നിയമസഭാ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചു. അന്തരിച്ച നേതാക്കളോടുള്ള ആദരസൂചകമായി ഇന്ന് മറ്റ് കാര്യപരിപാടികളിലേക്ക് കടക്കില്ല. ചരമോപചാരത്തിന് ശേഷം സമ്മേളനം പിരിയും. ഈ മാസം 24വരെ 12 ദിവസമാണ് സമ്മേളനം. 53 വര്‍ഷത്തിനുശേഷം ഉമ്മന്‍ ചാണ്ടി ഇല്ലാത്ത സമ്മേളനമാണിത്. കഴിഞ്ഞ സമ്മേളനകാലത്ത് ചികിത്സയിലായിരുന്നതിനാല്‍ അദ്ദേഹം അവധി എടുത്തിരുന്നു.

നാളെ മുതല്‍ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാദ്ധ്യത. മുതലപ്പൊഴിയില്‍ ആവര്‍ത്തിക്കുന്ന അപകടം തുടക്കത്തിലേ ഉയര്‍ത്താനാണ് പ്രതിപക്ഷനീക്കം. എ. ഐ ക്യാമറ ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കാനും ഉന്നമിടുന്നു. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ മിത്ത് പരാമര്‍ശ വിവാദം സഭയില്‍ എങ്ങനെ പ്രതിഫലിക്കുമെന്നും കണ്ടറിയണം.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അതിക്രമം തടയാനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കുന്ന ഭേദഗതി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലും കേരള നികുതി ഭേദഗതി ബില്ലും നാളെ പരിഗണിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏതൊക്കെ ബില്ലുകള്‍ പരിഗണിക്കണമെന്ന് ഇന്ന് കാര്യോപദേശകസമിതി യോഗം ആലോചിക്കും. ചില ബില്ലുകളുടെ കരട് ഇന്ന് മന്ത്രിസഭായോഗവും പരിഗണിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News