സതീഷ് കുമാർ വിശാഖപട്ടണം
ഭാരതീയരെ സംബന്ധിച്ചിടത്തോളം കുടുംബം ഒരു ശ്രീകോവിൽ എന്ന സങ്കല്പം നമ്മുടെ സംസ്കൃതിയുടെ ഭാഗമാണ്. വിവാഹം ഒരു പവിത്ര ബന്ധമായാണ് ആർഷഭാരത സംസ്ക്കാരം ഉദ്ഘോഷിക്കുന്നത്.
നിർഭാഗ്യകരമെന്ന് പറയട്ടെ , വാണിയംകുളം ചന്തയിലെ മാടുകച്ചവടം പോലെയാണ് ഇപ്പോഴും നമ്മുടെ നാട്ടിലെ ഭൂരിഭാഗം വിവാഹങ്ങളും നടക്കുന്നത്…
കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു പുരുഷകേസരിയും സംഘവും വീട്ടിലെത്തി പെണ്ണുകാണൽ എന്ന ഓമനപ്പേരിലൂടെ അറിയപ്പെടുന്ന കാപ്പികൂടിയിലൂടെ വിവാഹം എന്ന ഈ ആജീവനാന്ത വ്യവസ്ഥിതി ഉറപ്പിക്കപ്പെടുന്നു…
എണ്ണിക്കൊടുക്കുന്ന പണത്തിന്റേയും സ്വർണ്ണത്തിന്റേയും അളവ് തൂക്കങ്ങൾക്കനുസരിച്ച് വിവാഹം പലപ്പോഴും ഒരു കച്ചവടമായി മാറുന്നുമുണ്ട് …..
ഇവിടെ സ്ത്രീയുടെ മനസ്സിനോ അഭിലാഷങ്ങൾക്കോ ചിന്തകൾക്കോ വികാരങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല.
കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി എന്ന രീതിയിലുള്ള പിന്നീടുള്ള ജീവിതം പൊരുത്തപ്പെടലിന്റേതാണ്…
മനുഷ്യന്റെ ലൈംഗിക അഭിലാഷങ്ങളുടെ സാക്ഷാത്കാരത്തിനും വംശപരമ്പര നിലനിൽക്കാനും സ്വകാര്യസ്വത്തിന്റെ സംരക്ഷണത്തിനും വേണ്ടി സമൂഹം ഏർപ്പെടുത്തിയതാണല്ലോ വിവാഹം എന്ന സമ്പ്രദായം ….
“ലിവിംങ്ങ് ടുഗെതർ ” പോലുള്ള പരീക്ഷണങ്ങൾ ചില വൻ നഗരങ്ങളിൽ ഇപ്പോൾ വ്യാപകമായിട്ടുണ്ടെങ്കിലും
സാമൂഹ്യ നിയമങ്ങളുടേയും സദാചാര സങ്കല്പങ്ങളുടേയും മതിൽക്കെട്ടിനകത്ത് തന്നെയാണ് ഇപ്പോഴും നമ്മുടെ നാട്ടിൽ വിവാഹത്തിനുള്ള സ്ഥാനം…
ഇവിടെ നിലവിലുള്ള പരമ്പരാഗതമായ വിവാഹ ജീവിതത്തിൽ സ്ത്രീയുടെ താല്പര്യങ്ങളും ലൈംഗികതയും പ്രണയവുമെല്ലാം എന്നും ഭർത്താവ് എന്ന ഭരിക്കുന്നവന്റെ ആണധികാരങ്ങളിൽ അധിഷ്ഠിതമായിരുന്നു ….
എന്റെ ഭാര്യ കഥയെഴുതാൻ പാടില്ല , കവിതയെഴുതാൻ പാടില്ല , അഭിനയിക്കാൻ പാടില്ല , പുറത്തു പോകാൻ പാടില്ല , ഞാൻ പറയുന്ന വസ്ത്രം ധരിക്കണം എന്നൊക്കെ പറയുന്ന പുരുഷകേസരികളെ നമ്മൾ സമൂഹത്തിൽ പലപ്പോഴും കണ്ടുമുട്ടാറുണ്ടല്ലോ …..?
കേരളത്തിൽ പണ്ടുകാലത്ത് ഒരു പ്രത്യേക സമുദായത്തിൽ മാത്രം നിലനിന്നിരുന്ന വ്യവസ്ഥിതിയിൽ സ്ത്രീകൾക്ക് സ്വത്തവകാശവും ലൈംഗികസ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിരുന്നു. അപൂർവ്വം ഗോത്രസമൂഹങ്ങളും പടിഞ്ഞാറൻ രാജ്യങ്ങളുമൊക്കെ ലൈംഗികതയുടെ കാര്യത്തിൽ തുറന്ന സമീപനം സ്വീകരിക്കുന്നുണ്ടെന്നുള്ളത് ശരി തന്നെ…
ഭക്ഷണത്തിലും വസ്ത്രത്തിലുമൊക്കെ പുതുമയും വ്യത്യസ്തതയും ആഗ്രഹിക്കുന്ന മനുഷ്യൻ ലൈംഗികതയിൽ മാത്രം ആ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല. എന്നാൽ മനുഷ്യ മനസ്സിന്റെ കാമനകൾ സമൂഹം കല്പിക്കുന്ന എല്ലാ സദാചാരനിയമങ്ങളേയും ലംഘിച്ചു കൊണ്ട് മാന്ത്രികക്കുതിരകളെ പോലെ പറന്നുയരുന്ന കാഴ്ചകൾ എക്കാലത്തും സുലഭമായിരുന്നു … അത് പ്രകൃതി ആവശ്യപ്പെടുന്ന ഒരു ജൈവപ്രതിഭാസമായിരിക്കാം .
