നാമജപത്തിനെതിരെ കേസ്: ബിജെപി പ്രക്ഷോഭത്തിന്

തിരുവനന്തപുരം: നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധവുമായി ബി.ജെ.പി.സമാനചിന്താഗതിയുള്ള ഇതര സംഘടനകളുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. അന്ന് അര ലക്ഷം പേരെയാണ് പിണറായി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയത്. ഇന്നും സമാനമായ രീതിയില്‍ വിശ്വാസികളെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. മതമൗലികവാദികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് കേസെടുത്തത്.

വാസ്തവത്തില്‍ തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെയാണ് സര്‍ക്കാര്‍ കേസെടുക്കേണ്ടിയിരുന്നത്. സ്പീക്കറുടെ ഗണപതി അവഹേളനത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കാന്‍ തയ്യാറാവണം. ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്താന്‍ ആരാണ് ഷംസീറിനെ ചുമതപ്പെടുത്തിയതെന്ന് പറയണം. ഷംസീറിനെ പോലെ മതമൗലികവാദികളുടെ പിന്തുണയുള്ള നേതാവിനെ നിയന്ത്രിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. 30 ശതമാനം വരുന്ന മുസ്ലിം വോട്ട് ലക്ഷ്യം വച്ചാണ് സിപിഎം ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. എന്‍.എസ്.എസിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.