March 13, 2025 5:39 pm

ക്രിസ്തുമസ്സ് പുഷ്പം വിടർന്നു …

സതീഷ് കുമാർ വിശാഖപട്ടണം 

The Jesus Film (1979) - IMDb

                                                                                                   ഹാപ്പി ക്രിസ്തുമസ് ...

 

ലോകം മുഴുവൻ ഇന്ന് ദൈവപുത്രന്റെ ജനനം ആഘോഷിക്കുകയാണ്.

“നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക ” എന്ന മഹത്തായ സന്ദേശം ലോകത്തിനു നൽകിയ യരുശലേമിലെ സ്വർഗ്ഗദൂതന്റെ  ജന്മഭൂമി  ഈ ആഘോഷ വേളയിൽ യുദ്ധഭൂമിയായി മാറിയിരിക്കുന്നു….

കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി പശ്ചിമേഷ്യ അക്ഷരാർത്ഥത്തിൽ കത്തിയെരിയുകയാണ്….

 ഹമാസ് ഇസ്രായേലിൽ നടത്തിയ കിരാതമായ ആക്രമണവും തുടർന്ന് ഇസ്രായേലിന്റെ ഉരുക്കുമുഷ്ടികൾ ഗാസക്ക് നേരെ നടത്തിയ  തിരിച്ചടികളും യേശുദേവന്റെ ജന്മം കൊണ്ട് പവിത്രമായ മണ്ണിലെ നിരപരാധികളായ   ലക്ഷക്കണക്കിന് മനുഷ്യരെ തീർത്താൽ തീരാത്ത ദുരിതക്കയങ്ങളിലേക്ക് തള്ളിയിട്ടിരിക്കുന്നു ….

  ശരീരം മുഴുവൻ പരിക്കുപറ്റി ചോരയൊലിപ്പിച്ച് ജീവനു വേണ്ടി കേഴുന്ന ഗാസയിലെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ ഒരുപക്ഷേ മതമോ തീവ്രവാദമോ ഒന്നും ഉണ്ടായിരിക്കില്ല …

 യുദ്ധത്തിന്റെ  ദുരന്തം ഏറ്റുവാങ്ങി ജീവച്ഛവങ്ങളായ മനുഷ്യർ…. അലമുറയിട്ട് കരയുന്ന സ്ത്രീകളും കുട്ടികളും ….വെള്ളവും വെളിച്ചവും ഇല്ലാതെ കൂടും വീടും നഷ്ടപ്പെട്ട് തെരുവിൽ കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ കണ്ണീർക്കഥകൾ ഏതൊരു മനുഷ്യഹൃദയത്തെയും വേദനിപ്പിക്കും ….

എവിടെ നോക്കിയാലും  യുദ്ധത്തിന്റെ  ഭീകരക്കാഴ്ചകൾ മാത്രം …

 ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ള വഴക്കും വക്കാണവും  യുദ്ധങ്ങളുമെല്ലാം മണ്ണിനും പെണ്ണിനും വേണ്ടിയായിരുന്നു ….

ഇവിടെ മണ്ണിനോടൊപ്പം മനുഷ്യൻ സൃഷ്ടിച്ച മതങ്ങളുടെ  കടുത്ത ചായക്കൂട്ടുകൾ  കൂടി ചേരുമ്പോൾ പ്രശ്നം ഒന്നുകൂടി രൂക്ഷമാവുകയാണ് ..ആയിരക്കണക്കിന് വർഷങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുന്ന പശ്ചിമേഷ്യൻ പ്രശ്നങ്ങളിലെ തെറ്റും ശരിയിലേക്കും ഈ ലേഖകൻ കടക്കുന്നില്ല …

അതിനേക്കാളും എന്നെ വേദനിപ്പിക്കുന്നത് അവിടെ മരിച്ചുവീഴുന്ന സാധാരണക്കാരായ ജനങ്ങളുടെ ദുരവസ്ഥയാണ് ….

