ബംഗളൂരു: അമേരിക്കയിലെ ശതകോടീശ്വരനും ഡൊണാൾഡ് ട്രംപ് സർക്കാരിലെ പ്രമുഖനുമായ എലോണ്‍ മസ്‌കിൻ്റെ സ്ഥാപനം കേന്ദ്ര സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) നിയമം ഉപയോഗിച്ച് മസ്‌കിന്റെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില ഉള്ളടക്കങ്ങള്‍ക്ക് നിരോധം ഏർപ്പെടുത്തിയതിന് എതിരെ ആണ് കർണാടക ഹൈക്കോടതിയില്‍ കേസ് കൊടുത്തത്.
സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയമായ സെന്‍സര്‍ഷിപ്പിന് കാരണമാകുന്നതുമാണെന്ന് എക്‌സ് ആരോപിക്കുന്നു.
ഈ നടപടി സുപ്രീം കോടതി വിധികളെ ലംഘിക്കുകയും ഓണ്‍ലൈന്‍ സ്വതന്ത്ര അഭിപ്രായപ്രകടനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കമ്പനി കുററപ്പെടുത്തി.
വാദത്തിനിടെ, സര്‍ക്കാര്‍ എക്‌സിനെതിരെ എന്തെങ്കിലും ‘പ്രകോപനപരമായ നടപടി’ സ്വീകരിച്ചിട്ടുണ്ടോ എന്ന് ജഡ്ജി ചോദിച്ചു.ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് എക്‌സ് മറുപടി നല്‍കി. കഴിഞ്ഞ വര്‍ഷം കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിയമ പോരാട്ടം ആരംഭിച്ചത്.
ഐടി നിയമ പ്രകാരം, നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ കോടതി നിര്‍ദ്ദേശം നല്‍കിയാല്‍, 36 മണിക്കൂറിനുള്ളില്‍ ഇടനിലക്കാര്‍ നടപടി എടുക്കണം. അല്ലാത്തപക്ഷം, സുരക്ഷിത സംരക്ഷണം നഷ്ടമാകുകയും ശിക്ഷാ നിയമപ്രകാരം ബാധ്യത ഏറ്റെടുക്കേണ്ടി വരികയും ചെയ്യും.