” ഒരു ചെയ്ഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത് “
എന്ന പുതിയ മുദ്രാവാക്യം ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കൊടിയടയാളമായിട്ടാണ് പലരും
മനസ്സിൽ സൂക്ഷിക്കുന്നത് …..
വിവാഹബാഹ്യബന്ധങ്ങളെക്കുറിച്ച് അടുത്തിടെ ഉണ്ടായ സുപ്രീം കോടതി വിധിയും ലൈംഗിതകതയുടെ ഈ പുതിയ കാഴ്ചപാടുകളെ മന:ശാസ്ത്രപരമായി വിലയിരുത്തുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ നാട്ടിലെ പ്രണയവും ലൈംഗികതയുമെല്ലാം വ്യക്തിതാല്പര്യത്തേക്കാൾ മതങ്ങളുടേയും
യാഥാസ്ഥിതികതയുടേയും ഇരുമ്പുമറയ്ക്കുള്ളിൽ ഇപ്പോഴും വീർപ്പുമുട്ടിക്കൊണ്ടിരിക്കുന് നതിന്റെ ഏറ്റവും നല്ല തെളിവായിരുന്നല്ലോ മാധവിക്കുട്ടി എന്ന എഴുത്തുകാരിയോട് കേരള സമൂഹം കൈക്കൊണ്ട നിലപാടുകൾ…
അര നൂറ്റാണ്ടിനു മുമ്പുതന്നെ മലയാള ചലച്ചിത്രവേദിയിൽ സ്ത്രീയുടെ പ്രണയത്തേയും ലൈംഗിക സ്വാതന്ത്ര്യത്തേയും പറ്റി സിനിമയിലൂടെ ഇത്തരം ഒരു വിവാദം ചർച്ച ചെയ്യപ്പെടുകയുണ്ടായി ….
1968-ൽ പുറത്തിറങ്ങിയ “ഭാര്യമാർ സൂക്ഷിക്കുക ” എന്ന മലയാള ചലച്ചിത്രത്തിന്റെ പേരും ഇതിവൃത്തവും അക്കാലത്ത് വലിയ വാർത്താപ്രാധാന്യം നേടിയെടുത്തത് ചില വായനക്കാരെങ്കിലും ഓർക്കുന്നുണ്ടായിരിക്കുമല്ലോ… . ?
ജയമാരുതിക്ക് വേണ്ടി ടി. ഇ.വാസുദേവൻ നിർമ്മിച്ച ആ പ്രശസ്ത ചിത്രം വിവാഹിതയായ ഒരു സ്ത്രീക്ക് തൻ്റെ സ്വപ്നസങ്കൽപത്തിലുള്ള മറ്റൊരു പുരുഷനോട് തോന്നിയ പ്രണയാഭിനിവേശത്തെ ആസ്പദമാക്കിയതുകൊണ്ടാണ് അന്ന് ഈ സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടത്…..
“ഭാര്യമാർ സൂക്ഷിക്കുക ” എന്ന പേരിൽ നിന്നുതന്നെ വിവാഹ ജീവിതത്തിന്റെ പവിത്രതയെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ പ്രേംനസീർ , ഷീല, ഉമ്മർ ,അടൂർ ഭാസി എന്നിവർ പ്രധാന റോളുകളിൽ അഭിനയിച്ചു . ഭർതൃമതിയായിരിക്കേ മറ്റൊരു പുരുഷനോട് പ്രണയാഭിനിവേശം പുലർത്തുന്ന ലാസ്യലാവണ്യവതിയായ ഈ കഥാപാത്രത്തെ ഷീല അതിമനോഹരമായി അവതരിപ്പിച്ചു എന്നുള്ളതും എടുത്തുപറയേണ്ടതാണ്.
വി. ദേവന്റെ കഥക്ക് എസ്.എൽ.പുരം സദാനന്ദൻ തിരക്കഥയെഴുതി. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ദക്ഷിണാമൂർത്തി സംഗീതം പകർന്നു. ശ്രീകുമാരൻ തമ്പി ദക്ഷിണാമൂർത്തി ടീം നിലവിൽ വരുന്നത് തന്നെ ഈ ചിത്രത്തിന്റെ വൻവിജയത്തോടു കൂടിയായിരുന്നു ….
“വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു ….. (യേശുദാസ് , ജാനകി )
” ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെൻ ജീവരാഗം…. ( യേശുദാസ് , പി ലീല , എ.എം.രാജ )
https://www.youtube.com/watch?v=7D9x5MqAzwQ
” മരുഭൂമിയിൽ മലർ വിരിയുകയോ ….. (ജയചന്ദ്രൻ )
” “മാപ്പ് തരൂ മാപ്പ് തരൂ ….. (പി.ലീല )
“ആകാശം ഭൂമിയെ വിളിക്കുന്നു ….. ( യേശുദാസ് ) എന്നിവയായിരുന്നു ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ.
1968 ഡിസംബർ 19 ന് റിലീസ് ചെയ്ത “ഭാര്യമാർ സൂക്ഷിക്കുക “എന്ന ചിത്രം ഇന്ന് അമ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്നു ….
അരനൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞിട്ടും ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ശോഭ കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല കൂടിക്കൂടി വരുന്നതായി തോന്നുന്നു …
——————————————————————————-
( സതീഷ് കുമാർ: 9030758774 )
—————————————————————————-
Post Views: 176