ഈ ദുരന്തഭൂമിയുടെ രോദനം അലയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും സ്നേഹത്തിന്റെ , ത്യാഗത്തിന്റെ , സന്തോഷത്തിന്റെ ഒരു ക്രിസ്തുമസ്സ് വീണ്ടും ആഗതമായിരിക്കുന്നത് …

 ക്രിസ്തുമസ്സിനെ കുറിച്ച് ഓർക്കുമ്പോഴെല്ലാം  വർഷങ്ങൾക്കു മുമ്പ് ശ്രീകുമാരൻതമ്പി “ജീസസ്സ് ” എന്ന ചിത്രത്തിനു വേണ്ടി എഴുതിയ വളരെ പ്രശസ്തമായ ഒരു ഗാനം ഓർമ്മയിലേക്ക് ഓടിയെത്താറുണ്ട് …

Jesus Full Movie Online in HD in Malayalam on Hotstar UK

ആ ഗാനത്തിൽ ക്രിസ്തുമസ്സിന്റെ മഹത്വം മുഴുവൻ അദ്ദേഹം ഉദ്ഘോഷിക്കുന്നു …

 ഗാനം ഒന്നു കേട്ടു നോക്കാം…

https://youtu.be/Hm476FHoRaM?t=27

“അത്യുന്നതങ്ങളിൽ 

വാഴ്ത്തപ്പെടും

അവിടുത്തെ തിരുനാമം 

 സന്മനസ്സുള്ള മനുഷ്യർക്കും 

ഭൂമിയിൽ ഇനിമേൽ സമാധാനം

 ദിവ്യനക്ഷത്രമുദിച്ചു 

ദീപപ്രഭോജ്ജ്വലധാരയിൽ കോരിത്തരിച്ചു

 സത്യമായ്  ശാന്തിയായ് 

ത്യാഗമായ് ഈ 

മണ്ണിൻ മടിയിൽ …

രാജാവിൻ രാജാവെഴുന്നെള്ളുന്നു ദേവന്റെ ദേവൻ എഴുന്നെള്ളുന്നു 

മലർ വീഥിയൊരുക്കി മാലാഖമാർ 

പുൽമെത്ത വിരിച്ചു ഇടയന്മാർ കന്യാമറിയത്തിൻ പുണ്യപുഷ്പം 

കൈവല്യരൂപനായ്  അവതരിച്ചു കാലിത്തൊഴുത്തിലെ

കൂരിരുട്ടിൽ  കാലത്തിൻ 

സ്വപ്നം തിളങ്ങിയല്ലോ 

അല്ലേലൂയ്യ അല്ലേലൂയ്യ അല്ലേലൂയ്യ…

 കിഴക്കു നിന്നെത്തിയ രാജാക്കന്മാർ 

കുഞ്ഞിളം പാദങ്ങൾ 

തൊഴുതു നിന്നു 

കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു 

മീറയും സ്വർണ്ണവും കൊണ്ടുവന്നു …

അല്ലേലൂയ്യ അല്ലേലൂയ്യ

അല്ലേലൂയ്യ…

യേശുവിന്റെ  ജനനവും ജീവിതവും എത്രയോ സിനിമകളിൽ എത്രയോ ഗാനങ്ങളിൽ മനോഹരമായി  ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു …

 ഇന്ന് ഈ ക്രിസ്തുമസ് ദിനത്തിൽ അവയെ ചിലതെങ്കിലും പാട്ടോർമ്മകളിലൂടെ ഓർമ്മിച്ചെടുക്കട്ടെ …

.“ക്രിസ്തുമസ് പുഷ്പം വിടർന്നു …

( ചിത്രം ഉല്ലാസയാത്ര ….രചന ശ്രീകുമാരൻ തമ്പി – സംഗീതം എം.എസ്. വിശ്വനാഥൻ , ആലാപനം യേശുദാസ്)

ദൈവപുത്രനു വീഥിയൊരുക്കുവാൻ സ്നാപക യോഹന്നാൻ വന്നു …. 

