April 6, 2025 11:27 pm

വീണ വിജയന് എസ് എഫ് ഐ ഒ യുടെ ഒരു കുറ്റപത്രം കൂടി

കൊച്ചി: എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പക്കൽ നിന്നു പണം വായ്പയായി വാങ്ങി എക്സാലോജിക് കമ്പനി അടച്ചു പൂട്ടി കബളിപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് കുറ്റപത്രം നൽകും.

കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൻ്റെ ((സിഎംആർഎൽ) സഹോദര സ്ഥാപനമാണിത്.വീണയുടെ കമ്പനി എക്സാലോജിക് സൊല്യൂഷൻസ് മുഖ്യപ്രതി സ്ഥാനത്തു വരുന്ന ഈ രണ്ടാം കുറ്റപത്രം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ)കേസുകൾ പരിഗണിക്കുന്ന ബെംഗളൂരുവിലെ കോടതിയിലാകും സമർപ്പിക്കുക.

വായ്പയായി കൈപ്പറ്റിയ പണം തിരിച്ചടയ്ക്കാതെ എക്സാലോജിക് കമ്പനി അടച്ചു പൂട്ടി കബളിപ്പിച്ചെന്നതാണ് ഈ കുറ്റപത്രത്തിലെ കേസ്.വൻകിട വ്യവസായ രംഗത്തെ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയാണു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്.

സിഎംആർഎൽ കമ്പനി മുഖ്യപ്രതിയായ ആദ്യ കുറ്റപത്രത്തിൽ കൂട്ടുപ്രതികളുടെ പട്ടികയിലാണു വീണയുള്ളത്. രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും വൻതുക നൽകി നിയമവിരുദ്ധമായ പരിഗണന സിഎംആർഎൽ നേടിയതായി എറണാകുളം അഡീ.സെഷൻസ് കോടതി മുൻപാകെ സമർപ്പിച്ച ഈ കുറ്റപത്രത്തിൽ പറയുന്നുണ്ട്.

2.70 കോടി രൂപയുടെ സാമ്പത്തിക കുറ്റാരോപണമാണു വീണയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റപത്രത്തിൽ ഉൾപ്പെട്ടവർക്കു കോടതി സമൻസ് അയയ്ക്കും.ആറുമാസം മുതൽ 10 വർഷം വരെ ജയിൽശിക്ഷയും പിഴയും ലഭിക്കാവുന്ന സാമ്പത്തിക വഞ്ചന, തെറ്റായ വിവരങ്ങൾ സമർപ്പിക്കൽ തുടങ്ങിയ കമ്പനികാര്യ നിയമത്തിലെ 5 കുറ്റകൃത്യങ്ങൾ ശശിധരൻ കർത്ത എം ഡി യായ സിഎംആർഎൽ കമ്പനി ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കമ്പനികാര്യ സാമ്പത്തിക കുറ്റകൃത്യത്തിൽ കേരളത്തിൽ എസ്എഫ്ഐഒ സമർപ്പിക്കുന്ന ആദ്യകുറ്റപത്രമാണ് സിഎംആർഎൽ കേസിലേത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് സിഎംആർഎൽ കേസ് എസ്എഫ്ഐഒക്കു കൈമാറിയത്. ഓരോ സംസ്ഥാനത്തും സെഷൻസ് കോടതിയുടെ പദവിയുള്ള കോടതിക്കാണ് എസ്എഫ്ഐഒ കേസുകളുടെ വിചാരണാധികാരം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News