തിരുവനന്തപുരം: നിലവിലെ വിവാദ വിഷയങ്ങളും ജനകീയ പ്രശ്‌നങ്ങളും നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ യു.ഡി.എഫ് നിയമസഭാ കക്ഷിയോഗത്തില്‍ തീരുമാനം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കു വിധം നിലപാട് കടുപ്പിക്കും.
മിത്ത് വിവാദം തത്കാലം ആളിക്കത്തിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നത്. എന്നാല്‍ വിഷയം സജീവമായിയി നിലനിറുത്തും. സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നവരെല്ലാം മിത്ത് വിവാദം പരാമര്‍ശിക്കും. വിഷയത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പുപറയണമെന്ന ആവശ്യവും ഉന്നയിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അടിയന്തരപ്രമേയം കൊണ്ടുവരുന്നതില്‍ ഏകാഭിപ്രായത്തിലെത്താന്‍ കഴിഞ്ഞില്ല. സ്പീക്കറുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പുറമെ, വിഷയം നിയമസഭയില്‍ ആളിക്കത്തിച്ചാല്‍ അത് ബി.ജെ.പിക്ക് ഗുണം ചെയ്‌തേക്കുമെന്ന അഭിപ്രായവും ചിലര്‍ ഉയര്‍ത്തി. എന്‍.എസ്.എസിന്റെ താത്പര്യം സംരക്ഷിക്കുകയെന്നതാണ് പൊതുവെയുള്ള നിലപാട്. കോണ്‍ഗ്രസിന്റെ നിലപാടിനോട് മുസ്ലീംലീഗ് അനുകൂല സമീപനം സ്വീകരിച്ചെങ്കിലും മിത്ത് വിഷയം കൂടുതല്‍ ചര്‍ച്ചയാക്കുന്നതില്‍ അവര്‍ക്ക് വലിയ താത്പര്യമില്ല. വര്‍ഗീയ ധ്രുവീകരണത്തിന് അവസരം നല്‍കാത്ത തരത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നതാണ് ഉചിതമെന്നതാണ് ധാരണ.
വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും തീരുമാനമായി. കഴിഞ്ഞ സമ്മേളനത്തില്‍ സ്പീക്കറും ഭരണപക്ഷവും സ്വീകരിച്ച നിലപാട് ഇക്കുറിയും തുടരുകയാണെങ്കില്‍ വിട്ടുവീഴ്ച കാട്ടേണ്ടതില്ല. . അടിയന്തിര പ്രമേയ നോട്ടീസുകള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കണം. സഭാ നടപടികളില്‍ നിരന്തരമുള്ള ഇടപെടലുകള്‍ വേണം. സഭയില്‍ പരമാവധി ഹാജര്‍ ഉണ്ടാകണമെന്ന് അംഗങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.