( ചിത്രം അരനാഴികനേരം -രചന വയലാർ -സംഗീതം ദേവരാജൻ -ആലാപനം  പി സുശീല )

“നീയെന്റെ പ്രാർത്ഥന കേട്ടു  നീയെന്റെ മാനസം കണ്ടു ….

 (ചിത്രം കാറ്റു വിതച്ചവൻ -ഗാനരചന പൂവച്ചൽ ഖാദർ -സംഗീതം പീറ്റർ റൂബൻ – ആലാപനം മേരി ഷൈല )

യരുശലേമിലെ സ്വർഗ്ഗദൂതാ 

യേശുനാഥാ….

(ചിത്രം ചുക്ക് – രചന വയലാർ -സംഗീതം ദേവരാജൻ -പാടിയത് സുശീല , ജയചന്ദ്രൻ )

“ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ …

 (ചിത്രം നാടൻപെണ്ണ് – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം പി സുശീല )

“ബാവായ്ക്കും പുത്രനും 

പരിശുദ്ധ റൂഹായ്ക്കും …

  (ചിത്രം മകനേ നിനക്ക് വേണ്ടി – രചന വയലാർ -സംഗീതം ദേവരാജൻ -ആലാപനം സുശീല , രേണുക )

“യേശുനായകാ ദേവാ സ്നേഹഗായകാ …

( ചിത്രം തങ്കക്കുടം,  ആലാപനം  പി സുശീല , കമുകറ പുരുഷോത്തമൻ ) 

“നിത്യ വിശുദ്ധയാം കന്യാമറിയമേ …..

( ചിത്രം നദി -രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )

“സത്യനായകാ മുക്തിദായകാ ….

(ചിത്രം ജീവിതം ഒരു ഗാനം –

രചന ശ്രീകുമാരൻ തമ്പി -സംഗീതം എം എസ് വിശ്വനാഥൻ – ആലാപനം യേശുദാസ്)

“ദുഃഖിതരെ  പീഡിതരെ 

നിങ്ങൾകൂടെ വരൂ …..

( ചിത്രം തോമാശ്ലീഹ , ഗാനരചന വയലാർ -സംഗീതം സലിൽ ചൗധരി -പാടിയത് യേശുദാസ് )

ഇങ്ങനെ യേശുവിന്റെ മഹത്വം പ്രകീർത്തിക്കുന്ന വളരെയധികം ഗാനങ്ങൾ മലയാളത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. ഈ ഗാനങ്ങളുടെ വിശുദ്ധിയിൽ അതിന്റെ ദിവ്യമായ സംഗീതത്താൽ ആ ഗാനങ്ങൾ കേൾക്കുമ്പോഴുണ്ടാകുന്ന ആത്മ നിർവൃതിയിൽ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ക്രിസ്സ്മസ്സ് ആശംസിക്കുന്നു….

അതോടൊപ്പം വയലാർ രാമവർമ്മ എഴുതി ദേവരാജൻ സംഗീതം പകർന്ന് “ചുക്ക് ” എന്ന ചിത്രത്തിൽ യേശുദാസും സംഘവും പാടിയ ആ മനോഹരമായ ഗാനത്തിന്റെ  ഈരടികൾ  ക്രിസ്മസ് ദിനത്തിൽ ഞാൻ ഒന്നുകൂടി ഓർത്തു പോവുകയാണ് …..

“യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാ

എന്നുവരും വീണ്ടും എന്നുവരും

എന്റെ മെഴുകുവിളക്കിന്‍ മുൻപില്‍

എന്നുവരും ദൈവപുത്രാ

യരുശലേമിലെ സ്വര്‍ഗ്ഗദൂതാ …..”

https://youtu.be/7Se8sP3k_f4?t=7

 

Yarushalemile - Chukku (1973) - P Suseela - P Jayachandran - Vayalar - G Devarajan (vkhm) - YouTube

——————————————————–

 (സതീഷ് കുമാർ  :  9030758774)

——————————————————-

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News