എസ്.പി.ജി മേധാവി അരുൺ കുമാർ സിൻഹ അന്തരിച്ചു

ന്യൂഡൽഹി : സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) മേധാവിയും 1987ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ അരുൺ കുമാർ സിൻഹ (61) അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായിരുന്നു.

എസ്.പി.ജിയുടെ 12-ാമത് മേധാവിയായി 2016 മാർച്ചിലാണ് ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ സുരക്ഷ അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. കഴിഞ്ഞ മേയിൽ ഒരു വർഷംകൂടി സർവീസ് നീട്ടി.

2009ൽ ബി.എസ്.എഫ് ഐ.ജിയായി ഗുജറാത്തിൽ എത്തിയതോടെയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെട്ടത്. കച്ച് മേഖലയിൽ അതിർത്തി വഴിയുള്ള ആയുധക്കടത്തും ലഹരിക്കടത്തും നുഴഞ്ഞു കയറ്റവും നിയന്ത്രിക്കുന്നതിൽ വിജയിച്ചതോടെ മോദിയുടെ ഗുഡ് ബുക്കിൽ ഇടംപിടിച്ചു. 2014ൽ പ്രധാനമന്ത്രിയായ മോദി 2016ൽ എസ്.പി.ജി ഡയറക്ടറായി അരുൺകുമാറിനെ നിയമിച്ചു.

2014ൽ പൊലീസിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചു. ട്രാഫിക് എ.ഡി.ജി.പിയായിരിക്കെയാണ് എസ്.പി.ജി ഡയറക്ടറായത്. 2017ൽ ഡി.ജി.പി റാങ്ക് ലഭിച്ചു. സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

1989ൽ മാനന്തവാടി അസി. സൂപ്രണ്ടായാണ് തുടക്കം. 92ൽ വയനാട് ജില്ലാ പൊലീസ് സൂപ്രണ്ട്, 95ൽ മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട്, 97ൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ, 2000ൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എന്നീ പദവികൾ വഹിച്ചു.

2001ൽ ഇന്റലിജൻസ് ഡി.ഐ.ജി, 2003ൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി, 2005ൽ ഇന്റലിജൻസ് ഐ.ജി, 2006ൽ സൗത്ത് സോൺ ഐ.ജി എന്നീ പദവികളിലിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News