തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഇടപാടിലെ ആരോപണങ്ങള്‍ അന്വേഷിച്ച വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍. മേയ് 19ന് വ്യവസായമന്ത്രി പി. രാജീവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതുവരെ തുടര്‍നടപടികളില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍, ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞതല്ലാതെ ഉള്ളടക്കം പുറത്തുവിട്ടില്ല. ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരം കെ.പി.സി.സി സെക്രട്ടറി സി.ആര്‍. പ്രാണകുമാര്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കും റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന മറുപടി ലഭിച്ചതോടെ, സര്‍ക്കാര്‍ എന്തോ ഒളിക്കുന്നു എന്ന ആരോപണം പ്രതിപക്ഷം ശക്തിപ്പെടുത്തുകയാണ്. ഈ നിയമസഭാ സമ്മേളനത്തില്‍ അത് പ്രതിഫലിക്കും.
അന്വേഷണറിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ ആയതിനാല്‍ പകര്‍പ്പ് നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിവരാവകാശ മറുപടി. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അന്തിമമായി അംഗീകരിച്ചിട്ടില്ലെന്ന സൂചനയാണിതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
സേഫ് കേരള പദ്ധതിയില്‍ സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിക്കുന്നത് വിവാദമായതോടെയാണ് സര്‍ക്കാര്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അന്വേഷണം ഏല്‍പ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്, ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും ഉപകരാര്‍ നല്‍കിയതില്‍ തെറ്റില്ലെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കിയത്.
ഉപകരാറുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ എഴുതി നല്‍കിയിട്ടുണ്ട്. സഭയില്‍ മുഖ്യമന്ത്രിക്ക് പ്രതികരിക്കേണ്ടിവരും. വിഷയവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അടിയന്തര പ്രമേയ നോട്ടീസായി കൊണ്ടുവന്നാല്‍ സ്പീക്കര്‍ അനുവദിക്കാനും സാദ്ധ്യത കുറവാണ്. അത് ഭരണ- പ്രതിപക്ഷ വാക്‌പോരിലേക്ക് നീങ്ങാനും മതി.