്തിൽ നിന്ന് ഇറങ്ങിവന്ന മുഖ്യമന്ത്രിയാണ് താനെന്നറിയാമോ എന്നെല്ലാം പറഞ്ഞു നായനാർ നിഗളിച്ചപ്പോൾ . സെക്രട്ടറി അതിനപ്പുറം പറഞ്ഞ് തെറ്റി. അവസാനം ഇരുവരും തമ്മിൽ വഴക്കായി. കൂടും കുടുക്കയും എടുത്തു പൊയ്ക്കൊ എന്നുവരെ നായനാർ കേന്ദ്രത്തിലെ ആ സീനിയർ ഉദ്യോഗസ്ഥന്റെ മുഖത്ത് നോക്കി പറഞ്ഞു.

പദ്ധതി കേരളത്തിന് നഷ്ടപ്പെടുമോ എന്ന് ഭയന്ന് ഞാൻ വിവരം മുഴുവൻ ബേബിയോട് അപ്പപ്പോൾ തന്നെ ഫോണിൽ വിളിച്ചു പറഞ്ഞു ബേബി രാത്രി തന്നെ കൊച്ചിയിലെത്തി രാവിലത്തെ ദില്ലി വിമാനത്തിൽ ഈ സീനിയർ ഉദ്യോഗസ്ഥന്റെ തൊട്ടടുത്ത സീറ്റ് സംഘടിപ്പിച്ചു വിമാനത്തിലിരുന്നു നായനാരുടെ ധീര ജീവിത കഥ പറഞ്ഞുകൊടുത്ത് അദ്ദേഹത്തെ കീശയിലാക്കി.

അന്ന് ഇതിനെല്ലാം സാക്ഷിയായ കലക്റ്റർ കെ ആർ രാജനും ഏറെ ഖിന്നനായിരുന്നു. പക്ഷെ ബേബിയുടെ ഇടപെടൽ ഫലിച്ചു . നാലാം ദിവസം ദില്ലിയിൽ നിന്ന് ആദ്യ ഗഡൂവായ 85 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് എറണാകുളത്തെ സാക്ഷരതാ ഓഫീസിൽ എത്തി അതാണ് ബേബി യുടെ നൈപുണ്യം.

ബേബി ഇപ്പോൾ ലക്ഷ്യമിട്ട ഉയരങ്ങളിൽ എത്തിയെങ്കിലും പാർട്ടി പടു കുഴിയിൽ നിപതിച്ചു എന്നതാണ് സത്യം. ആർക്കൊക്കെ അതിൽ പങ്കുണ്ടെന്നത് കാലം തെളിയിക്കട്ടെ.

പാർട്ടി നേതൃത്വത്തിൽ നിന്ന് ഈ പദവിയിലേക്ക് തെരെഞ്ഞെടുക്കാവുന്ന ഏറ്റവും സ്വീകാര്യൻ ബേബിയാണെന്നതിൽ തർക്കമില്ല. ഒരു വ്യാഴവട്ടത്തോളമായി ബേബി രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നോ എന്നതിലും സംശയിച്ചു നില്ക്കുന്നവർ ഉണ്ട്,വനവാസത്തിന് പോയ മട്ടിലായിരുന്നു കഴിഞ്ഞ ഒരുദശാബ്ദത്തെ ബേബിയുടെ രാഷ്ട്രീയജീവിതം.

ബേബിയ്ക്ക് ഗോഡ് ഫാദർമാർ അനവധിയാണ്. തരാതരം പോലെ ഓരോരുത്തരെ ഇറക്കി കളിക്കും. കേരളത്തിൽ വിഭാഗീയത മൂർഛിച്ചതാണ് ബേബിയ്ക്ക് വളരാൻ വളക്കൂറുള്ള മണ്ണായത്.വിഎസിനു സി ഐ ടി യു ലോബിയേ വീഴ്ത്താൻ എന്തിനും പോന്ന ഒരു കോടാലിയെ വേണ്ടിയിരുന്നു പാലക്കാട് സമ്മേളനത്തിൽ ആ വെട്ടിനിരത്തൽ കണ്ടൂ.പക്ഷെ മലപ്പുറം സമ്മേളനം ആയപ്പോൾ അതേ വിഎസിനെ വെട്ടിനിരത്താൻ ബേബി കരുക്കൾ നീക്കി. ആ ഓപ്പറേഷനും ലക്ഷ്യം കണ്ടെങ്കിലും പാർട്ടി തകർന്നു.

ബേബി ഉയരങ്ങളിൽ;
പാർട്ടി പടുകുഴിയിലും

അസൂയാർഹമായ പ്രവർത്തന മികവ് പ്രശംസ അർഹിക്കുമ്പോൾ തന്നെ ബേബി യുടെ ലെഗസി കളങ്കിതവും അധാർമ്മികവും വിഭാഗീയതയുടെ കറ പുരണ്ടതുമാണെന്നത് വിസ്മരിക്കാനാകില്ല. പാർട്ടിയെ ഇന്നത്തെ തകർച്ചയിൽ നിന്ന് കരകയറ്റാനുള്ള മാന്ത്രികവടി അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടെന്ന് കരുതാനുമാകില്ല കില്ല. കതിരിന് വളം വെച്ചിട്ട് എന്താ കാര്യം?

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News