കൊച്ചി: സ്‌പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തു നടത്തിയ നാമജപ യാത്രയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് റദ്ദാക്കാൻ എൻ.എസ്.എസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് രാജ വിജയരാഘവൻ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ഗണപതി മിത്താണെന്ന സ്പീക്കറുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ നടത്തിയ നാമജപയാത്രക്കെതിരായ കേസ് റദ്ദാക്കാൻ എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹർജി നൽകിയത്. നാമം ജപിച്ചുകൊണ്ട് റോഡിലൂടെ നടക്കുക മാത്രമാണ് ചെയ്‌തതെന്ന് ഹർജിക്കാരൻ വാദിച്ചു.
ഹർജിക്കാരനുൾപ്പെടെ കണ്ടാലറിയാവുന്ന ആയിരത്തോളം എൻ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ് എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് രണ്ടിന് വൈകിട്ട് എൻ.എസ്.എസ് പ്രവർത്തകർ നടത്തിയ നാമജപയാത്രയ്ക്കെതിരെ നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പൊലീസിന്റെ നിർദ്ദേശം പാലിക്കാതിരിക്കൽ, ശബ്ദശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.